ഹുറാകാന്‍ ടെക്നിക്ക ഇന്ത്യന്‍ വിപണിയില്‍; വില 4.04 കോടി
2022 ഏപ്രിലില്‍ ആഗോള വിപണിയിലെത്തിയ ഹുറാകാന്‍ ടെക്നിക്കയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ലംബോര്‍ഗിനി. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന മൂന്നാമത്തെ ഹുറാകാന്‍ മോഡലായ ടെക്‌നിക്കയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ഹുറാകാന്‍ ഇവിഒയ്ക്കും ട്രാക്ക് ഫോക്കസ് ചെയ്ത ഹുറാകാന്‍ STO യ്ക്കും ഇടയിലാണ് സ്ഥാനം. 4.04 കോടി രൂപയാണ് ഇന്ത്യയിലെ വാഹനത്തിന്റെ എക്‌സ് ഷോറും വില.
ഹുറാകാന്‍ ഇവിഒയില്‍ നിന്ന് വ്യത്യസ്തമായ ഡിഫ്യൂസര്‍, 35ശതമാനം കൂടുതല്‍ ഡൗണ്‍ഫോഴ്സ് വാഗ്ദാനം ചെയ്യുന്ന ഫിക്‌സഡ് റിയര്‍ സ്പോയിലര്‍ എന്നിവ വാഹനത്തിന് നല്‍കിയിട്ടുണ്ട്
ഹൈബ്രിഡ് ഹൈപ്പര്‍കാറായ സിയാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈന്‍ രീതികളാണ് വാഹനത്തിന്റേത്. പവര്‍ ടു വെയ്റ്റ് റേഷ്യോയില്‍ കാര്യമായ മാറ്റം വരുത്താന്‍ കാര്‍ബണ്‍-ഫൈബര്‍ ബോണറ്റ് ഉള്‍പ്പടെ നിരവധി ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനത്തില്‍ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ടെക്നിക്കയുടെ ഡിസൈന്‍ അതേപടി പകര്‍ത്തിയിട്ടുണ്ട്. പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കാനായി സ്റ്റാന്‍ഡേര്‍ഡ് ഹുറാകാന്‍ ഇവിഒയില്‍ നിന്ന് വ്യത്യസ്തമായ ഡിഫ്യൂസര്‍, 35ശതമാനം കൂടുതല്‍ ഡൗണ്‍ഫോഴ്സ് വാഗ്ദാനം ചെയ്യുന്ന ഫിക്‌സഡ് റിയര്‍ സ്പോയിലര്‍ എന്നിവ വാഹനത്തിന് നല്‍കിയിട്ടുണ്ട്. പക്ഷേ ഹുറാകാന്‍ STOയിലുള്ള വൈല്‍ഡ് എയറോഡൈനാമിക്സ് പാക്കേജ്, ക്ലാംഷെല്‍ ബോഡി വര്‍ക്ക് എന്നിവ ടെക്നിക്കയ്ക്ക് നല്‍കിയിട്ടില്ല.
പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിച്ചുകയറാന്‍ 3.2 സെക്കന്‍ഡ് മാത്രം മതി ഹുറാകാന്‍ ടെക്‌നിക്കയ്ക്ക്
പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ലംബോര്‍ഗിനി ഒരിക്കലും പിന്നോട്ട് പോകാറില്ല. 7സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ചേര്‍ത്തിരിക്കുന്ന 5.2ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് V10 എന്‍ജിന്‍ 640HP കരുത്താണ് വാഹനത്തിന് പകരുന്നത്. പിന്‍-വീല്‍ ഡ്രൈവ് സംവിധാനവും കാര്‍ബണ്‍ സെറാമിക് ബ്രേക്കുകളും സ്റ്റാന്‍ഡേര്‍ഡായി ലംബോര്‍ഗിനി ഹുറാകാന്‍ ടെക്‌നിക്കയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിച്ചുകയറാന്‍ 3.2 സെക്കന്‍ഡ് മാത്രം മതി ഹുറാകാന്‍ ടെക്‌നിക്കയ്ക്ക്. 9.1 സെക്കന്‍ഡില്‍ 200KMPH വേഗം കൈവരിക്കുന്ന ടെക്‌നിക്കയുടെ ഉയര്‍ന്ന വേഗം 325kmph ആണ്.
ഇന്ത്യയില്‍ മക്ലാരന്‍ 720S, ഫെരാരി F8 ട്രിബ്യൂട്ടോ, പോര്‍ഷെ 911 GT3 RS എന്നിവരോടാകും ഹുറാകാന്‍ ടെക്‌നിക്ക ഏറ്റുമുട്ടുക. ഇന്ത്യയില്‍ ലംബോര്‍ഗിനിയുടെ പെര്‍ഫോമന്‍സ് കാറുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. അടുത്തിടെ ലംബോര്‍ഗിനിയുടെ പെര്‍ഫോമന്‍സ് എസ്‌യുവി ഉറുസ് എസ്‍യുവി ഇന്ത്യയില്‍ 200യൂണിറ്റ് വില്‍പ്പന പൂര്‍ത്തിയാക്കുകയും, ലംബോര്‍ഗിനി അവന്റഡോര്‍ അള്‍ട്ടിമയുടെ അള്‍ട്രാ-ലിമിറ്റഡ് എഡിഷന്റെ ഒരു യൂണിറ്റ് ഇന്ത്യയ്ക്ക് വേണ്ടി കമ്പനി അനുവദിക്കുകയും ചെയ്തിരുന്നു.