1.30 കോടിയുണ്ടോ, വാങ്ങാം ഈ എസ്‍യുവി; ലാൻഡ് റോവർ ഡിഫൻഡർ 130 ഇന്ത്യയിൽ അവതരിപ്പിച്ചു
വാഹനപ്രേമികളുടെ എക്കാലത്തെയും സ്വപ്ന വാഹനങ്ങളിലൊന്നാണ് ലാൻഡ് റോവറിന്റെ എസ്‍യുവികൾ. ഏറ്റവും മികച്ച സേഫ്റ്റിയും എവിടെയും കയറിചെല്ലാനുള്ള കഴിവുമാണ് ലാൻഡ് റോവർ എസ്‍യുവികൾക്ക് വാഹന പ്രേമികൾക്കിടയിൽ പ്രീതി നേടിക്കൊടുത്തത്. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഡിഫൻഡർ 130 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 1.30 കോടി രൂപയാണ് വില. എട്ട് സീറ്റുകളുള്ള പുതിയ ഡിഫെൻഡർ 130 HSE, X വേരിയന്റുകളിൽ ലഭ്യമാകും.
നിലവിൽ വിപണിയിലുള്ള ഡിഫെൻഡർ 110നെ അപേക്ഷിച്ച് വാഹനത്തിന്റെ നീളത്തിലാണ് കാര്യമായ മാറ്റമുണ്ടായിരിക്കുന്നത്. ഡിഫൻഡർ ശ്രേണിയിലെ ഏറ്റവും നീളമേറിയ എസ്‌യുവിക്ക് 5.3 മീറ്റർ നീളമാണുള്ളത്. ഒന്നാം നിരയിൽ രണ്ടും രണ്ടാം നിരയിലും മൂന്നാം നിരയിലും മൂന്ന് എന്നിങ്ങനെയാണ് സീറ്റുകളുടെ ക്രമീകരണം.
ദീർഘദൂര യാത്രകൾക്കായുളള ക്രമീകരണങ്ങളും പുതിയ സീരിയസിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾ മടക്കിയാൽ 2291 ലിറ്റർ ലഗേജ് സ്പെയ്സ് കണ്ടെത്താം. വേരിയന്റ് തിരിച്ചുള്ള വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ ഡിഫെൻഡർ 130 പെട്രോൾ എച്ച്എസ്ഇ പതിപ്പിന് 1.30 കോടി രൂപ, ഡിഫൻഡർ 130 പെട്രോൾ എക്സ് മോഡലിന് 1.41 കോടി രൂപയും മുടക്കേണ്ടി വരും. അതേസമയം, ഡിഫൻഡർ 130 ഡീസൽ എച്ച്എസ്ഇ വേരിയന്റിന് 1.30 കോടി രൂപയും ഡിഫൻഡർ 130 ഡീസൽ എക്സിന് 1.41 കോടി രൂപയുമാണ് ഇന്ത്യൻ വിപണിയിലെ എക്സ്ഷോറൂം വില വരുന്നത്.
മെട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്മോക്ക്ഡ് ടെയിൽ ലൈറ്റുകൾ, 20 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പൂർണ വലിപ്പമുള്ള സ്പെയർ വീൽ എന്നിവയാണ് ഡിസൈനിലെ പ്രധാന സവിശേഷതകൾ. കൂടാതെ, ഇന്റീരിയറിലേക്ക് നോക്കിയാൽ പനോരമിക് സൺറൂഫ്, കീലെസ് എൻട്രി, 11.4 ഇഞ്ച് പി വി പ്രോ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളാൽ ലാൻഡ് റോവർ ഡിഫൻഡർ 130 സമ്പന്നമാണ്. ഇതിന് പുറമെ ഒരു ക്യാബിൻ എയർ പ്യൂരിഫയറും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.
പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 130 മോഡൽ 3.0 ലിറ്റർ, ആറ് സിലിണ്ടർ, പെട്രോൾ, ഡീസൽ എഞ്ചിനുകളോടെയാണ് വിപണിയിലെത്തുന്നത്. ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ, സറൗണ്ട് വ്യൂ ക്യാമറ, മെറിഡിയൻ സോഴ്‌സ് മ്യൂസിക് സിസ്റ്റം, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, ആംറെസ്റ്റോടുകൂടിയ സെന്റർ കൺസോൾ, മെമ്മറി, ഹീറ്റിങ്, കൂളിങ് ഫങ്ഷനുകൾ എന്നിവയുള്ള 14-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ തുടങ്ങിയ സവിശേഷതകളും പുത്തൻ ഡിഫൻഡർ 130 വേരിയന്റിൽ ബ്രിട്ടീഷ് വാഹന നിർമാതാക്കൾ സജ്ജീകരിച്ചിട്ടുണ്ട്.
എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിനെല്ലാം ജോടിയാക്കിയിരിക്കുന്നത്. നിലവിൽ ലക്ഷ്വറി വിഭാഗത്തിലുളള ലാൻഡ് റോവർ മോഡലുകൾക്ക് ധാരാളം ഉപഭോക്താക്കളുണ്ട്. സിനിമാ താരങ്ങളുൾപ്പടെയുള്ളയുള്ള സെലിബ്രിറ്റികളാണ് വാഹനത്തിന്റെ പ്രധാന ആവശ്യക്കാർ.