മഹീന്ദ്ര XUV400
മഹീന്ദ്ര XUV400

ടാറ്റാ നെക്സോണ്‍ ഇവിയുടെ എതിരാളി;ഇലക്ട്രിക് XUV400 അവതരിപ്പിച്ച് മഹീന്ദ്ര

50 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാവുന്ന എസ്‌യുവി 8.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കും
Updated on
2 min read

വില്‍പ്പന ചാര്‍ട്ടുകളും ഇന്ത്യന്‍ നിരത്തും അടക്കിവാഴുന്ന ടാറ്റയുടെ ഇലക്ട്രിക് എസ്യുവി നെക്‌സോണിന്റെ കുതിപ്പിന് തടയിടാന്‍ ഒരുങ്ങി മഹീന്ദ്ര. 456കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചുള്ള ഇലക്ട്രിക് XUV400നെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു.

പേരുപോലെ തന്നെ ഡിസൈന്റെ കാര്യത്തിലും XUV300യുമായി സാമ്യതകളേറെയാണ് പുതിയ XUV400ക്ക്. ക്ലോസ്ഡ് ഗ്രില്ലിന്റെ മധ്യഭാഗത്തായി മഹീന്ദ്രയുടെ പുതിയ 'ട്വിന്‍ പീക്ക്‌സ്' ലോഗോ നല്‍കിയിരിക്കുന്നു. XUV300ടേതിനു സമാനമായ ഹെഡ്ലൈറ്റും എല്‍ഇഡി ഡിആര്‍എലുകളും മുന്‍വശത്ത് എടുത്തുനില്‍ക്കുന്നു.

മുന്‍ ഗ്രില്ലിനു സമാനമായ പാറ്റേണ്‍ ടെയില്‍ ലാമ്പിലും കാണാം. ഒതുക്കമുള്ളതും കരുത്തുറ്റതുമായ പിന്‍വശം വാഹനത്തിന് സമ്മാനിക്കാന്‍ പിന്‍ ബംപര്‍ സഹായിക്കുന്നു. ടെയില്‍ ഗേറ്റില്‍ XUV400 എന്ന് കൊത്തിവെച്ചിരിക്കുന്നു. പക്ഷേ ഷാര്‍ക്ക് ഫിന്‍ ആന്റിന വാഹനത്തിനു നല്‍കിയിട്ടില്ല. 16 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈന്‍ മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു. കാഴ്ചയില്‍ അടുത്ത സാമ്യമുണ്ടെങ്കിലും XUV300യെക്കാള്‍ 205 മില്ലീമീറ്റര്‍ നീളക്കൂടുതലുണ്ട് പുത്തന്‍ ഇവിക്ക്.

മഹീന്ദ്ര XUV400
മഹീന്ദ്ര XUV400

ഫണ്‍, ഫാസ്റ്റ്, ഫിയര്‍ലെസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ വാഹനത്തിനു നല്‍കിയിട്ടുണ്ട്. സ്റ്റിയറിംഗ് നിയന്ത്രണം, ത്രോട്ടില്‍ റെസ്‌പോണ്‍സ്, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയില്‍ കാര്യമായ മാറ്റം ഓരോ മോഡുകളിലും പ്രകടമാകും. സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി, OTA സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍, മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകള്‍ എന്നിവയ്‌ക്കൊപ്പം 60+ ക്ലാസ് ലീഡിംഗ് കണക്റ്റിവിറ്റി ഫംഗ്ഷനുകളുള്ള ബ്ലൂസെന്‍സ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനും കമ്പനി നല്‍കിയിട്ടുണ്ട്.

4200 എംഎം നീളമുള്ള ഈ ഓള്‍-ഇലക്ട്രിക് എസ്യുവി സെഗ്മെന്റിലെ ഏറ്റവും വീതിയേറിയതും,ഉയര്‍ന്ന വീല്‍ബെയ്‌സും ഉള്ള വാഹനമാണ്. 1821 മില്ലീമീറ്റര്‍ വീതിയും 2600 മില്ലീമീറ്റര്‍ വീല്‍ബെയ്‌സുമാണ് വാഹനത്തിനുള്ളത്. 378 ലിറ്ററാണ് ബൂട്ട് കപ്പാസിറ്റി.

8.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് വാഹനം കുതിച്ചുകയറും

XUV400-ല്‍ IP67 സര്‍ട്ടിഫൈഡ് വാട്ടര്‍പ്രൂഫ് & ഡസ്റ്റ്പ്രൂഫ് ആയ 39.4 kWh ബാറ്ററി പാക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ടാറ്റ നെക്സോണ്‍ ഇവി മാക്സ് 143 ബിഎച്ച്പി കരുത്തും 250nm ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ XUV400 147.5 bhp കരുത്തും സെഗ്മെന്റിലെ മികച്ച 310 Nm ടോര്‍ക്കും നല്‍കുന്നു. ഒറ്റ ചാര്‍ജില്‍ 456 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചുണ്ട്.

പെര്‍ഫോമന്‍സിന്റെ കാര്യത്തിലും നെക്സോണിനെക്കാള്‍ ഒരുപടി മുന്നിലാണ് മഹീന്ദ്രയുടെ പുതിയ അവതാരം. 8.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിച്ചുകയറും XUV400.150 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.

വീടുകളില്‍ ഉപയോഗിക്കുന്ന സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 13 മണിക്കൂര്‍ എടുക്കുമെങ്കിലും DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ ബാറ്ററി 0-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും.

ആര്‍ട്ടിക് ബ്ലൂ, എവറസ്റ്റ് വൈറ്റ്, ഗാലക്‌സി ഗ്രേ, നാപ്പോളി ബ്ലാക്ക്, സാറ്റിന്‍ കോപ്പര്‍ ഡ്യുവല്‍ ടോണ്‍ റൂഫ് ഓപ്ഷനോടുകൂടിയ ഇന്‍ഫിനിറ്റി ബ്ലൂ എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ മഹീന്ദ്ര XUV400 ലഭ്യമാകും

മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ, പൂനെ, അഹമ്മദാബാദ്, ഗോവ, ജയ്പൂര്‍, സൂറത്ത്, നാഗ്പൂര്‍, തിരുവനന്തപുരം, നാസിക്, ചണ്ഡിഗഡ്, കൊച്ചി എന്നീ 16 നഗരങ്ങളില്‍ ആദ്യ ഘട്ടത്തില്‍ ടെസ്റ്റ് ഡ്രൈവ് ലഭ്യമാക്കും. 2023 ജനുവരിയിലാകും വാഹനത്തിന്റെ വില പ്രഖ്യാപിക്കുക.

logo
The Fourth
www.thefourthnews.in