കാത്തിരിപ്പിന് വിരാമം; ഥാറിന്റെ ഫൈവ് ഡോര്‍ മോഡല്‍ 2024-ല്‍
വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മഹീന്ദ്ര ഥാറിന്റെ ഫൈവ് ഡോര്‍ മോഡല്‍ ഓഗസ്റ്റ് 15ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പ്രധാന വിപണിയായി മാറിയ ദക്ഷിണാഫ്രിക്കയിലാണ് വാഹനം ആദ്യം അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ആരാധകര്‍ക്ക് പക്ഷേ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. ഈ മോഡലിന്റെ ദേശീയ അരങ്ങേറ്റം 2024-ലായിരിക്കും. ഥാർ 3-ഡോർ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഓഫ്-റോഡ് വാഹനമാണ്. അതിലും കരുത്തുറ്റ ബോഡി ബിൽഡുള്ള ഥാർ 5-ഡോർ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
നിരത്തുകള്‍ കീഴടക്കി മുന്നേറുന്ന മാരുതി സുസൂക്കി ജിംനി 5-ഡോറിന് കടന്ന വെല്ലുവിളിയാകും ഥാറിന്റെ പുതിയ മോഡല്‍ എന്നാണ് കരുതുന്നത്. ജിംനി 5-ഡോറിനെക്കാൾ വലുതായിരിക്കുമെന്നാണ് റിപ്പോർട്ട്. വാഹനത്തിൽ സിങ്കിൾ പെയ്ന്‍ ഇലക്ട്രിക് സൺറൂഫ് സജ്ജീകരിച്ചിട്ടുണ്ടെന്നാണ് സ്പൈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കൂടാതെ നീളമുള്ള വീൽബേസുമാണ് പഴയ ഥാറിൽ നിന്നും വാഹനത്തെ വ്യത്യസ്തമാക്കുന്നത്. മറ്റ് സവിശേഷതകൾ നിലവിലെ ഥാറിലേത് പോലെ തന്നെ തുടരും.
നിലവിലെ ഥാറിന്റെ അതേ 2L ടർബോചാർജ്ഡ് പെട്രോളും 2.2L ഡീസൽ പവർട്രെയിനുമാണ് പുതിയ ഥാറിലുമുള്ളത്. രണ്ട് എഞ്ചിനുകളും ഓട്ടോമാറ്റിക്-മാനുവല്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സെന്റര്‍ കൺസോളിൽ പെട്രോൾ, ഡീസൽ എഞ്ചിനുകളുള്ള 4X2 ലിവർ ഉണ്ടായിരിക്കുമെന്ന് മുൻപ് പുറത്തിറങ്ങിയ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു.
നിലവിൽ 10.54 ലക്ഷം മുതൽ 16.77 ലക്ഷം രൂപ വരെയാണ് ഥാർ 3-ഡോറിന്റെ എക്‌സ്‌ഷോറൂം വില. ഇതിലും കൂടുതലായിരിക്കും 5-ഡോർ ഥാറിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.