വാഹനപ്രേമികളുടെ മനം കവരാന്‍ ഥാര്‍ ഫൈവ് ഡോര്‍ എത്തി; വില 12.99 ലക്ഷം മുതല്‍

വാഹനപ്രേമികളുടെ മനം കവരാന്‍ ഥാര്‍ ഫൈവ് ഡോര്‍ എത്തി; വില 12.99 ലക്ഷം മുതല്‍

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എട്ട് വേരിയന്റുകളിലായാണ് വാഹനം എത്തിയിരിക്കുന്നത്.
Updated on
1 min read

വാഹനപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന ഓഫ്‌റോഡ് വാഹനങ്ങളില്‍ ഒന്നാണ് മഹീന്ദ്രയുടെ ഥാര്‍ ഫൈവ് ഡോര്‍ മോഡല്‍. സ്വാതന്ത്ര്യദിനത്തിലാണ് ഈ മോഡല്‍ മഹീന്ദ്ര പുറത്തിറക്കിയത്. മഹീന്ദ്ര ഥാര്‍ റോക്‌സ് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ മോഡലിന്റെ മോഡലിന്റെ പ്രത്യേകതകളും ഫീച്ചറുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ത്രീ ഡോര്‍ മോഡലിന്റെ ബേസിക് രൂപത്തില്‍ തന്നെയാണ് ഫൈവ് ഡോര്‍ മോഡലും പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ വാഹനത്തിന്റെ ഡിസൈനിങ്ങില്‍ വരുത്തിയ മാറ്റങ്ങള്‍ റോക്‌സിനെ ആരാധകരുടെ പ്രിയപ്പെട്ടതാക്കുമെന്ന് തീര്‍ച്ചയാണ്.

ആറു സ്ലോട്ടുകളായുള്ള ഗ്രില്ലുകളും സ്‌ക്വയര്‍ പ്രൊജക്ഷന്‍ ഹെഡ്‌ലാംപുകളും സി ഷെയ്പിലുള്ള ഡി ആര്‍ എല്ലും വാഹനത്തിന്റെ മികച്ച രൂപഭംഗി നല്‍കുന്നു. വശങ്ങളിലും മുന്‍ മോഡലിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുണ്ട്. 19 ഇഞ്ച് അലോയ് വീലുകളാണ് പുതിയ മോഡലില്‍. സി പില്ലറിനു ശേഷം നല്‍കിയിട്ടുള്ള ക്വാര്‍ട്ടര്‍ ഗ്ലാസും വശങ്ങളിലെ ലുക്ക് ഗംഭീരമാക്കുന്നു. പിന്‍വശത്തും മുന്‍ മോഡലിന്റെ അതേ ഡിസൈനാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും പൂര്‍ണമായും എല്‍ഡിയിലേക്ക് മാറിയ ടെയ്ല്‍ ലാംപ് വേറിട്ട് നില്‍ക്കുന്നു.

ഇന്റീരിയര്‍ മഹീന്ദ്രയുടെ തന്നെ സ്‌കോര്‍പിയോ എന്‍ ലൈന്‍, എക്‌സ് യു വി 700 എന്നിവയില്‍ നിന്ന് പ്രചോദം ഉള്‍ക്കൊണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 10.25 ഇഞ്ച് വലുപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വലിയ പനോരമിക് സണ്‍റൂഫും പുതുമയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വയര്‍ലെസ് ചാര്‍ജിങ് സംവിധാനവും വെന്റിലേറ്റഡ് സീറ്റുകളുമെല്ലാം ചേര്‍ന്ന് വാഹനത്തിന് പ്രീമിയം എസ് യു വിയുടെ മാറ്റ് നല്‍കുന്നു.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എട്ട് വേരിയന്റുകളിലായാണ് വാഹനം എത്തിയിരിക്കുന്നത്. 12.99 ലക്ഷം മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് ഷോറൂം വില. വിലവില്‍ ഫോര്‍ വീല്‍ മോഡലുകളുടെ വില മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല.

logo
The Fourth
www.thefourthnews.in