മഹീന്ദ്ര ഥാർ
മഹീന്ദ്ര ഥാർ

പത്ത് ലക്ഷത്തില്‍ താഴെ വില, പുത്തന്‍ എന്‍ജിന്‍; പരിഷ്‌കാരങ്ങളുമായി മഹീന്ദ്ര ഥാര്‍

എന്‍ജിന്‍ ശേഷി കുറയ്ക്കുന്നതോടെ ടാക്‌സ് ഇളവുകള്‍ ലഭിക്കുകയും വിലയില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്യും.ജനുവരിയോട ഇന്ത്യയിലെത്തും
Updated on
1 min read

ആരെയും ആകര്‍ഷിക്കുന്ന പരുക്കന്‍ രൂപം, ഏത് കുന്നും മലയും താണ്ടാനാകുന്ന മികച്ച ഓഫ് റോഡിങ് ശേഷി, കൂടാതെ മഹീന്ദ്ര എന്ന ബ്രാന്‍ഡിന്റെ വിശ്വാസ്യതയും. ഥാര്‍ എന്ന മോഡല്‍ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ഇത്രയും കാരണങ്ങള്‍ തന്നെ ധാരാളമായിരുന്നു. ഓഫ് റോഡ് പ്രേമികളുടെ മനസും ഇന്ത്യന്‍ നിരത്തുകളും കീഴടക്കി ജൈത്രയാത്രനടത്തുന്നതിനിടെയാണ് 2020 ഓഗസ്റ്റില്‍ അടിമുടി പരിഷ്‌കാരങ്ങളുമായി രണ്ടാം തലമുറ ഥാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്.

അടുത്ത വര്‍ഷം ജനുവരിയോടുകൂടി വാഹനം ഇന്ത്യന്‍ നിരത്തുകളിലേക്കെത്തും

ആധുനികമായ ഫീച്ചറുകളും, മികച്ച ഡിസൈനും, ഓഫ് റോഡിങ് ഡിഎന്‍എയും കൊണ്ട് മികച്ച വില്‍പ്പന നടത്തി മുന്‍ മോഡലിന്റെ പേര് ഒരുപടികൂടി ഉയര്‍ത്താല്‍ പിന്‍ഗാമിയായെത്തിയ പുത്തന്‍ ഥാറിന് കഴിഞ്ഞു. രണ്ടു വര്‍ഷത്തിനിപ്പുറവും വില്‍പ്പന കണക്കുകളില്‍ ഥാര്‍ കുതിച്ചു കയറുമ്പോള്‍ വാഹനത്തില്‍ പുത്തന്‍ എന്‍ജില്‍ ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര.

ജനപ്രിയ മോഡലായ മഹീന്ദ്ര മരാസോയില്‍ ഉപയോഗിച്ചിരിക്കുന്ന 1.5ലിറ്റര്‍ ഡീസല്‍ എന്‍ജിനാകും ഥാറില്‍ ഘടിപ്പിക്കുക. നിലവില്‍ 2.2ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനും 2ലിറ്റര്‍ എംസ്റ്റാലിയൻ പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തിനുള്ളത്. ഇവയ്ക്കു പുറമേയാണ് ഇപ്പോള്‍ ചെറിയ 1.5ലിറ്റര്‍ എന്‍ജിന്‍കൂടി വാഹനത്തില്‍ ഘടിപ്പിക്കുന്നത്. ജനുവരിയോടുകൂടി വാഹനം ഇന്ത്യന്‍ നിരത്തുകളിലേക്കെത്തും.

എന്നാല്‍ കുഞ്ഞന്‍ ഡീസല്‍ എന്‍ജിനുള്ള മോഡലില്‍ ഫോര്‍ വീല്‍ ഡ്രൈവ് സാങ്കേതിക വിദ്യ ഉണ്ടാകില്ല പകരം ടൂ വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയോടെയാകും പുതിയ പതിപ്പ് ഇന്ത്യയിലെത്തുക. നിലവിലെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടോര്‍ക്കിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. 300എന്‍എം ടോര്‍ക്ക് തന്നെയാണ് മരാസോയിലെ ഡീസല്‍ എന്‍ജിനും ഉത്പാദിപ്പിക്കുന്നത്.

നിലവിലെ മോഡലിനെക്കാള്‍ 100കിലോഗ്രാമിലധികം ഭാരം കുറവുള്ള പുതിയ വേരിയന്റിന് 10ലക്ഷം രൂപയില്‍ താഴെയാകും വില

118ബിഎച്ച്പി കരുത്തുള്ള ടോര്‍ക്കിയായ എന്‍ജിന്‍ 5സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണക്കിച്ചേര്‍ക്കും. നാല് മീറ്ററില്‍ താഴെ നീളമുള്ള വാഹനത്തിന് എന്‍ജിന്‍ ശേഷി കുറയ്ക്കുന്നതോടെ ടാക്‌സ് ഇളവുകള്‍ ലഭിക്കുകയും വിലയില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്യും. നിലവിലെ മോഡലിനെക്കാള്‍ 100കിലോഗ്രാമിലധികം ഭാരം കുറച്ചുകൊണ്ട് പുറത്തിറങ്ങുന്ന പുതിയ വേരിയന്റിന് 10ലക്ഷം രൂപയില്‍ താഴെയാകും വില. കൂടാതെ മികച്ച ഇന്ധനശേഷി ലഭിക്കുമെന്നുള്ളതും ശ്രദ്ധേയമാണ്. ലിറ്ററിന് 17.3 കിലോമീറ്ററാണ് മരാസോയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ചെറിയ എന്‍ജിന്‍ കൂടി ഉള്‍പ്പെടുത്തി വിലകുറച്ച് നിരത്തിലെത്തുന്നതോടെ വില്‍പ്പന ചാര്‍ട്ടില്‍ വാഹനം കുതിച്ചുകയറുമെന്നുറപ്പ്.

logo
The Fourth
www.thefourthnews.in