2024ഓടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ ബ്രാൻഡാവാൻ നെക്‌സ; ഫ്രോങ്ക്സും ജിംനിയും ഉടനെത്തും
ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയെ കടത്തിവെട്ടി 2024ൽ, നെക്‌സയെ രാജ്യത്തെ രണ്ടാമത്തെ വലിയ കാർ ബ്രാൻഡാക്കി മാറ്റാനൊരുങ്ങി മാരുതി സുസുക്കി ഇന്ത്യ. അതിനായി ഇനി മുതൽ മാരുതി സുസുക്കി കാറുകൾ നെക്‌സ ഔട്ട്‌ലെറ്റുകൾ വഴി വിൽപനയ്ക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മാരുതി സുസുക്കിയുടെ നെക്സ ഡീലർഷിപ്പ് ശൃംഖല രാജ്യത്ത് രണ്ട് ദശലക്ഷം സഞ്ചിത വിൽപന എന്ന നാഴികക്കല്ല് കൈവരിച്ചതായും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിങ് & സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
2015ലാണ് നെക്‌സ ആദ്യമായി വിപണിയിലെത്തുന്നത്. നിലവിൽ വ്യവസായത്തിൽ നാലാം സ്ഥാനത്തുള്ള നെക്‌സ, അടുത്ത വർഷത്തോടെ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് കമ്പനിയുടെ പ്രതിക്ഷ. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, ബലേനോ ഹാച്ച്ബാക്കും വരാനിരിക്കുന്ന ഫ്രോങ്ക്സ് കോംപാക്റ്റ് എസ്‌യുവിയും ജിംനി എസ്‌യുവിയും പോലുള്ള മോഡലുകൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. കഴിഞ്ഞ വർഷം 23 ശതമാനമായിരുന്ന മാരുതി സുസുക്കി നെക്‌സയുടെ മൊത്തവിപണനം ഈ വർഷത്തോടെ 47 ശതമാനമായി വളർന്നിട്ടുണ്ടെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു. നിലവിൽ ഇഗ്‌നിസ്, ബലേനോ, സിയാസ്, XL6, ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളാണ് നെക്‌സ ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കുന്നത്.
2022ൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപനയിൽ 23 ശതമാനവും നെക്‌സ മോഡലുകളാണ് വിറ്റുപോയത്. 3.7 ലക്ഷം വാഹനങ്ങളാണ് ആ വർഷം വിറ്റുപോയത്. 2021നെ അപേക്ഷിച്ച് 48 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ശ്രീവാസ്തവ പറയുന്നു. നിലവിലെ കണക്കനുസരിച്ച്, നെക്‌സയുടെ വിപണി വിഹിതം 10 ശതമാനത്തിന് മുകളിലാണ്. മൊത്തത്തിലുള്ള വിപണി വിഹിതത്തിന്റെ 50 ശതമാനം പിടിച്ചെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
മാരുതിയുടെ വിറ്റുവരവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറാണ് ബലേനോ. ഈ വർഷം ഇതുവരെ ഏകദേശം 187,000 യൂണിറ്റുകളാണ് വിറ്റുപോയത്. എസ്‌യുവി പോർട്ട്‌ഫോളിയോയെ ശക്തിപ്പെടുത്തിക്കൊണ്ട് മാരുതി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗ്രാൻഡ് വിറ്റാര പുറത്തിറക്കിയിരുന്നു. അതിനിടെ നെക്‌സ ഷോറൂമുകളിൽ മാരുതി സുസുക്കി രണ്ട് പുതിയ എസ്‌യുവികൾ ഉടൻ അവതരിപ്പിക്കും. 2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയും ഫ്രോങ്ക്സ് ക്രോസ്ഓവറും അനാവരണം ചെയ്തിരുന്നു. അഞ്ച് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിക്ക് 23,500ലധികം ബുക്കിങ് ലഭിച്ചതായി ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഫ്രോങ്ക്സിന് ഏകദേശം 15,500 ബുക്കിങും ലഭിച്ചിട്ടുണ്ട്. ഫ്രോങ്ക്സ് 2023 ഏപ്രിൽ ആദ്യ പകുതിയിലും ജിംനി മെയ്-ജൂൺ മാസത്തോടെയും വിൽപനയ്‌ക്കെത്തും.