തൊട്ടാൽ പൊള്ളുമോ?; ഏപ്രിൽ ഒന്ന് മുതൽ മാരുതി കാറുകള്‍ക്ക് വില കൂടും
കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടോ? എന്നാൽ ഏപ്രിൽ മാസം വാഹനം വാങ്ങുന്നവർക്ക് ചെലവ് അൽപം കൂടും. ഏപ്രിൽ 1 മുതൽ സർക്കാർ, വാഹനങ്ങൾക്ക് പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ പോകുകയാണ്. ഈ സാങ്കേതിക മാറ്റത്തെ തുടർന്ന് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം വില വർധനവിന് മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. മാരുതി സുസുക്കി ഇന്ത്യയുടേതാണ് ഏറ്റവും പുതിയ പ്രഖ്യാപനം. ഏപ്രിൽ മുതൽ വാഹനങ്ങളുടെ വില വർധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ, ഹോണ്ട കാർസ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങി നിരവധി കമ്പനികൾ ഏപ്രിൽ മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പും വില വർധിപ്പിച്ചിട്ടുണ്ട്.
മാരുതി സുസുക്കിയുടെ ബലേനോ, ബ്രെസ്സ, സിയാസ് തുടങ്ങിയ മോഡലുകളുടെ വില അടുത്ത മാസം മുതൽ വർധിക്കും. 2023 സാമ്പത്തിക വർഷത്തിൽ ഇത് രണ്ടാം തവണയാണ് മാരുതി വില വർദ്ധിപ്പിക്കുന്നത്. ഏപ്രിലില്‍ 1.3 ശതമാനം വില വര്‍ധിപ്പിക്കാനാണ് തീരുമാനം. ജനുവരിയില്‍ 1.1 ശതമാനവും മാരുതി വര്‍ധിപ്പിച്ചിരുന്നു. 2021 ജനുവരി മുതൽ ചെറിയ തുകകളിലൂടെ കമ്പനി ഏഴ് തവണ വില വർധനവ് വരുത്തിയതായാണ് മാരുതി സുസുക്കിയുടെ മാർക്കറ്റിങ്, സെയിൽസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
വർധിച്ച് വരുന്ന പണപ്പെരുപ്പത്തിന്റെയും നിയന്ത്രണ ആവശ്യകതകളുടെയും ആഘാതം ഭാഗികമായി നികത്തുന്നതിനായി ഏപ്രിൽ മുതൽ വാഹനങ്ങളുടെ വിലകൾ പുതുക്കുന്നതെന്നാണ് കമ്പനി റെഗുലേറ്ററി ഫയലിങിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ എത്ര ശതമാനമായിരിക്കും വില വർധനവെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചെലവ് കുറയ്ക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ വാഹനങ്ങളുടെ വില വർധിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും മാരുതി സുസുക്കി പറയുന്നു.
ഏപ്രിൽ ഒന്ന് മുതൽ RDE അളവ് നിരീക്ഷിക്കാൻ വാഹനങ്ങൾക്ക് ഓൺ ബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഉപകരണം ആവശ്യമാണ്. എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഈ ഉപകരണം വാഹനത്തിന്റെ പ്രധാന ഭാഗങ്ങളായ കാറ്റലറ്റിക് കൺവെർട്ടർ, ഓക്സിജൻ സെൻസറുകൾ എന്നിവ നിരന്തരം നിരീക്ഷിക്കും. ഇവയുടെ കൂട്ടിച്ചേർക്കലിനായി ഇപ്പോൾ എല്ലാ വാഹന നിർമാതാക്കളും അവരുടെ എഞ്ചിനുകളിൽ നവീകരണം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. ഈ ചെലവുകളും കണക്കിലെടുത്താണ് വില വർധനവ് പ്രഖ്യാപിക്കുന്നത്.