മൈലേജിൽ ഞെട്ടിക്കാൻ മാരുതി; 35 കിലോ മീറ്റർ വരെ ഇന്ധന ക്ഷമതയുമായി പുത്തൻ മോഡലുകൾ
ഇന്ധനക്ഷമതയില്‍ എതിരാളികളെ വെല്ലുന്ന ഹൈബ്രിഡ് മോഡലുകള്‍ ഇറക്കി വാഹനവിപണിയെ ഞെട്ടിക്കാന്‍ മാരുതി. ലിറ്ററിന് 35 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്ന വാഹനങ്ങളാണ് മാരുതി വിപണിയിൽ എത്തിക്കാൻ പോകുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറി വരുന്ന സാഹചര്യത്തിലും വിപണിയിലെ ഹൈബ്രിഡ് വാഹനങ്ങൾക്കുള്ള സാധ്യത ഉപയോഗപ്പെടുത്താനാണ് മാരുതിയുടെ നീക്കം.
ഹൈബ്രിഡ് വാഹനങ്ങൾക്കും സങ്കര ഇന്ധന വാഹനങ്ങൾക്കും വലിയ സാധ്യതയുണ്ടെന്നാണ് മാരുതി സുസുക്കി കരുതുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തുകയാണ് മാരുതി സുസുക്കി. ഇവികൾ, സിഎൻജി, ജൈവ ഇന്ധനങ്ങൾ, സങ്കരയിനം ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി-ഇന്ധന തന്ത്രത്തിനാണ് മാരുതി ഒരുങ്ങുന്നത്.
ടൊയോട്ടയുടെ ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിച്ച് വിപണിയില്‍ എത്തിച്ച ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡിന് ലഭിച്ച മികച്ച പ്രതികരണങ്ങളാണ് മാരുതിയെ ഇത്തരമൊരു നീക്കത്തിലേക്ക് എത്തിച്ചത്. 2023 ലെ മൊത്തം വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ മുന്നില്‍ നില്‍ക്കുന്നത് ഈ മോഡലാണ്. ഇതോടെ തങ്ങളുടെ എല്ലാ മോഡലുകളിലും ഹൈബ്രിഡ് സാങ്കേതികവിദ്യ കൊണ്ടുവരാനാണ് മാരുതി ലക്ഷ്യമിടുന്നത്. ആള്‍ട്ടോ 800 പോലുള്ള ചെറു വാഹനങ്ങളിലും സ്ട്രോങ് ഹൈബ്രിഡ് എൻജിനുകൾ പുറത്തിറക്കും.
ഈ വർഷം സ്വിഫ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുന്ന ഇസഡ് 12ഇ, മൂന്നു സിലിണ്ടർ എൻജിനിൽ 1.5–2 kWh ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടറും ചേർത്ത് ഇന്ധനക്ഷമത വർധിപ്പിക്കാനാണ് പദ്ധതി. എച്ഇവി എന്നറിയപ്പെടുന്ന സീരീസ് ഹൈബ്രിഡ് പവർട്രെയിൻ പ്രയോജനപ്പെടുത്തി ഫ്രോങ്ക്സ്, ബലേനോ, സ്വിഫ്റ്റ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ ഹൈബ്രിഡ് വകഭേദങ്ങൾ അവതരിപ്പിക്കും.
ജനറേറ്ററോ റേഞ്ച് എക്സ്റ്റെൻഡറോ ആയി മാത്രം പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന തരത്തിലാണ് സീരീസ് ഹൈബ്രിഡ് സിസ്റ്റം പ്രവർത്തിക്കുന്നത്. ലളിതമായ ഡിസൈനും കുറഞ്ഞ ഉല്പാദന ചെലവുമാണ് ഇതിന്റെ നേട്ടങ്ങൾ. ഉപഭോക്തൃ ആവശ്യകതകളും വിപണി സാധ്യതകളും മരുതിയെ പിന്തുണക്കുമെന്നാണ് കരുതുന്നത്.
ഇതോടെ 2023 -ൽ പുറത്തിറക്കിയ ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസ് ബേസ്ഡ് എംപിവിയും, 2025 -ൽ വരുന്ന ഗ്രാൻഡ് വിറ്റാരയുടെ (കോഡ്: Y17) പുതിയ പതിപ്പും തമ്മിലാകും ഇനി ഹൈബ്രിഡ് സെഗ്‌മെന്റില്‍ നേര്‍ക്കുനേര്‍ മത്സരം.