സ്വിഫ്റ്റിനും ഗ്രാന്‍ഡ് വിറ്റാരയ്ക്കും വിലകൂട്ടി; പുതിയ നിരക്ക് അറിയാം
സ്വിഫ്റ്റിന്റെയും ഗ്രാന്‍ഡ് വിറ്റാരയുടെ തിരഞ്ഞെടുത്ത വേരിയന്റുകളുടേയും വില കൂട്ടി മാരുതി സുസുകി. ഇന്നു മുതലാണ് പുതിയ വില നിലവില്‍ വന്നത്. സ്വിഫ്റ്റിന് 25,000 രൂപയും ഗ്രാന്‍ഡ് വിറ്റാര സിഗ്മയ്ക്ക് 19,000 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. മാരുതി സുസുകി ജനുവരിയില്‍ വാഹനവിലയില്‍ 0.45 ശതമാനം വര്‍ധനവ് വരുത്തിയിരുന്നു. പണപ്പെരുപ്പവും സാധനങ്ങളുടെ വിലവര്‍ധനവും കാരണമാണ് നിരക്ക് വര്‍ധിപ്പിക്കുന്നത് എന്നായിരുന്നു കമ്പനിയുടെ വിശദീകരണം.
'ഞങ്ങള്‍ കുറച്ചുകാലമായി വര്‍ദ്ധിച്ച ഇന്‍പുട്ട് ചെലവുകള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ്, എന്നാല്‍ നിലവിലെ വിപണി സാഹചര്യങ്ങള്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ചില വര്‍ദ്ധനവ് നല്‍കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി'' എന്നായിരുന്നു കമ്പനി ഇതിനോട് പ്രതികരിച്ചത്.
വിലവര്‍ധനവിന് പിന്നാലെ, ഷെയര്‍ മാര്‍ക്കറ്റില്‍ മാരുതി സുസുക്കിയുടെ ഓഹരി 1.6 ശതമാനം ഇടിഞ്ഞു. മാര്‍ച്ച് മാസത്തില്‍ ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലായി 187,196 യൂണിറ്റ് വില്‍പ്പന കൈവരിച്ചതായി മാരുതി സുസുക്കി അറിയിച്ചിരുന്നു.
കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 156,330 യൂണിറ്റിലെത്തി. 2023 മാര്‍ച്ചിനെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനവുണ്ടായി. മറ്റു ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് 4,975 യൂണിറ്റ് വിറ്റു. 25,892 യൂണിറ്റുകള്‍ കയറ്റുമതി നടത്തി. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന മൊത്തം വില്‍പ്പന നേടി, 2,135,323 യൂണിറ്റിലെത്തി. ആഭ്യന്തര വില്‍പ്പന 1,793,644 യൂണിറ്റുകളും കയറ്റുമതി 283,067 യൂണിറ്റുകളുമായി വര്‍ധിച്ചു.