ലിറ്ററിന് 23.24 കിലോമീറ്റർ മൈലേജ്; 24.79 ലക്ഷത്തിന് മാരുതി ഇൻവിക്റ്റോ വിപണിയിൽ
വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മാരുതി സുസുക്കിയുടെ 'ഇന്നോവ' വിപണിയിലെത്തി. 24.79 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്‍ജ് പതിപ്പായ ഇൻവിക്റ്റോ എംപിവിയെ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കുറച്ച് കാലമായി കാത്തിരുന്ന മാരുതി ഇൻവിക്റ്റോ ഒടുവില്‍ വിപണിയിലെത്തുമ്പോള്‍ പ്രതീക്ഷകളും വാനോളമാണ്.
വില കേട്ട് ഞെട്ടരുത്
സീറ്റ പ്ലസ് 7 സീറ്റർ, സീറ്റ പ്ലസ് 8 സീറ്റർ, ആൽഫ പ്ലസ് 7 സീറ്റർ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇൻവിക്റ്റോ ലഭ്യമാകും. 24.79 ലക്ഷം രൂപയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി പതിപ്പിന്റെ എക്സ്ഷോറൂം വില. പ്രീമിയം എംപിവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് 28.42 ലക്ഷം രൂപയും മിഡിൽ വേരിയന്റിന് 24.84 ലക്ഷം രൂപയാണ് വില. പ്രതിമാസം 61,860 രൂപ നിരക്കിൽ ഇൻവിക്റ്റോ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.
ഇൻവിക്റ്റോയ്ക്ക് ലീറ്ററിന് 23.24 കിലോമീറ്റർ മൈലേജും ലഭിക്കും. നെക്‌സ ബ്ലൂ, മിസ്റ്റിക് വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിൽ ഇത് ലഭ്യമാകും. മാരുതി സുസുക്കിയുടെ നെക്‌സ ഡീലർഷിപ്പിലെ എട്ടാമത്തെ ഉത്പന്നമാണ് ഈ പുതിയ റീബാഡ്‌ജ്‌ഡ് എംപിവി. ഓട്ടോമാറ്റിക് ഗിയറില്‍ മാത്രമായി ടൊയോട്ടയുടെ നിര്‍മാണ കമ്പനി പുറത്തിറക്കുന്ന ആദ്യ കാര്‍ ആണ് മാരുതി സുസുക്കി ഇന്‍വിക്റ്റോ.
സവിശേഷതകള്‍
239 ലീറ്ററാണ് ബൂട്ട് സ്‌പെയ്‌സ്, മൂന്നാം നിര സീറ്റുകള്‍ മടക്കി വച്ചാല്‍ അത് 690 ലീറ്ററായി ഉയരും. വാഹനത്തിന് 4755 എംഎം നീളവും 1850 എംഎം വീതിയും 1795 എംഎം ഉയരവുമുണ്ട്. 2850 എംഎം വീല്‍ബേസോടെയാണ് കാറ് വിപണിയിലെത്തുന്നത്. ഒരു ആഡംബര കാര്‍ അനുഭവം പകരുന്നതാണ് മാരുതി ഇൻവിക്റ്റോ. ഐപിയിലും ഡോര്‍ ട്രിമ്മുകളിലും ഷാംപെയ്ന്‍ ഗോള്‍ഡ് ആക്സന്റുകളോട് കൂടിയ കറുപ്പ് നിറത്തിലുള്ള ഇന്റീരിയറുകളാണ് നല്‍കിയിരിക്കുന്നത്. വാങ്ങുന്നവര്‍ക്ക് ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ കോണ്‍ഫിഗറേഷനുകള്‍ക്കിടയില്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും.
എഞ്ചിന്‍
സ്‌ട്രോങ് ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് മാരുതി ഇൻവിക്റ്റോയ്ക്ക്. ഇലക്ട്രിക് മോട്ടോറുമായി പ്രവര്‍ത്തിച്ച് ഇത് പരമാവധി 184 bhp കരുത്ത് വരെ നല്‍കാന്‍ പ്രാപ്തമാണ്. ഒരു e-CVT ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് ഇന്‍വിക്‌റ്റോയ്ക്ക് ലഭിക്കുന്നത്. 9.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവുന്ന മാരുതി പ്രീമിയം എംപിവിക്ക് കമ്പനി അവകാശപ്പെടുന്ന മൈലേജ് 23.24 കിലോമീറ്ററാണ്.
ഇത് ആദ്യത്തെ ഹൈബ്രിഡ്-ഒണ്‍ലി, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള മാരുതി സുസുക്കി കാറാണെന്നതും ശ്രദ്ധേയമാണ്. സ്‌ട്രോങ് ഹൈബ്രിഡ് ആയതിനാല്‍ എംപിവി ഒരു ഇലക്ട്രിക്-ഒണ്‍ലി മോഡും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻവിക്റ്റോയ്ക്ക് പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ വെറും 9.5 സെക്കന്‍ഡ് സമയം മതിയാകും. ബ്ലൂ, വൈറ്റ്, സില്‍വര്‍, ഗ്രേ എന്നീ നിറങ്ങളില്‍ ഈ വാഹനം ലഭ്യമാകും. വാഹനത്തിനായുള്ള ബുക്കിങ് മാരുതി നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ ആരംഭിച്ചിട്ടുണ്ട്.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 50-ലധികം കണക്റ്റഡ് ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, റൂഫ് ആംബിയന്റ് ലൈറ്റിങുള്ള പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, പവർഡ് ടെയിൽ ഗേറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കപ്പ് ഹോൾഡറുകളും, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാമാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകൾ. കൂടാതെ ആറ് എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷ സവിശേഷതകളും എംപിവിയിൽ ഒരുക്കിയിട്ടുണ്ട്.