ഥാറിന് ഒത്ത എതിരാളി; ജിംനി അടുത്ത മാസം ആദ്യം നിരത്തുകളിലേക്ക്

ഥാറിന് ഒത്ത എതിരാളി; ജിംനി അടുത്ത മാസം ആദ്യം നിരത്തുകളിലേക്ക്

കൈനറ്റിക് യെല്ലോ, പേൾ ആർട്ടിക് വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക് എന്നീ വൈവിധ്യമാർന്ന നിറങ്ങളിലാണ് ജിംനി നിരത്തിലെത്തുന്നത്
Updated on
2 min read

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മാരുതി സുസുക്കിയുടെ എസ് യു വി മോഡലായ ജിംനി അടുത്ത മാസം വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. അഞ്ച് ഡോറുകളുള്ള ജിംനി ഈ മാസം ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലോഞ്ച് നീണ്ടുപോവുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയ്ക്ക് പിന്നാലെ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. പുതിയ ജിംനിക്കായി ഇതിനോടകം 24,500 ബുക്കിംഗുകൾ ലഭിച്ചതായി മാരുതി സുസുക്കി അറിയിച്ചു.

കൈനറ്റിക് യെല്ലോ, പേൾ ആർട്ടിക് വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക് എന്നീ വൈവിധ്യമാർന്ന നിറങ്ങളിലാണ് ജിംനി നിരത്തിലെത്തുന്നത്. വിദേശ കയറ്റുമതി മുൻനിർത്തി മൂന്ന് ഡോറുള്ള ജിംനിയും ആഭ്യന്തര വിപണികളിലേക്കുള്ള അഞ്ച് ഡോറുള്ള ജിംനിയുടെ പതിപ്പും മാരുതി സുസുക്കിയുടെ ഗുരുഗ്രാമിലെ പ്ലാന്റിലായിരിക്കും നിര്‍മിക്കുക. പ്രതിവര്‍ഷം ഈ ഒരുലക്ഷം യൂണിറ്റ് നിര്‍മിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. പ്രതിമാസം 7000 യൂണിറ്റ് ആഭ്യന്തര വിപണിയില്‍ എത്തിക്കാനും ശേഷിക്കുന്നവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുമാണ് പദ്ധതി.

മറ്റ് വാഹനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അടിസ്ഥാന വകഭേദത്തേക്കാൾ ഉയർന്ന വകഭേദത്തിനാണ് കൂടുതൽ ഡിമാൻഡെന്ന് മാരുതി സുസുക്കി വെളിപ്പെടുത്തി. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓട്ടോ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, 6 സ്പീക്കർ ആർക്കാമിസ് സൗണ്ട് സിസ്റ്റം എന്നിവ ഉയർന്ന വേരിയൻ്റായ ആൽഫയുടെ പ്രധാന ആകർഷണങ്ങളാണ്. ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ഇഎസ്പി, ഫസ്റ്റ് ഹെഡ്‌ലാമ്പ് വാഷറുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ആൽഫ വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഥാറിന് ഒത്ത എതിരാളി; ജിംനി അടുത്ത മാസം ആദ്യം നിരത്തുകളിലേക്ക്
ഫോര്‍വീല്‍ ഡ്രൈവ്, മികച്ച പെര്‍ഫോമന്‍സ്; ഇനി ജിംനിയാണ് താരം

മാരുതി സുസുക്കിയുടെ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിംനിയുടെ ഏറ്റവും വലിയ സവിശേഷത. പരമാവധി 104.8 പി.എസ്. പവറും 134.2 എന്‍.എം. ടോര്‍ക്കുമാണ് ഈ 1462 സി.സി. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് ജിംനി വരുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനായി ഗ്രാന്റ് വിതാരയിൽ നല്‍കിയിട്ടുള്ള ഓള്‍ഗ്രിപ്പ് പ്രോ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

വാഹനത്തിന്റെ ഫൈവ് ഡോര്‍ മോഡല്‍ ആദ്യമായി എത്തുന്നത് ഇന്ത്യയിലാണെന്നതാണ് ജിംനിയുടെ വരവിനെ വേറിട്ടതാക്കുന്നത്. വാഹനം സംബന്ധിച്ച ഫീച്ചറുകളും സവിശേഷതകളുമെല്ലാം മാരുതി വെളിപ്പെടുത്തിയെങ്കിലും വിലയിൽ സസ്പെന്‍സ് തുടരുകയാണ്. മഹീന്ദ്രയുടെ ഥാർ, ഫോഴ്സ് ഗൂർഖ തുടങ്ങിയ വാഹനങ്ങളുട എതിരാളിയായാണ് ജിംനി വിപണിയിലെത്തുക.അതിനിടെ ജിംനിയുടെ വില 10-14 ലക്ഷം രൂപയായിരിക്കുമെന്നും (എക്സ്-ഷോറൂം) റിപ്പോർട്ടുണ്ട്. അതേസമയം 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് നിര്‍മാതാക്കള്‍ ജിംനിയുടെ ബുക്കിങ് സ്വീകരിക്കുന്നത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയായിരിക്കും ജിംനി വില്‍പനയ്‌ക്കെത്തുന്നത്.

logo
The Fourth
www.thefourthnews.in