മാരുതിയുടെ വാഹനങ്ങള്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഉടന്‍ വാങ്ങിക്കോളൂ, ജനുവരി ഒന്നു മുതല്‍ വില വർധിപ്പിക്കാന്‍ കമ്പനി
ഇന്ത്യയിലെ മധ്യവർഗ ജനവിഭാഗത്തിന്റെ കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ മാരുതി സുസുക്കി വഹിച്ച പങ്ക് നിർണായകമാണ്. ഏകദേശം മൂന്നരലക്ഷം രൂപ മുതല്‍ മാരുതിയുടെ കാറുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ മാരുതി കാർ വാങ്ങാനൊരുങ്ങുന്നവർക്ക് അല്‍പ്പം നിരാശയുണ്ടാകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ജനുവരി ഒന്ന് മുതല്‍ കാറുകളുടെ വില കൂട്ടാനൊരുങ്ങുകയാണ് മാരുതി. നിർമ്മാണച്ചെലവിലുണ്ടായ വർധനവാണ് വില കൂട്ടാനുള്ള പ്രധാന കാരണം. എല്ലാ മോഡലുകള്‍ക്കും ഇത് ബാധകമാണെന്നു ഹിന്ദുസ്താന്‍ ടൈംസിന്റെ റിപ്പോർട്ടില്‍ പറയുന്നു.
പണപ്പെരുപ്പവും സാധനങ്ങളുടെ വിലവർധനവും മൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തേണ്ടി വന്നതെന്ന് മാരുതി വ്യക്തമാക്കുന്നു. ഉപയോക്താക്കളെ കാര്യമായി ബാധിക്കാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനി പറയുന്നു. വില വർധനവ് ഓരോ മോഡലുകള്‍ക്കും വ്യത്യസ്തമായിരിക്കുമെന്നും സൂചനയുണ്ട്.
മാരുതിയുടെ ഏറ്റവും വില കുറഞ്ഞ കാർ ഓള്‍ട്ടോയാണ്. 3.54 ലക്ഷം രൂപയാണ് ഓള്‍ട്ടോയുടെ ബേസ് മോഡലിന്റെ വില. മാരുതി ഇന്‍വിക്റ്റോയാണ് കമ്പനിയുടെ വില കൂടിയ വാഹനം. ഏകദേശം 25 ലക്ഷത്തോളമാണ് കാറിന്റെ ഷോറൂം വില.
മാരുതിയുടെ ബലേനൊ, സ്വിഫ്റ്റ്, വാഗന്‍ ആർ എന്നീ കാറുകളാണ് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത്. എസ്‍യുവി മാർക്കറ്റിലും മാരുതി ഇതിനോടം തന്നെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോന്‍ക്സ്, ജിംനി എന്നിവയാണ് എസ്‍യുവി വിഭാഗത്തില്‍ വരുന്ന വാഹനങ്ങള്‍. 2023-24 സാമ്പത്തിക വർഷത്തില്‍ എസ്‍യുവി മാർക്കറ്റിന്റെ 22 ശതമാനവും മാരുതി നേടിക്കഴിഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ 25 ശതമാനത്തിലേക്ക് നേട്ടമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.