50% വിപണി വിഹിതം വീണ്ടെടുക്കാൻ പോരാടുമെന്ന് മാരുതി സുസുക്കി
ആഭ്യന്തര പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 50 ശതമാനം വിപണി വിഹിതത്തിലേക്ക് തിരിച്ചുവരാന്‍ പോരാടുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. ചെറു കാറുകളും എസ്‌യുവികളും ഉള്‍പ്പടെ പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''ഞങ്ങളുടെ 50 ശതമാനം വിപണി വിഹിതത്തിലേക്ക് തിരിച്ചുവരാന്‍ ഞങ്ങള്‍ പോരാടും. എത്രത്തോളം വിജയിക്കുമെന്ന് കാലം തെളിയിക്കും, പക്ഷേ ഞങ്ങള്‍ പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല'' ഭാര്‍ഗവ പറഞ്ഞു.
2019ല്‍ 17,29,826 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് 51.21 ശതമാനം വിപണി വിഹിതം മാരുതി സുസുക്കി ഇന്ത്യ നേടിയിരുന്നു.എന്നാല്‍ 2021-22ല്‍ ഇത് 43.38 ശതമാനമായി കുറഞ്ഞു
2018-19 ല്‍ 51.2 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ കമ്പനിയുടെ മാര്‍ക്കറ്റ് ഷെയര്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 43.38 ശതമാനമായി ഇടിയുകയായിരുന്നു. 2018-19ല്‍ 33,77,436 യൂണിറ്റ് വിറ്റഴിച്ച ഇന്ത്യന്‍ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 2021-22ല്‍ 30,69,499 യൂണിറ്റായി കുറഞ്ഞു. 2018-19 ല്‍ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പനയായ 17,29,826 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് 51.21 ശതമാനം വിപണി വിഹിതം മാരുതി സുസുക്കി ഇന്ത്യ നേടിയിരുന്നു. എന്നാല്‍ 2021-22ല്‍ ഇത് 43.38 ശതമാനമായി കുറഞ്ഞ് 13,31,558 യൂണിറ്റായി.
ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും, ടാറ്റ മോട്ടോഴ്സും എസ്‌യുവി മോഡലുകള്‍ അവതരിപ്പിച്ച് വാഹനരംഗത്ത് സജീവമാകുകയും വിപണി വിഹിതത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിലവില്‍ ഹ്യുണ്ടായ്, കിയ തുടങ്ങിയ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ ആധിപത്യം പുലര്‍ത്തുന്ന കോംപാക്റ്റ്, മിഡ് സൈസ് എസ്‍യുവി സെഗ്മെന്റുകളില്‍ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിന് നിരവധി എസ്‍യുവി ലോഞ്ചുകള്‍ സുസുക്കി ആസൂത്രണം ചെയ്തിട്ടുണ്ട്.
നഗരങ്ങളും ഗ്രാമപ്രദേശങ്ങളും ഉള്‍പ്പെടുന്ന ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ മോഡലുകള്‍ അവതരിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. വിപണി തിരികെ പിടിക്കാനും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുമായി സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളും മറ്റ് ബോഡിസ്‌റ്റൈലുള്ള വാഹനങ്ങളോ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഭാര്‍ഗവ വ്യക്തമാക്കി.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാരുതിയെന്ന ബ്രാന്‍ഡില്‍ വളരെയധികം വിശ്വാസമുണ്ടെന്നും ഉപഭോക്താവിന്റെ വിശ്വാസം നിലനിര്‍ത്താന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ഭാര്‍ഗവ പറഞ്ഞു. ചെറു കാറുകള്‍ നിര്‍മ്മിക്കുന്നത് തുടരുമോ എന്ന ചോദ്യത്തിന് മറുപടിയായി, ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ പ്രീമിയം മോഡലുകള്‍ വാങ്ങുന്നുണ്ടെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഇപ്പോഴും വിലകൂടിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സെഗ്മെന്റില്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വില നിലനിര്‍ത്തുന്നത് നിര്‍ണായകമാണെന്നും ഇരുചക്രവാഹനങ്ങളേക്കാള്‍ വളരെ സുരക്ഷിതമായ യാത്രയാണ് ചെറിയ വാഹനങ്ങള്‍ നല്‍കുന്നതെന്നും മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍
പല ഇരുചക്രവാഹന റൈഡര്‍മാരും കാറുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നു. അവരുടെ മുന്‍ഗണന വിലയേറിയ എസ്‍യുവികളേക്കാള്‍ വിലക്കുറഞ്ഞ എന്‍ട്രി ലെവല്‍ മോഡലുകള്‍ക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെഗ്മെന്റില്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വില നിലനിര്‍ത്തുന്നത് നിര്‍ണായകമാണെന്നും ഇരുചക്ര വാഹനങ്ങളേക്കാള്‍ വളരെ സുരക്ഷിതമായ യാത്രയാണ് ചെറിയ വാഹനങ്ങള്‍ നല്‍കുന്നതെന്നും ഭാര്‍ഗവ പറഞ്ഞു.
നിലവില്‍ ടൊയോട്ടയുമായി ചേര്‍ന്ന് ഹൈബ്രിഡ് എസ്‌യുവി ഉള്‍പ്പടെയുള്ള പുതിയ മോഡലുകളും പരിഷ്‌കരിച്ച പതിപ്പുകളും ഇന്ത്യയില്‍ തുടര്‍ച്ചയായി സുസുക്കി അവതരിപ്പിക്കുന്നുണ്ട്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ Alto K10 ന്റെ പരിഷ്‌കരിച്ച പതിപ്പ് 3.99 ലക്ഷം പ്രാരംഭ വിലയില്‍ സുസുക്കി അടുത്തിടെ അവതരിപ്പിച്ചിരുന്നു.