ഇനി പൊടി പാറും; ആസ്റ്റർ ബ്ലാക്ക്സ്റ്റോം എഡിഷൻ പുറത്തിറക്കി എം ജി മോട്ടോർ ഇന്ത്യ
ഗ്ലോസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷന് പിന്നാലെ, ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജനപ്രിയ ചൈനീസ് വാഹന ബ്രാൻഡായ മോറിസ് ഗാരേജസ്. 14. 48 ലക്ഷം രൂപ മുതല്‍ 15. 77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്‍ഷോറൂം വില. നേരത്തെ, ഗ്ലോസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷനിൽ അവതരിപ്പിച്ച സമാനമായ പരിഷ്ക്കാരങ്ങൾ തന്നെയാണ് ആസ്റ്റർ ബ്ലാക്ക്സ്റ്റോം എഡിഷനിലും എംജി ഒരുക്കിയിരിക്കുന്നത്. കാബിനിനകത്തും പുറത്തും കറുത്ത തീമിലാണ് ഈ സ്പെഷ്യൽ എഡിഷൻ എസ്‌യുവി എത്തുന്നത്.
ഉത്സവ സീസണിന് തൊട്ടുമുൻപ് ഈ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കുന്നതോടെ വിൽപ്പനയിൽ ഉയർച്ച കൈവരിക്കാനാണ് ചൈനീസ് വാഹന നിർമാതാക്കൾ ലക്ഷ്യംവയ്ക്കുന്നത്. മിഡ്-സ്പെക്ക് സ്മാർട്ട് ട്രിം ലെവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് എംജി ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം. സ്‌റ്റൈൽ, സൂപ്പർ, സ്‌മാർട്ട്, ഷാർപ്പ്, സാവി എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വകഭേദങ്ങളിൽ കോംപാക്റ്റ് എസ്‌യുവി ലഭ്യമാണ്.
ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള ഹണികോംബ് പാറ്റേൺ ഗ്രില്ലാണ് ഇതിന് ലഭിക്കുന്നത്. ഗ്രില്ലിലെ എംജി ബാഡ്ജിങ് ഇപ്പോഴും ക്രോമിലാണ്. മാത്രമല്ല, സ്‌പോർട്ടി ആകർഷണം നൽകുന്ന ബ്ലാക്ക് ഫിനിഷ് ഫ്രണ്ട്, റിയർ ബമ്പറുകളും എംജി വാഗ്ദാനം ചെയ്യുന്നു. ചുവന്ന ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളുള്ള അലോയ് വീലുകൾ, ബ്ലാക്ക് ഫിനിഷ്ഡ് ഹെഡ്‌ലാമ്പുകൾ, ബ്ലാക്ക് ഫിനിഷ് റൂഫ് റെയിലുകൾ, ഗ്ലോസി ബ്ലാക്ക് ഡോർ ഗാർണിഷ്, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും ആസ്റ്റർ ബ്ലാക്ക്‌സ്റ്റോമിന് ലഭിക്കുന്നു.
ഇരുവശത്തും ഫ്രണ്ട് ഫെൻഡറിൽ ഒരു 'BLACKSTORM' എഡിഷൻ എംബ്ലം ഉണ്ട്. ടക്‌സീഡോ ബ്ലാക്ക് ഫിനിഷിങ്ങിലാണ് ഇതിലെ അപ്‌ഹോള്‍സ്റ്ററി ഒരുങ്ങിയിട്ടുള്ളത്. ചുവന്ന ഡിസൈനുകൾ, സംഗ്രിയ റെഡ്-തീം എ സി വെന്റുകൾ, ഓൾ-ബ്ലാക്ക് ഫ്ലോർ കൺസോൾ, സ്റ്റിയറിങ് വീലിലും ഡോർ ട്രിമ്മുകളിലും ചുവന്ന സ്റ്റിച്ചുകൾ എന്നിവയും ലഭിക്കുന്നു. ആസ്റ്റർ ബ്ലാക്ക്‌സ്റ്റോമിന് JBL സ്പീക്കറുകളും ലഭിക്കുന്നു. ഇത് വാഹനം വാങ്ങുന്നവർക്ക് ഇന്ത്യയിലെ എല്ലാ അംഗീകൃത എംജി ഡീലർഷിപ്പുകളിലും ഘടിപ്പിക്കാം.
5-സ്പീഡ് MT, CVT ഓപ്ഷനുകളുള്ള 1.5 ലിറ്റർ VTi-ടെക് പെട്രോൾ എഞ്ചിനാണ് (110PS, 144Nm) ആസ്റ്റർ ബ്ലാക്ക്‌സ്റ്റോമിന് കരുത്ത് പകരുന്നത്. ഇത് 110 പി എസ് പവറും 144 എന്‍ എം ടോര്‍ക്കും നല്‍കുന്നു. കൂടാതെ, എസ്‌യുവിയുടെ സ്റ്റാൻഡേർഡ് പതിപ്പ് പോലെ ബ്ലാക്ക്‌സ്റ്റോം എഡിഷനും ഒരു വ്യക്തിഗത എഐ അസിസ്റ്റന്റ്, ലെവൽ 2 സെല്‍ഫ് മോഡ്, ADAS തുടങ്ങിയ വിപുലമായ സുരക്ഷാ ഫീച്ചറുകള്‍ സഹിതമാണ് വരുന്നത്. ഐ-സ്മാര്‍ട്ട് സാങ്കേതികവിദ്യയിലുള്ള കണക്ടഡ് ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.
പ്രത്യേക പതിപ്പ് മോഡലിൽ ബ്ലൂടൂത്ത് സാങ്കേതികവിദ്യയുള്ള ഡിജിറ്റൽ കീ, മൂന്ന് മോഡുകളുള്ള ഇലക്ട്രോണിക് പവർ സ്റ്റിയറിങ്, ഹീറ്റഡ് ORVM-കൾ, ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എ. 7.0-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ലഭിക്കുന്നു.
ഇന്ത്യൻ വിപണിയിൽ, ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷൻ, സ്കോഡ കുഷാഖ് മാറ്റ് എഡിഷൻ, കിയ സെൽറ്റോസ് എക്സ് ലൈൻ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവയാണ് മോഡലിന്റെ എതിരാളികൾ.