അടിമുടി മാറ്റങ്ങളുമായി ബിഎംഡബ്ല്യു എക്‌സ്1  ഇന്ത്യയിലെത്തി

അടിമുടി മാറ്റങ്ങളുമായി ബിഎംഡബ്ല്യു എക്‌സ്1 ഇന്ത്യയിലെത്തി

12 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, അഡാസ് സംവിധാനങ്ങള്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിങ്ങനെ വാഹനത്തിൽ ഫീച്ചറുകളുടെ നീണ്ടനിര
Updated on
3 min read

ഇലക്ട്രിക് വാഹനങ്ങളിലേക്ക് രാജ്യം പൂര്‍ണമായി മാറുന്നതിനു മുന്‍പ് പെട്രോള്‍, ഡീസല്‍ പതിപ്പുകളെ മുഖം മിനുക്കി അവതരിപ്പിക്കുകയാണ് ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഈ മാസം എക്‌സ് 7ന്റെ പരിഷ്‌കരിച്ച പതിപ്പിനെ അവതരിപ്പിച്ച ശേഷം ഇപ്പോഴിതാ എക്‌സ് 1ന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിനെയും ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

മുന്‍ മോഡലിനെപ്പോലെ തന്നെ പുതിയ എക്‌സ്1 ഉം പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാകും

എക്‌സ് ലൈന്‍, എം സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എന്‍ട്രി ലെവല്‍ ലക്ഷ്വറി എസ്യുവിയായ വാഹനം ഇന്ത്യയിലെത്തുന്നത്. മുന്‍ മോഡലിനെപ്പോലെ തന്നെ പുതിയ എക്‌സ്1 ഉം പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാകുമെങ്കിലും ഓള്‍-വീല്‍ ഡ്രൈവ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിട്ടില്ല. ഡീസല്‍ എന്‍ജിന്‍ പതിപ്പുകള്‍ മാര്‍ച്ച് മാസം മുതലും പെട്രോള്‍ പതിപ്പ് 2023 ജൂണ്‍ മാസത്തിലും ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി

എം സ്പോര്‍ട്ട് വേരിയന്റുകള്‍ക്ക് സ്‌പോര്‍ട്ടിയായ ബമ്പറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

മുന്‍ മോഡലിനെക്കാള്‍ 53 എംഎം നീളവും 24 എംഎം വീതിയും 44 എംഎം ഉയരവും വര്‍ധിപ്പിച്ചതോടൊപ്പം 22 എംഎം വീല്‍ബേസും വാഹനത്തിന് കൂടിയിട്ടുണ്ട്. വലിയ കിഡ്‌നി ഗ്രില്‍, സില്‍വര്‍ ഇന്‍സേര്‍ട്ടുകളോടുകൂടിയ ബമ്പര്‍, എല്‍ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ മുന്‍വശത്തെ കാഴ്ചയ്ക്ക് ഭംഗി വര്‍ധിപ്പിക്കുന്നു.

18 ഇഞ്ച് അലോയ് വീലുകളും, പിന്‍ഭാഗത്ത് നിവര്‍ന്നു കിടക്കുന്ന എല്‍ഇഡി ടെയില്‍-ലാമ്പുകളും വാഹനത്തിന്റെ മാറ്റുകൂട്ടുന്നു. എം സ്പോര്‍ട്ട് വേരിയന്റുകള്‍ക്ക് സ്‌പോര്‍ട്ടിയായ ബമ്പറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

പിന്‍സീറ്റ് യാത്രക്കാര്‍ക്കും മികച്ച സ്ഥലസൗകര്യമുള്ള വാഹനത്തിന് 476 ലിറ്ററാണ് ബൂട്ട് സ്‌പെയ്‌സ്

എക്‌സ് 1ന്റെ ഇന്റീരിയറും കൂടുതല്‍ ആധുനികമാക്കി മാറ്റിയിട്ടുണ്ട് ബിഎംഡബ്ല്യു. പുതിയ ഡാഷ്ബോര്‍ഡില്‍ കര്‍വ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയാണ് പ്രധാന ആകര്‍ഷണം. കൂടുതല്‍ സ്റ്റോറേജ് സ്പെയ്സുകളും ഫിസിക്കല്‍ ബട്ടണുകള്‍ ഉള്‍ക്കൊള്ളുന്ന ഫ്‌ലോട്ടിംഗ് സെന്റര്‍ കണ്‍സോളും ഡാഷ്ബോര്‍ഡിന്റെ ഭംഗി വര്‍ധിപ്പിക്കുന്നുണ്ട്.

സ്ലിം എസി വെന്റുകളും ഡാഷില്‍ ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. വിശാലമായ സ്ഥലസൗകര്യമാണ് പുതിയ എക്‌സ് 1ന്റെ മറ്റൊരു സവിശേഷത. പിന്‍സീറ്റ് യാത്രക്കാര്‍ക്കും മികച്ച സ്ഥലസൗകര്യമുള്ള വാഹനത്തിന് 476 ലിറ്ററാണ് ബൂട്ട് സ്‌പെയ്‌സ്.

രണ്ട് എഞ്ചിനുകളും 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുമായാണ് പുത്തന്‍ എക്‌സ്1ന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ്. 136 ബിഎച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കുമാണ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. 9.2 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എഞ്ചിന് കഴിയുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. എആര്‍എഐ കണക്കുകള്‍ പ്രകാരം ലിറ്ററിന് 16.3കിലോമീറ്ററാണ് പെട്രോള്‍ എഞ്ചിന്റെ ഇന്ധനക്ഷമത.

ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം ഇല്ലാത്തത് വാഹനത്തിന്‍റെ പോരായ്മയാണ്

2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 150 ബിഎച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8.9 സെക്കന്‍ഡ് മതി ഡീസല്‍ എഞ്ചിന് വാഹനത്തെ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് വലിച്ചുകൊണ്ട് പായാന്‍. ലിറ്ററിന്20.37 കിലോമീറ്ററാണ് ഇന്ധനക്ഷമത. രണ്ട് എഞ്ചിനുകളും 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. പക്ഷേ ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം ഇല്ലാത്തത് പോരായ്മയായി പറയാം.

10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.70 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, അഡാസ് സംവിധാനങ്ങള്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിരയാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.

പാര്‍ക്കിംഗ് അസിസ്റ്റ് ഫീച്ചര്‍, സ്പോര്‍ട്സ് സീറ്റുകള്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം സ്പോര്‍ട്ട് പതിപ്പിന് മുന്‍ സീറ്റുകള്‍ക്ക് മസാജ് ഫങ്ഷനും ലഭിക്കുന്നു.

മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍എ, പുതിയ ഔഡി ക്യൂ3, വോള്‍വോ എക്‌സ്‌സി40 എന്നിവയാണ് ഇന്ത്യയിലെ എക്‌സ്1ന്റെ പ്രധാന എതിരാളികള്‍. പെട്രോള്‍ എന്‍ജിന്‍ പതിപ്പിന് 45.90 ലക്ഷം രൂപയും, ഡീസല്‍ പതിപ്പിന് 47.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില.

logo
The Fourth
www.thefourthnews.in