ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 25,000 വരെ വിലക്കിഴിവ്; വാലന്റൈൻസ് ഡേ ഓഫർ മാർച്ച് വരെ നീട്ടി ഒല
വിൽപ്പനയിലെ കുതിച്ചു ചാട്ടത്തിന് പിന്നാലെ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡിസ്‌കൗണ്ട് പ്രൈസിങ് സ്കീം മാർച്ച് 31 വരെ നീട്ടി ഒല. ഫെബ്രുവരി അവസാനം അവസാനിക്കാനിരുന്ന ഓഫറാണ് കമ്പനി ഒരുമാസത്തേക്ക് കൂടി നീട്ടിയത്. ഇതുപ്രകാരം വിവിധ സീരീസുകൾക്ക് 17,500 മുതൽ 25,000 വരെയാണ് വിലക്കിഴിവ്. ഓഫർ പ്രഖ്യാപിച്ചതിനുശേഷം 2024 ഫെബ്രുവരി മാസത്തില്‍ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തിയതായി ഒല ഇലക്ട്രിക് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം വാലന്റൈൻസ് ഡേ പ്രമാണിച്ചായിരുന്നു ഒല വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചത്. 2024 ഫെബ്രുവരിയില്‍ 35,000 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രജിസ്‌ട്രേഷന്‍ നടത്തി വിപണി വിഹിതം 42 ശതമാനമാക്കി കമ്പനി ഉയര്‍ത്തിയിരുന്നു. S1 X+, S1 Air, S1 Pro മോഡലുകൾക്കാണ് കമ്പനി ഡിസ്‌കൗണ്ട് നൽകിയത്. ഒലയുടെ മുൻനിര മോഡലായ എസ്1 പ്രോയ്ക്ക് ഇപ്പോൾ 1.30 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 1,47,500 രൂപയായിരുന്നു നേരത്തെ ഇതിന്റെ എക്സ് ഷോറൂം വില. ഓഫർ പ്രകാരം 17,500 രൂപയാണ് കിഴിവ്.
എസ് 1 എയറിന് 1.20 ലക്ഷം രൂപയാണ് യഥാർഥത്തിൽ എക്സ് ഷോറൂം വില. ഇതിന് 15,000 രൂപ കുറച്ച് 1.05 ലക്ഷം രൂപയാണ് നിലവിലെ വില. Ola S1 X+ 25,000 രൂപയുടെ കിഴിവാണ് കമ്പനി നൽകുന്നത്. എക്‌സ്-ഷോറൂം വില 1.10 ലക്ഷം രൂപയിൽ നിന്ന് 85,000 ആയി കുറഞ്ഞു.
ഓഫറുകൾക്ക് മുൻപേ തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി റെക്കോഡ് വില്‍പ്പനയാണ് ഒല രേഖപ്പെടുത്തുന്നത്. 2023 ഡിസംബര്‍, 2024 ജനുവരി മാസങ്ങളില്‍ കമ്പനി 30,000 രജിസ്‌ട്രേഷനുകള്‍ രേഖപ്പെടുത്തിയിരുന്നു. ഡിസംബറില്‍ ഒരു മാസത്തില്‍ 30,000 യൂണിറ്റ് രജിസ്‌ട്രേഷന്‍ നേടിയ ആദ്യത്തെ ഇലക്ട്രിക് ടൂവീലര്‍ നിർമാതാക്കളായിരുന്നു ഒല ഇലക്ട്രിക്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1,00,000 രജിസ്‌ട്രേഷനുകളാണ് കമ്പനി രേഖപ്പെടുത്തിയത്.കഴിഞ്ഞ കലണ്ടര്‍ വര്‍ഷം സ്ഥിരമായി പ്രതിമാസം 20,000 യൂണിറ്റുകള്‍ക്ക് മുകളിൽ വിൽപ്പന നേടിയിരുന്നു.
79,999 രൂപ മുതലാണ് ഒല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയുടെ വില ആരംഭിക്കുന്നത്. S1 എയര്‍, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററി പായ്ക്കിന് ഇപ്പോള്‍ എട്ട് വര്‍ഷത്തെ അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വാറണ്ടിയും ഒല ഇലക്ട്രിക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിലുണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി അധികമായി 5,000 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റര്‍ എക്സ്റ്റന്‍ഡഡ് വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു.