കേരളം മാറുന്നു ഇലക്ട്രിക് വാഹനത്തിലേക്ക്; വില്‍പ്പനയില്‍ 300 ശതമാനം വര്‍ധന

കേരളം മാറുന്നു ഇലക്ട്രിക് വാഹനത്തിലേക്ക്; വില്‍പ്പനയില്‍ 300 ശതമാനം വര്‍ധന

ഇരുചക്രവാഹനങ്ങള്‍, കാറുകള്‍ തുടങ്ങി ഇലക്ട്രിക് ബസുകള്‍ വരെ കേരള നിരത്തില്‍ സജീവം
Updated on
3 min read

കേരളനിരത്തുകളിലും ഇലക്ട്രിക്ക് വാഹനങ്ങള്‍ നിറയുന്നു. 2017ല്‍ 75 വാഹനങ്ങള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോഴുള്ളത് 31,000ല്‍ അധികം ഇലക്ട്രിക്ക് വാഹനങ്ങള്‍. കഴിഞ്ഞ വര്‍ഷം മാത്രം, വില്‍പ്പനയില്‍ 300 ശതമാനത്തിലധികം വര്‍ധനയാണുണ്ടായത്. 2021ല്‍ 8700 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം 31,000ലധികം വാഹനങ്ങള്‍ കേരളനിരത്തില്‍ ഓടുന്നുണ്ടെന്ന് കണക്കുകള്‍. 2021ല്‍ ഇന്ത്യയിലെ ഇലക്ട്രിക്‌ വാഹനങ്ങളുടെ എണ്ണം 90,102 ആയിരുന്നത് ഇപ്പോള്‍ 3,90,429 ആയി വര്‍ധിച്ചു. സുഖപ്രദമായ യാത്രയും, കുറഞ്ഞ പരിപാലന ചെലവുമാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ക്ക് എക്‌സ്-ഷോറൂം വിലയുടെ 9 മുതല്‍ 21 ശതമാനം വരെയാണ് നികുതി

ഇന്ധന വില കുതിച്ചുയര്‍ന്നതാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അപ്രതീക്ഷിത സ്വീകാര്യത ലഭിക്കാന്‍ കാരണമായത്. വില്‍പ്പനയെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകളും ഫലംകണ്ടു. കേരളത്തില്‍ പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ക്ക് എക്‌സ്-ഷോറൂം വിലയുടെ 9 മുതല്‍ 21 ശതമാനം വരെ നികുതി ഈടാക്കുമ്പോള്‍ ഇലക്ട്രിക് വാഹനത്തിന് 4.2 ശതമാനം മാത്രമാണ് നികുതി. ജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ഈ നികുതിയിളവ് കാരണമായി.

ഇലക്ട്രിക് പോസ്റ്റുകളില്‍ ചാര്‍ജിങ് കൗണ്ടറുകള്‍ സ്ഥാപിച്ചുകൊണ്ട് കെ എസ് ഇ ബി യും, പി ഡബ്ല്യു ഡിയുടെ പൊതുസ്ഥലത്ത് സ്മാര്‍ട്ട് ചാര്‍ജിങ് സെന്ററുകള്‍ സ്ഥാപിക്കാനുള്ള ഗതാഗത വകുപ്പിന്റെ പദ്ധതിയും കേരളത്തിലെ ഇലക്ട്രിക് വാഹനവിപ്ലവത്തിന് ആക്കം കൂട്ടി.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും, വൈദ്യുത ബോര്‍ഡും 65 വീതം ടാറ്റയുടെ ഇലക്ട്രിക് കാറുകള്‍ വാങ്ങിയിരുന്നു. ടാറ്റ, കിയ, ഹ്യുണ്ടായ്, എംജി, ബി.വൈ.ഡി എന്നീ കമ്പനികള്‍ക്കും മെഴ്‌സിഡീസ് ബെന്‍സ്, ഔഡി, ജാഗ്വാര്‍ എന്നീ ആഡംബര വാഹന നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ ഇലക്ട്രിക് പാസഞ്ചര്‍ കാറുകളുണ്ട്.

വളരെ വിപുലമായ ഇലക്ട്രിക് ഇരുചക്ര വാഹനനിരയാണ് കേരളത്തിനുള്ളത്. ടി വി എസ്, ഒല, ഹീറോ, എന്നീ പ്രമുഖ നിര്‍മാതാക്കള്‍ എലസ്‌കോ, എലക്ട്രോഗ്രീന്‍ മോട്ടോഴ്‌സ് തുടങ്ങിയ തദ്ദേശീയ കമ്പനികള്‍ ഉള്‍പ്പടെ ഇരുപതിലധികം ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളുടെ സാന്നിധ്യം കേരള നിരത്തുകളിലുണ്ട്.

നിലവിലെ ബസുകള്‍ക്ക് ഒരു കിലോമീറ്റര്‍ ഓടാന്‍ 37രൂപ ചെലവ് വരുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് വെറും 20 രൂപയാണ് ചെലവ്

കേരളത്തിലെ പൊതുഗതാഗത രംഗത്തേക്കും ഇലക്ട്രിക്ക് വാഹനങ്ങള്‍ ഗംഭീര കടന്നുവരവാണ് നടത്തിയത്. സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റുമായി സഹകരിച്ച് വാങ്ങിയ 50 ഇലക്ട്രിക് ബസുകളില്‍ 25 ബസുകള്‍ സര്‍വീസ് ആരംഭിക്കും. നിലവിലെ ബസുകള്‍ക്ക് ഒരു കിലോമീറ്റര്‍ ഓടാന്‍ 37രൂപ ചെലവ് വരുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് വെറും 20 രൂപയാണ് ചെലവ് .

30000 രൂപ വരെയാണ് ഇലക്ട്രിക് ഓട്ടോകള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സബ്‌സിഡി. നിലവിലുള്ള ഓട്ടോകള്‍ ഇലക്ട്രിക്കിലേക്ക് മാറ്റം വരുത്തിയാല്‍ 15,000 രൂപ സബ്‌സിഡി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. പിയാഗിയോ കമ്പനി കോഴിക്കോട് തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ അവരുടെ ഇലക്ട്രിക് ഓട്ടോകള്‍ അവതരിപ്പിച്ചുകഴിഞ്ഞു.

ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനിയായ മഹീന്ദ്രയുടെ ട്രിയോ എന്ന മോഡലാണ് നിരത്തുകളില്‍ സാധാരണയായി കണ്ടുവരുന്നത്. ഇവയോടൊപ്പം സര്‍ക്കാര്‍ സ്ഥാപനമായ കെ എ എല്ലിന്‍റെ ഇലക്ട്രിക് ഓട്ടോകള്‍ കൂടി എത്തിയാല്‍ കേരള നിരത്തുകളിലെ ഭൂരിഭാഗം ഓട്ടോറിക്ഷകളും ഇലക്ട്രിക് ആയി മാറും. ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് സബ്‌സിഡി അനുവദിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

logo
The Fourth
www.thefourthnews.in