ചെങ്കടല്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് ഔഡിയും; ഇന്ത്യയിലേക്കുള്ള വില്‍പനയെ ബാധിച്ചെന്ന് വെളിപ്പെടുത്തല്‍
ഇസ്രയേലിന്റെ ഗാസ അധിനിവേശത്തെ തുടര്‍ന്ന് രൂപപ്പെട്ട ചെങ്കടല്‍ പ്രതിസന്ധി വാഹന നിര്‍മാണ മേഖലയേയും ബാധിക്കുന്നു. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ വിതരണ ശൃംഖലയെയാണ് ചെങ്കടലിലെ ഹൂതി വിമതരുടെ ആക്രമണവും അമേരിക്കന്‍ സഖ്യകക്ഷികളുടെ പ്രത്യാക്രമണവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഔഡിയുടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള കാര്‍ വില്‍പനയെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. എന്നാല്‍, വരും മാസങ്ങളില്‍ സ്ഥിതി മൈച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതയും കമ്പനി വിലയിരുത്തുന്നുണ്ടെന്ന് ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിങ് ധില്ലണ്‍ പറഞ്ഞു.
''കാലാകാലങ്ങളില്‍ വിവിധ ഘടകങ്ങളുടെ വെല്ലുവിളി ഉണ്ടാകാറുണ്ട്. അടുത്തിടെ രൂപപ്പെട്ട ചെങ്കടലിലെ സാഹചര്യം കാരണം 2024-ലെ ഒന്നാം പാദത്തില്‍ വിതരണ ശൃംഖല പ്രതിസന്ധി നേരിടുന്നുണ്ട്. ആദ്യ പാദത്തില്‍ ഇത് ഞങ്ങള്‍ക്ക് വെല്ലുവിളിയാണ്, എന്നാല്‍ വരും മാസങ്ങളില്‍ വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'', അദ്ദേഹം പറഞ്ഞു. നിലവില്‍ ചില മോഡലുകളുടെ ഉപഭോക്താക്കള്‍ക്കുള്ള ഡെലിവറി ഏതാനും ആഴ്ചകള്‍ വൈകിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതകളിലൊന്നായ ചെങ്കടലില്‍ കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതര്‍ ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേല്‍, അമേരിക്ക, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ ആക്രണം നടത്തുന്നത്.
ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടെ വര്‍ധനവ് മാരത്തോണ്‍ പോലെയാണെന്നും തങ്ങള്‍ക്ക് വളരെക്കാലം മുന്നോട്ട് ഓടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഡംബര കാറുകളുടെ ഇടയില്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മാണം 6-7 ശതമാനമാണ്. തങ്ങള്‍ നിര്‍മിക്കുന്നത് മൂന്നു ശതമാനം ആണെന്നും കമ്പനിയുടെ മിക്ക ഉത്പ്പന്നങ്ങളുടെയും വില 1.2 കോടിക്ക് മുകളില്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
ഔഡി ആഗോളതലത്തില്‍ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. അവയില്‍ ചിലത് ഇന്ത്യയിലും എത്തിക്കും. ഈ കാറുകള്‍ ഇന്ത്യയിലും നിര്‍മിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ വിലയിരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. എപ്പോള്‍, എങ്ങനെ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല, എന്നാല്‍ ഭാവിയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് കരുതുന്നു. പക്ഷേ ഞങ്ങള്‍ ആ പദ്ധതിയിലേക്ക് നീങ്ങുകയാണ്. നമ്മുടെ ഭാവി പെട്രോളും ഇലക്ട്രിക്കും ആണെന്ന് വളരെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.