ഒറ്റ ചാർജിൽ ഇത്രയും ദൂരം ഓടുമോ?; ഇന്ത്യയിൽ സിംപിൾ വൺ ഇലക്ട്രിക് സ്കൂട്ടർ ഡെലിവറി ആരംഭിച്ചു

ഒറ്റ ചാർജിൽ ഇത്രയും ദൂരം ഓടുമോ?; ഇന്ത്യയിൽ സിംപിൾ വൺ ഇലക്ട്രിക് സ്കൂട്ടർ ഡെലിവറി ആരംഭിച്ചു

വിവിധ ഫീച്ചറുകളോടെയെത്തുന്ന ഇലക്ട്രിക് സ്കൂട്ടറിന് 1.45 ലക്ഷം രൂപയാണ് പ്രാരംഭ വില
Updated on
2 min read

ബെംഗളൂരു ആസ്ഥാനമായുള്ള, ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ സിംപിൾ എനർജി തങ്ങളുടെ ആദ്യ ഉത്പന്നമായ സിംപിൾ വൺ ഇന്ത്യൻ വിപണിയിൽ വിതരണം ആരംഭിച്ചു. വിവിധ ഫീച്ചറുകളോടെയെത്തുന്ന ഇലക്ട്രിക് സ്കൂട്ടറിന് 1.45 ലക്ഷം രൂപയാണ് പ്രാരംഭ വില. ആദ്യ 15 സ്കൂട്ടറുകൾ ഉപഭോക്താക്കൾക്ക് നൽകി കൊണ്ടാണ് വിതരണം സിംപിൾ എനർജി ആരംഭിച്ചത്. നിലവിൽ ഒരു ലക്ഷത്തിലധികം ബുക്കിങുകൾ ലഭിച്ചതായും കമ്പനി അവകാശപ്പെടുന്നു.

2021 ഓഗസ്റ്റിലാണ് സിംപിൾ വൺ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രാരംഭ ബുക്കിങ് ആരംഭിച്ചത്. പല കാരണങ്ങളാൽ വാഹനത്തിന്റെ ലോഞ്ച് വൈകുകയായിരുന്നു. എഐഎസ് മൂന്നാം ഭേദഗതി അനുസരിച്ച് ബാറ്ററി സുരക്ഷ ഉറപ്പ് വരുത്തുന്ന ആദ്യത്തെ വൈദ്യുത സ്‌കൂട്ടറാണ് സിംപിൾ വൺ. 2.77 സെക്കൻഡിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഉയർന്ന വേഗത മണിക്കൂറിൽ 105 കിലോമീറ്റുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഇക്കോ, റൈഡ്, ഡാഷ്, സോണിക് എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളിലാണ് വാഹനമെത്തുന്നത്. 134 കിലോഗ്രാം ഭാരമുള്ള ഈ സെഗ്‌മെന്റിലെ ഏറ്റവും ഭാരമേറിയ ഇ-സ്‌കൂട്ടറുകളിൽ ഒന്നാണിത്. 8.5 kW മോട്ടോറിന് പരമാവധി 72Nm ടോര്‍ക്ക് വരെ നല്‍കാനാവും. നേരത്തെ പ്രഖ്യാപിച്ച 4.8 kWh ബാറ്ററി പാക്കിനെ അപേക്ഷിച്ച് 5 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നത്. ഒറ്റ ചാര്‍ജില്‍ സിംപിള്‍ വണ്‍ 212 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 134 കിലോഗ്രാം ആണ് സിംപിള്‍ വണിന്റെ ഭാരം.

ചുവപ്പ്, നീല, കറുപ്പ്, വെളുപ്പ് തുടങ്ങി നാല് മോണോടോണിലും രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും വാഹനം ലഭ്യമാകും. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടെലിമാറ്റിക്സ്, റൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, OTA അപ്ഡേറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഇ- സ്കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്. 750W ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂര്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

മെയ് 23-ന് വിപണിയില്‍ എത്തിയ സിമ്പിള്‍ വണ്ണിന്റെ ഡെലിവറി ജൂൺ ആറിന് ബെംഗളൂരുവിലാണ് ആരംഭിച്ചത്. ഘട്ടംഘട്ടമായി ഡെലിവറി രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. 40-50 നഗരങ്ങളിലായി ഉടന്‍ തന്നെ 160 മുതല്‍ 180 വരെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. തമിഴ്നാട്ടിലെ ശൂലഗിരിയിലെ പ്ലാന്റിലാണ് സിംപിൾ വൺ സ്കൂട്ടറുകൾ നി‍ർമിക്കുന്നത്.

logo
The Fourth
www.thefourthnews.in