ഒറ്റചാർജിൽ 560 കിലോമീറ്റർ; ഇലക്ട്രിക്ക് എസ് യു വിയുമായി സ്‌കോഡയും
ഇലക്ട്രിക്ക് വാഹന രംഗത്തേക്ക് കടന്നുവരുന്ന സ്കോഡയെ സംബന്ധിച്ച് പിടിച്ചുനില്‍ക്കാന്‍, നിലവിലെ ഇ വികളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രത്യേകത അവരുടെ വാഹനത്തിനുണ്ടാകണം. അതുകൊണ്ടുതന്നെ മിഡിൽ ക്ലാസിനെ ആകർഷിക്കുന്ന വണ്ടിയുമായാണ് സ്കോഡ രംഗത്തെത്തുന്നത്. പുതുതായി പ്രഖ്യാപിച്ച 'എൽറോഖ്' ആണ് സോഡയുടെ ആ അഭിമാന വാഹനം.
ഫോക്സ് വാഗൺ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമായ എംഇബി പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ആകർഷണം ഈ വണ്ടിയുടെ റേഞ്ച് തന്നെയാണ്. ഒറ്റ ചാർജിൽ 560 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് വണ്ടിയുടെ പ്രത്യേകത.
ഈ വർഷം നവംബറിൽ പുറത്തിറങ്ങേണ്ട 'എൻയാഖ്' എന്ന വാഹനം തന്നെയായിരിക്കും സ്‌കോഡയുടെ പ്രധാനപ്പെട്ട ഇലക്ട്രിക്ക് എസ് യു വി. അത് പ്രീമിയം വിഭാഗത്തിൽ അവതരിപ്പിക്കുന്ന വാഹനമാണെങ്കിൽ മിഡ്റേഞ്ച് ഗണത്തിൽപ്പെടുന്നതായിരിക്കും എൽറോഖ്.
രണ്ട് ഇവി എസ് യു വികൾ ഫോക്സ്‌വാഗൺ ഗ്രൂപ്പിൽ നിന്ന് വരുന്നു എന്ന ആവേശത്തിലാണ് വാഹനപ്രേമികൾ. എൽറോഖിന് റിയർ വീൽ ഡ്രൈവും ഓൾ വീൽ ഡ്രൈവും ഉണ്ടാകുമെന്നതും വാഹനപ്രേമികളെ സംബന്ധിച്ച് സന്തോഷം നൽകുന്ന വാർത്തയാണ്. അത്യാവശ്യം ഓഫ് റോഡ് ചെയ്യാൻ സാധിക്കുന്ന ഒരു ഇ വി എന്നത് ഏറെ ആവേശമുണ്ടാക്കുന്ന കാര്യമാണ്.
നിരവധി പരീക്ഷണങ്ങൾക്ക് വിധേയമാക്കിയ സ്‌കോഡയുടെ ശക്തമായ മെറ്റൽ ബോഡിയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ വണ്ടിയായിരിക്കും എൽറോഖ്. എൽറോഖിന്റെ രൂപം പൂർണമായും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ടെസ്റ്റിംഗ് വണ്ടികൾ മാത്രമാണ് ഇപ്പോൾ പുറത്തുകാണാനുള്ളത്. സ്പ്ലിറ്റ് ഹെഡ്‍ലാമ്പുകളാണ് വണ്ടിക്ക് നൽകിയിരിക്കുന്നത്. രണ്ടുഭാഗങ്ങളായി വേർതിരിച്ച രീതിയിലുള്ള ഹെഡ്‍ലാമ്പുകൾ വാഹനത്തിന് സ്‌പോർട്ടി ലുക്ക് നൽകുന്നു.
ഇ വി വണ്ടികളിലുണ്ടാകാറുള്ള പൂർണമായും അടഞ്ഞതായി കാണുന്ന ഗ്രിൽ ഏരിയ സ്‌കോഡയിലും അങ്ങനെ തന്നെയാണ്. എന്നാൽ എൻയാഖിന്റെ ഡിസൈൻ പുറത്ത് വന്നപ്പോഴും സാധാരണഗതിയിൽ ഒരുപോലെ തോന്നാറുള്ള മറ്റെല്ലാ വണ്ടികളിലുമുള്ള അടഞ്ഞ ഗ്രിൽ ഭാഗം ട്രാൻസ്പരന്റ് ആയ എലമെന്റ് നൽകി സ്കോഡ കൂടുതൽ മനോഹരമാക്കിയതായി കാണാമായിരുന്നു. സമാനമായ രീതിയിൽ എൽറോഖിലും ഗ്രിൽ ഏരിയ മനോഹരമായി ഡിസൈൻ ചെയ്തിട്ടുണ്ടെന്നാണ് ടെസ്റ്റ് വാഹനങ്ങളിൽ നിന്ന് മനസിലാകുന്നത്.
ഒറ്റക്കാഴ്ചയിൽ സ്‌കോഡയുടെ മറ്റ് എസ് യു വികളുമായി രൂപസാദൃശ്യം തോന്നുന്നുണ്ട് എൽറോഖിന്. പ്രത്യേകിച്ച് വണ്ടിയുടെ ബോഡിലൈനുകൾ. റൂഫ് ലൈനുകൾ റിയർ സ്‌പോയ്‌ലറുകളിലേക്ക് വന്നു ചേരുന്നു. ടെയിൽ ലാമ്പ് ഉൾപ്പെടെ പലഭാഗത്തും സ്‌കോഡയുടെ മറ്റ് എസ് യു വികളുമായി സാമ്യതയുണ്ട്.
നാല് വേരിയന്റുകളിലായാണ് വാഹനം പുറത്തിറങ്ങുന്നത്. എൽറോഖ് 50 ആണ് ബേസ് മോഡൽ. ഈ മോഡലിൽ 125 കിലോ വാട്സ് ഉള്ള ഇലക്ട്രിക്ക് മോട്ടോറും 55 കിലോവാട്സ് ഉള്ള ബാറ്ററി പാക്കുമായിരിക്കും. അടുത്ത വേരിയന്റ് എൽറോഖ് 60. കൂടുതൽ ശക്തമായ 150 കിലോവാട്സ് ഇലക്ട്രിക് മോട്ടോറും കൂടുതൽ ക്ഷമതയുള്ള 63 കിലോവാട്സ് ബാറ്ററി പാക്കും. ടോപ് ഏൻഡ് വേരിയന്റുകളായി എൽറോഖ് 85, 85 എക്സ് എന്നിങ്ങനെ രണ്ട് മോഡലുകളുണ്ടാകും. അതിൽ 82 കിലോവാട്ട്സിന്റെ ബാറ്ററി പാക്കും 210 കിലോവാട്ട്സിന്റെ ഇലക്ട്രിക്ക് മോട്ടോറുമുണ്ടാകും. എക്സ് വേരിയന്റിൽ മുന്നിൽ ഒരു ഇലക്ട്രിക് മോട്ടോർ കൂടി അധികമായുണ്ടാകും.
എൽറോഖിന്റെ പ്രകടനം എങ്ങനെയാകുമെന്ന് നമ്മൾ കണ്ട് മനസിലാക്കേണ്ടതാണ്. യാഥാർത്ഥരൂപം ഈ വർഷം അവസാനത്തേക്ക് കമ്പനി പുറത്തുവിടും. വാഹനം 2025ൽ മാത്രമേ വിപണിയിലെത്തുകയുള്ളു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.