മാരുതിയുടെ മൈക്രോ എസ്‌യുവി ഡൽഹിയിൽ പരീക്ഷണ ഓട്ടത്തിൽ; സുസുക്കി ഹസ്‌ലർ ഇന്ത്യൻ വിപണിയിലേക്ക്?
മാരുതി സുസുക്കി തങ്ങളുടെ പുതിയ കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മൈക്രോ എസ്‌യുവി വിഭാഗത്തിൽപ്പെടുന്ന സുസുക്കി ഹസ്‌ലർ ഡൽഹിയിലെ നിരത്തുകളിൽ അടുത്തിടെ നടത്തിയ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമാവുന്നത്. ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററും മത്സരിക്കുന്ന മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് പുതിയ വാഹനം കൊണ്ട് വരവറിയിക്കാനാണ് സുസുക്കിയുടെ തീരുമാനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2014-ൽ ആഗോള വിപണിയിൽ അവതരിപ്പിച്ച സുസുക്കി ഹസ്‌ലർ ബോക്‌സി ടോൾ ബോയ് ഡിസൈനുള്ള മൈക്രോ എസ്‌യുവിയാണ്. ജപ്പാനിലെ കെയ് കാറുകളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നതാണിത്. ജാപ്പനീസ് ചെറുകാറുകൾക്കായി അറിയപ്പെടുന്ന സെഗ്‌മെൻ്റാണ് കെയ് കാറുകളുടേത്. നേരത്തെ തന്നെ വിദേശ രാജ്യങ്ങളിൽ വലിയ ഹിറ്റാണ് ഹസ്റ്റ്‌ലർ. 2014-ൽ പുറത്തിറക്കിയ ഇത് സുസുക്കിയുടെ അറിയപ്പെടുന്ന പ്രധാന കാറുകളിലൊന്നാണ്.
വാഗൺആറിനെയും ജിംനിയെയും ഓർമിപ്പിക്കുന്ന സവിശേഷവും നിറത്തിന് അത്ര പരിചിതവുമല്ലാത്തതാണ് ഹസ്‌ലറിന്റെ ഡിസൈൻ. ഒരു വലിയ ഗ്ലാസ് ഏരിയയും ബോക്‌സി ഡിസൈനുമാണ് ഇതിനുള്ളത്.
റൂഫ് റെയിലുകൾ, ബോഡി ക്ലാഡിങ് എന്നിവ പോലെ കുറച്ച് ക്രോസ്ഓവർ ഘടകങ്ങളും കൂടി ഇതിലേക്ക് ചേരുന്നുണ്ട്. ഇതിന് 3.3 മീറ്റർ നീളവും 1,475 എംഎം വീതിയുമുണ്ട്. വളരെ ചെറിയ ഓവർഹാംഗുകളോട് കൂടിയ 2,425 എംഎം വീൽബേസാണ് ഹസ്‌ലറിനുള്ളത്. ഇതനുസരിച്ച് മാരുതി സുസുക്കി ആൾട്ടോ കെ 10 അല്ലെങ്കിൽ എംജി കോമറ്റ് ഇവിയുടെ അതേ സെഗ്മെന്‍റിൽപ്പെടുന്നു.
അപ്പ്-റൈറ്റായ ബോണറ്റും പരന്ന ഫാസിയയും ആണ് വാഹനത്തിന്റെ മറ്റ് പ്രത്യേകതകൾ. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളുള്ള നേരായ ഫ്രണ്ട് ഫാസിയയും ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകളുള്ള സ്ലാബ്-വശങ്ങളുള്ള പിൻഭാഗവും ഇതിലുണ്ട്. ഇതിന് ചുറ്റും കറുത്ത ക്ലാഡിങ്ങോടുകൂടിയ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളുണ്ട്.
മറ്റ് ഡിസൈൻ വിശദാംശങ്ങളിൽ വൈ-സ്‌പോക്ക് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ എന്നിവ ഉൾപ്പെടുന്നു. എക്സ്റ്റീരിയർ ലുക്കിൽ കുഞ്ഞനായി തോന്നാമെങ്കിലും മുതിർന്ന നാല് പേർക്ക് സുഖമായി ഇരിക്കാനും യാത്ര ചെയ്യാനുമുള്ള സ്പേസാണ് സുസുക്കി ഹസ്‌ലറിനകത്തുള്ളത്.
നിലവിൽ സുസുക്കി യൂട്ടിലിറ്റി വാഹന വിഭാഗത്തിലാണ് മാരുതി സുസുക്കി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബ്രെസ , ഫ്രോങ്ക്സ് , ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകൾ ചൂടപ്പം പോലെ വിറ്റുപോയതിന് ശേഷം ക്രോസ്ഓവറുകൾ, എസ്‌യുവികൾ, എംപിവികൾ തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളിലാണ് കമ്പനിയുടെ ശ്രദ്ധ.