'ഇനി വിട്ടുവീഴ്ചയില്ല'; മികച്ച സേഫ്റ്റി ഫീച്ചേഴ്സുമായി ടാറ്റ ആൾട്രോസ് സിഎൻജി
പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറവാണെങ്കിലും സിഎൻജി കാറുകളെന്ന് കേൾക്കുമ്പോൾ ആളുകൾ വാങ്ങാൻ മടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. വാഹനത്തിന്റെ പിന്നിലെ ബൂട്ടിൽ പിടിപ്പിച്ചിരിക്കുന്ന സിലിണ്ടർ തന്നെയായിരുന്നു പ്രധാന കാരണം. കൂടാതെ പവർ ഡ്രോപ്, സിഎൻജി സിലിണ്ടർ, സ്ഥല പരിമിതി തുടങ്ങി നിരവധി പ്രശ്നങ്ങൾ സിഎൻജി കാറുകൾ നേരിടുന്ന വെല്ലുവിളികളാണ്. എന്നാൽ ഇത്തരം കുറവുകളെല്ലാം പരിഹരിച്ചാണ് ടാറ്റ, ആൾട്രോസ് ഐസിഎൻജി രംഗത്തിറക്കിയത്.
കഴിഞ്ഞ ആഴ്ചയാണ് ടാറ്റ മോട്ടോഴ്‌സ് ശ്രദ്ധേയമായ ചില പുതിയ സവിശേഷതകളോടെ ആൾട്രോസ് ഐസിഎൻജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സിഎന്‍ജി ടാങ്കുകള്‍ക്ക് ഡ്യുവല്‍ സിലിണ്ടര്‍ സെറ്റപ്പില്‍ വരുന്ന ടാറ്റയുടെ ആദ്യ വാഹനം കൂടിയാണ് ആൾട്രോസ് ഐസിഎൻജി. ഈ ഇരട്ട സിലിണ്ടർ സാങ്കേതികവിദ്യ ബൂട്ട് സ്‌പേസിന്റെ പ്രശ്‌നം ഒരു പരിധി വരെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതല്‍ ബൂട്ട് സ്‌പേസ് ലഭിക്കുന്നതിനായി 30 ലിറ്റർ ശേഷിയുളള രണ്ട് സിലിണ്ടറാണ് കാറിൽ കമ്പനി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 210 ലിറ്ററിന്റെ ബൂട്ട്‌സ്‌പേസ് പുതിയ മോഡലില്‍ ലഭിക്കുന്നു.
അപ്പോൾ സ്‌പെയര്‍ വീലുകള്‍ എന്തുചെയ്യുമെന്നതാണ് അടുത്ത ചോദ്യം. എസ്‍യുവികളിലെന്ന പോലെ കാറിനടിയിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ വലിപ്പത്തിലുള്ള സ്പെയർ iCNG-ക്ക് ലഭിക്കുന്നു. കൂടാതെ ഒരു പഞ്ചർ റിപ്പയർ കിറ്റും ഐസിഎന്‍ജിക്ക് നൽകുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഉണ്ട്. ഒപ്പം വളരെ മികച്ച സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. അന്തരീക്ഷത്തിലെ താപനില ഉയർന്നാൽ അതായത് കനത്ത ചൂടാണെങ്കിൽ വാഹനം ഓട്ടോമാറ്റിക്കായി പെട്രോൾ മോഡിലേക്ക് മാറുകയും സിഎൻജി ഓപ്ഷൻ ഓഫ് ആകുകയും ചെയ്യും. ഫയർ എക്സ്റ്റിക്യൂഷർ, പെട്രോൾ ഫില്ലർ ലിഡിൽ കൊടുത്തിരിക്കുന്ന മൈക്രോ സ്വിച്ച് തുടങ്ങിയ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളും ആൾട്രോസ് ഐസിഎൻജിക്ക് നൽകിയിട്ടുണ്ട്. 16 ഇഞ്ച് അലോയ് വീലുകളിലാണ് ടാറ്റ ആൾട്രോസ് ഐസിഎൻജി എത്തുന്നത്.
ആൾട്രോസ് CNG XM+ വേരിയന്റിന് നാല് സ്പീക്കറുകളുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് ലഭിക്കുന്നു. വോയ്‌സ് ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിൽ AQI ഡിസ്‌പ്ലേയുള്ള ഇൻ-ഡാഷ് എയർ പ്യൂരിഫയർ എന്നിവ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ടാറ്റ ആൾട്രോസിന്റെ മറ്റ് എഞ്ചിൻ ഓപ്ഷനുകളിൽ ഈ ഫീച്ചറുകൾ ഇപ്പോൾ ഔദ്യോഗികമായി ലഭ്യമാണ്. ഈ പുതിയ ഫീച്ചറുകൾ ആൾട്രോസ് പെട്രോൾ/ഡീസൽ എന്നിവയിൽ ഏകദേശം രണ്ടാഴ്ച മുമ്പ് അവതരിപ്പിച്ചിരുന്നു.
പുതുതായി പുറത്തിറക്കിയ ആൾട്രോസ് iCNG-യിൽ ഇലക്ട്രോണിക് സൺറൂഫും ഉണ്ട്. 77.97 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിനാണ് ടാറ്റ ആൾട്രോസ് സിഎൻജിക്ക് കരുത്തേകുന്നത്. കിലോഗ്രാമിന് 26.49 കിലോമീറ്ററാണ് വാഹനത്തിന് കമ്പനി മൈലേജ് വാഗ്ദാനം ചെയ്യുന്നത്. സിഎൻജി മോഡിൽ പരമാവധി 77 ബിഎച്ച്പി കരുത്തും 103 എൻഎം പരമാവധി ടോർക്കും വാഗ്ദാനം ചെയ്യുന്നു. സിഎൻജി പതിപ്പിന്റെ ഡിസൈൻ സാധാരണ പെട്രോൾ മോഡലിന് സമാനമാണ്. ടെയിൽ ഗേറ്റിലെ iCNG ബാഡ്ജാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. സിഎൻജിക്കും പെട്രോളിനും ഇടയിൽ മാറുന്ന എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണിന് സമീപം ഒരു പുതിയ സ്വിച്ച് ഉണ്ട്.
XE , XM+, XM+(S), XZ, XZ+(S), XZ+O(S) എന്നീ ആറ് വേരിയന്റുകളിൽ കമ്പനി ആള്‍ട്രോസ് സിഎൻജി വാഗ്ദാനം ചെയ്യുന്നു. ഓപ്പറ ബ്ലൂ, ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് മോഡൽ ലഭ്യമാകുക. ബേസ് മോഡലായ XEയ്ക്ക് 7.55 ലക്ഷം രൂപയാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന വേരിയന്റായ XZ+O(S)ന് 10.55 ലക്ഷം രൂപയാണ് വില. മാരുതി സുസുക്കി ബലേനോ സിഎന്‍ജിയും ടൊയോട്ടേ ഗ്ലാന്‍സ സിഎന്‍ജിയുമാണ് വിപണിയിൽ ആള്‍ട്രോസ് സിഎന്‍ജിയുടെ പ്രധാന എതിരാളികള്‍.