സ്റ്റൈലിലും ഫീച്ചറിലും കരുത്തുറ്റ മാറ്റങ്ങളോടെ ടാറ്റ നെക്സോൺ; ലോഞ്ച് സെപ്റ്റംബറിൽ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന എസ്‌യുവികളിലൊന്നാണ് ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്. ജനപ്രിയ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്. എന്നാൽ, ഔദ്യോഗിക ലോഞ്ചിന് മുന്നേ, ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ ദൃശ്യങ്ങൾ പുറത്തുവന്നുകഴിഞ്ഞു.
ഒട്ടനവധി മാറ്റങ്ങളും കാര്യമായ ഡിസൈൻ, ഫീച്ചർ അപ്പ്ഡേറ്റുകളുമായാണ് നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ സജ്ജീകരിച്ചിരിക്കുന്നത്. മുൻവശത്ത് വമ്പിച്ച മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് പ്രദർശിപ്പിച്ച കർവ് കൺസെപ്‌റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫ്രണ്ട് പ്രൊഫൈൽ പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഗ്രില്ലും ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. പിൻഭാഗത്ത്, പരസ്‍പരം ബന്ധിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽലാമ്പുകൾ ഉണ്ട്. അലോയ് വീലുകൾ പോലും പുതിയതാണ്. കൂടാതെ, ഉയർന്ന വേരിയന്റുകളുള്ള മോഡലിന് 3D വ്യൂ ഉള്ള 360-ഡിഗ്രി സറൗണ്ട് ക്യാമറ ലഭിക്കും.
പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കും. പുതിയ മൾട്ടി-ഫങ്ഷൻ സ്റ്റിയറിങ് വീലും പ്രതീക്ഷിക്കുന്നു. മധ്യഭാഗത്ത് ഒരു പ്രകാശിതമായ എംബ്ലത്തോട് കൂടിയ പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലായിരിക്കും നെക്‌സോണിന് ലഭിക്കുക. ഡ്രൈവർ കോക്ക്പിറ്റിനും സെന്റർ കൺസോളിനുമായി ഒരു പുതിയ ലേയൗട്ടാണ് ടാറ്റ നൽകിയിരിക്കുന്നത്. കൂടാതെ, സെൻട്രൽ ലോക്കിങ്, ചൈൽഡ് ഐസോഫിക്‌സ് സീറ്റുകൾ, റിയർ പാർക്കിങ് സെൻസർ, ആറ് എയർബാഗുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളും ഉണ്ടാകും.
റിയർ എസി വെന്റുകൾ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, വാഷറുള്ള റിയർ വൈപ്പർ, റിയർ ഡീഫോഗർ, കീലെസ് എൻട്രി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളും ഫെയ്‌സ്‌ലിഫ്റ്റിലുണ്ടാകും.
നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ മോട്ടോർസ് അവതരിപ്പിക്കുക. കൂടാതെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും മാറ്റം കൂടാതെ നിലനിർത്തും. പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കാനും ടാറ്റ ഒരുങ്ങുന്നുണ്ട്.
മാരുതി സുസുക്കി ബ്രെസ്സ, മാരുതി സുസുക്കി ഫ്രോങ്ക്സ്, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300 എന്നിവയ്ക്ക് എതിരാളിയായി ടാറ്റ നെക്സോൺ 2023 തുടരും. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് 8 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വില പ്രതീക്ഷിക്കാം. ടാറ്റ നെക്‌സോൺ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വിജയകരമായ ഉത്പ്പന്നങ്ങളിൽ ഒന്നായി തുടരുമ്പോൾ, ഈ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് രാജ്യത്തെ സബ്-4m എസ്‌യുവി വിഭാഗത്തിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.