ഒറ്റ ചാർജിൽ 300 കിലോമീറ്റർ റേഞ്ച്; കൂടുതൽ ഫീച്ചറുകളും ഇന്റീരിയർ അപ്‌ഗ്രേഡുകളുമായി ടാറ്റ പഞ്ച് ഇ വി
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളോടുള്ള ജനങ്ങളുടെ താത്പര്യം വർധിച്ചുവരികയാണ്. ആഭ്യന്തര വിപണിയിൽ നിരവധി പുതിയ വാഹനങ്ങൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനികൾ. ഇന്ത്യൻ വിപണിയിലെ ഒന്നാം നമ്പർ ഇലക്ട്രിക് കാർ കമ്പനി എന്ന ബഹുമതി ടാറ്റ മോട്ടോഴ്‌സിനാണ്. ഈ വർഷം അവസാനത്തോടെ പഞ്ച് മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനിരിക്കുകയാണ് ടാറ്റ.
നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് ഇലക്ട്രിക് മൈക്രോ എസ്‌യുവി. അതിന്റെ കൂടുതൽ ഫീച്ചറുകൾ ഇന്റീരിയർ വിവരങ്ങള്‍ ഇപ്പോൾ പുറത്തുവന്നു. ഐസിഇ പതിപ്പിന് സമാനമാണ് പഞ്ച് ഇ വി എന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. എന്നാൽ ഐസിഇ എഞ്ചിനിൽ പ്രവർത്തിക്കുന്ന പഞ്ചിനെ അപേക്ഷിച്ച് പഞ്ച് ഇ വിയുടെ അലോയ് വീലുകൾ വ്യത്യസ്തമായിരിക്കും. ടാറ്റ നെക്‌സോൺ ഇ വിയുടെ അതേ ഗ്രിൽ സജ്ജീകരണം ടാറ്റ പഞ്ച് ഇവിക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും, പിൻവശത്തെ ഡോർ ഹാൻഡിലുകൾ സി-പില്ലറുകളിലും സ്ഥാപിച്ചിരിക്കുന്നു.
നെക്സോൺ ഇവിയിലും പുതിയ ഡിസൈൻ അലോയ് വീലുകളിലും ഉള്ളതുപോലെ ബ്ലാങ്ക്ഡ് ഓഫ് ഗ്രിൽ ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടെസ്റ്റ് കാറിൽ 2-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ സജ്ജീകരിച്ചിരിക്കുന്നു. 7 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, നാല് മൂലകളിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവയും ലഭിക്കും. മധ്യഭാഗത്ത് പ്രകാശമുള്ള ലോഗോയും ഹാപ്‌റ്റിക് ടച്ച് നിയന്ത്രണങ്ങളുമുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിങ് വീലും ഉണ്ടാകും.
360 ഡിഗ്രി ക്യാമറയുണ്ടാകുമെന്ന് സൂചന നൽകുന്ന വിങ് മിററുകളുള്ള ഇന്റഗ്രേറ്റഡ് ക്യാമറ മൊഡ്യൂളുകളുള്ള പതിപ്പാണ് ചിത്രങ്ങളിൽ കാണുന്നത്. നിലവിൽ, ടാറ്റ മോട്ടോഴ്‌സിന്റെ ലൈനപ്പിൽ ഹാരിയറിനും സഫാരിക്കും മാത്രമാണ് 360 ഡിഗ്രി ക്യാമറ ലഭിക്കുന്നത്. പഞ്ച് ഇ വി ടാറ്റ മോട്ടോഴ്‌സിന്റെ സിപ്‌ട്രോൺ പവർട്രെയിൻ ഉപയോഗിക്കാനാണ് സാധ്യത. ഇതിന് ലിക്വിഡ്-കൂൾഡ് ബാറ്ററിയും ഫ്രണ്ട് വീലുകളെ പവർ ചെയ്യുന്ന സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് മോട്ടോറും ഉണ്ട്. കൃത്യമായ ബാറ്ററി, ഇലക്ട്രിക് മോട്ടോർ സവിശേഷതകൾ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ടിയാഗോ ഇ വി, ടിഗോർ ഇ വി, നെക്സോൺ ഇ വി എന്നിവയിൽ ഇതിനകം ചെയ്തിരിക്കുന്നതുപോലെ ഒന്നിലധികം ബാറ്ററി പാക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാനാകും.
ടാറ്റ പഞ്ച് ഇ വിക്ക് ഒറ്റ ചാർജിൽ പരമാവധി 300 കിലോമീറ്റർ റേഞ്ച് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിക്ക ടാറ്റ ഇ വികളെയും പോലെ പഞ്ച് ഇ വിയും സ്റ്റാൻഡേർഡ്, ലോങ് റേഞ്ച് വേരിയന്റുകളിൽ വരുമെന്നാണ് പ്രതീക്ഷ. കാറിന്റെ വില നെക്‌സോൺ ഇ വിയേക്കാൾ താഴെയായിരിക്കുമെന്നാണ് സൂചന. പഞ്ച് ഇ വി ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ.