കൂടുതല്‍ കരുത്തനായി സ്‌കോര്‍പ്പിയോ -The big daddy is here...
2002ലാണ് സ്‌കോര്‍പ്പിയോ എന്ന എസ് യു വി മോഡലിനെ മഹീന്ദ്ര ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.കരുത്തുറ്റ ബോഡിയും ലാഡര്‍ ഓണ്‍ ഫ്രെയിം ഷാസിയില്‍ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഓഫ് റോഡില്‍ സ്‌കോര്‍പ്പിയോ കളം നിറഞ്ഞു നിന്നു.തുടര്‍ന്ന് 2006,2014,2017 വര്‍ഷങ്ങളിലൊക്കെ മഹീന്ദ്ര സ്‌കോര്‍പ്പിയോയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടേയിരുന്നു.
2017ല്‍ കാലികമായ മാറ്റങ്ങള്‍ വരുത്തി ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചപ്പോഴും ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി വാഹനത്തെ സ്വീകരിച്ചു. ഥാറിനെപ്പോലെ ശക്തമായ ഓഫ് റോഡ് പെര്‍ഫോമന്‍സിനൊപ്പം റോഡിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാവുന്ന തരത്തിലാണ് മഹീന്ദ്ര സ്‌കോര്‍പ്പിയോയെ നിര്‍മ്മിച്ചത്. കുറഞ്ഞ വിലയ്ക്ക് ഇത്രയേറെ ഓഫ് റോഡ്-ഓണ്‍ റോഡ് പെര്‍ഫോമന്‍സ് നല്‍കുന്ന മറ്റൊരു വാഹനവും ഇന്ത്യയിലില്ല. വലിയ രൂപം, 7പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ ഇന്റീരിയര്‍, ഏത് പ്രതലത്തിലും ഓടിക്കയറാന്‍ പ്രാപ്തിയുള്ള 4 വീല്‍ ഡ്രൈവ് സിസ്റ്റം തുടങ്ങിയവ നല്‍കിക്കൊണ്ട് സ്‌കോര്‍പ്പിയോ ജൈത്രയാത്ര തുടര്‍ന്നു പോന്നു.
20 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌കോര്‍പ്പിയോയുടെ പരിഷ്‌കരിച്ച പതിപ്പായ സ്‌കോര്‍പ്പിയോ-എന്‍ മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നു. ലോകോത്തര നിലവാരത്തിലാണ് സ്‌കോര്‍പ്പിയോ-എന്‍ ന്റെ നിര്‍മാണം. മഹീന്ദ്രയുടെ കീഴിലുള്ള ഇറ്റലിയിലെ പിനിന്‍ ഫാരിന എന്ന ഡിസൈന്‍ കമ്പനിയും മുംബൈയിലെ ഡിസൈനര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് വാഹനം രൂപകല്‍പ്പന ചെയ്തത്. നോര്‍ത്ത് അമേരിക്കയിലെ ഇന്നൊവേഷന്‍ കേന്ദ്രത്തില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യയും കൂട്ടിച്ചേര്‍ത്തു പൂനെയിലെ പ്‌ളാന്റിലാണ് സ്‌കോര്‍പ്പിയോ-എന്‍ ന്റെ നിര്‍മാണം.
ഡിസൈന്‍
ആറ് തട്ടുകളായി തിരിച്ച കറുത്ത ഗ്രില്ലില്‍ ക്രോം ഫിനിഷുള്ള മഹീന്ദ്രയുടെ പുതിയ ചിഹ്നം എടുത്തുനില്‍ക്കുന്നു. ഇന്റിക്കേറ്ററുകള്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്ന ഡ്യുവല്‍ എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകളുടെ ഡിസൈന്‍ പഴയ സ്‌കോര്‍പ്പിയോയുടേതുമായി സാദൃശ്യമുള്ളതാണ്. കറുത്ത പാനലുകളില്‍ എല്‍ ഇ ഡി പ്രൊജക്ടര്‍ ഫോഗ് ലാമ്പും ഡി ആര്‍ എല്‍ ഉം നല്‍കിയിരിക്കുന്നു. ബമ്പറിന്റെ താഴെയായി അലൂമിനിയം നിറത്തിലുള്ള സ്‌കിഡ് പ്‌ളേറ്റ് നല്‍കിയിട്ടുണ്ട്. നീളമുള്ളതും വീതിയേറിയതുമായ ബോണറ്റും ഉയര്‍ന്ന രൂപവും മുന്‍ ഭാഗത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. പൂര്‍ണമായും പുതിയ ബോഡി പാനലുകള്‍ ആണെങ്കിലും കാഴ്ചയില്‍ എവിടെയൊക്കെയോ പഴയ സ്‌കോര്‍പ്പിയോ നിഴലിക്കുന്നുണ്ട്.
പുതിയ മോഡലിന്റെ വര്‍ധിച്ച നീളവും വീല്‍ ബെയ്‌സും വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ പ്രകടമാണ്. ഏറ്റവും ഉയര്‍ന്ന മോഡലില്‍ അലൂമിനിയവും കറുപ്പും നിറത്തിലുള്ള 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍ താഴ്ന്ന വേരിയന്റുകളില്‍ 17 ഇഞ്ച് വീലുകളാണ് കമ്പനി നല്‍കിയിട്ടുള്ളത്. വിശാലമായ ഗ്‌ളാസ് ഏരിയയ്ക്ക് ചുറ്റും തേളിന്റെ രൂപത്തെ അനുസ്മരിപ്പിക്കുന്ന ക്രോം നിറത്തിലുള്ള ആവരണം എടുത്തുനില്‍ക്കുന്നു. ഉയര്‍ന്ന രൂപമുള്ള വാഹനത്തിലേക്ക് അനായാസം കയറാന്‍ താഴ് ഭാഗത്ത് നല്‍കിയിരിക്കുന്ന ഫുട്‌സ്റ്റെപ്പുകള്‍ സഹായിക്കുന്നു. മുകള്‍ ഭാഗത്ത് നല്‍കിയിരിക്കുന്ന റൂഫ് റെയിലും എസ് യു വിയുടെ സ്വഭാവം നിലനിര്‍ത്തുന്നു.
പിന്‍ഭാഗത്ത് വൈപ്പറോട് കൂടിയ ഗ്‌ളാസിന് താഴെ മഹീന്ദ്രയുടെ ചിഹ്നവും 'സ്‌കോര്‍പ്പിയോ എന്‍ 'എന്ന എഴുത്തും നല്‍കിയിരിക്കുന്നു. മുകള്‍ ഭാഗത്ത് നിന്നും മധ്യഭാഗം വരെ നീളുന്നു വലിയ എല്‍ ഇ ഡി ടെയില്‍ ലാമ്പുകള്‍. ചെത്തിയെടുത്തത് പോലെയുള്ള പിന്‍ ഡോറുകള്‍ പഴയ സ്‌കോര്‍പ്പിയോയുടേത് പോലെ വശങ്ങളിലേക്ക് തുറക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ബംപറും മുകള്‍ ഭാഗത്തെ സ്‌പോയിലറും ഷാര്‍ക്ക് ഫിന്‍ ആന്റിനയും പിന്‍ഭാഗത്തിന് ഭംഗി കൂട്ടുന്നു.
ഇന്റീരിയര്‍
കറുപ്പും തവിട്ടും(കോഫീ ബ്രൗണ്‍) കലര്‍ന്ന നിറങ്ങളാണ് ഉള്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. ഡാഷ് ബോര്‍ഡിന്റെ രൂപകല്‍പ്പന തികച്ചും വ്യത്യസ്തം. വീതിയേറിയ ഡാഷ്‌ബോര്‍ഡില്‍ ഗ്‌ളൗ ബോക്‌സ്, എസി വെന്റുകള്‍ എന്നിവ ഭംഗിയായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. സ്വിച്ചുകളുടെ നിലവാരം ശരാശരി. കപ്പ് ഹോള്‍ഡറുകള്‍, ഡോറുകളില്‍ കുപ്പികള്‍ വെയ്ക്കാനുളള സ്ഥലം(ബോട്ടില്‍ ഹോല്‍ഡറുകള്‍), ആം റെസ്റ്റിനു താഴെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലം തുടങ്ങി നിരവധി സ്‌റ്റോറേജ് ഇടങ്ങള്‍ വാഹനത്തില്‍ നല്‍കിയിരിക്കുന്നു. ഡിജിറ്റലും അനലോഗും കൂടിച്ചേര്‍ന്നതാണ് മീറ്ററുകള്‍.
8.5 ഇഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ സിസ്റ്റത്തില്‍ ആധുനികമായ പല സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സബ് വൂഫര്‍ ഉള്‍പ്പെടെ 12 സ്പീക്കറോട് കൂടിയ സോണിയുടെ 3ഡി സറൗണ്ട് ശബ്ദസംവിധാനമാണ് നല്‍കിയിട്ടുള്ളത്. എക്‌സ് യു വി 700ല്‍ മഹീന്ദ്ര അവതരിപ്പിച്ച 'അഡ്രിനോക്‌സ്' എന്ന സോഫ്ട്‌വെയര്‍ സ്‌കോര്‍പ്പിയോയിലും നല്‍കിയിരിക്കുന്നു. മൊബൈല്‍ ആപ്പ് വഴി വാഹനം സ്റ്റാര്‍ട്ട് ചെയ്യുക, എസി പ്രവര്‍ത്തിപ്പിക്കുക തുടങ്ങി വാഹനത്തിന്റെ നിരവധി ക്രമീകരണങ്ങള്‍ ഇതുവഴി ചെയ്യാന്‍ സാധിക്കും. ലെതറൈറ്റ് സീറ്റുകളുടെ ഗുണനിലവാരം എടുത്തുപറയേണ്ടതാണ്. പഴയ സ്‌കോര്‍പ്പിയോയിലുണ്ടായിരുന്ന പോലത്തെ ഉയര്‍ന്ന സീറ്റിങ് പൊസിഷന്‍ ഈ വാഹനത്തിലും നിലനിര്‍ത്തിയിരിക്കുന്നു. ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റില്‍ നട്ടെല്ലിന് സപ്പോര്‍ട്ട് ലഭിക്കുന്ന സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. പനോരമിക് അല്ലാത്ത സിംഗിള്‍ പെയ്ന്‍ സണ്‍റൂഫാണ് നല്‍കിയിരിക്കുന്നത്.
സീറ്റുകള്‍ തണുപ്പിക്കുന്ന വെന്റിലേറ്റഡ് സംവിധാനം, 360 ഡിഗ്രീ കാമറ എന്നീ സംവിധാനങ്ങള്‍ സ്‌കോര്‍പ്പിയോയില്‍ ഇല്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് എ സി വെന്റുകളും അതിന്റെ കണ്ട്രോളുകളും നല്‍കിയിരിക്കുന്നു.വിശാലമായ സ്ഥലസൗകര്യവും താഴ്ന്നിറങ്ങുന്ന വിന്‍ഡോ ലൈനുകളും ഗുണനിലവാരമുള്ള സീറ്റുകളും രണ്ടാം നിര യാത്രക്കാര്‍ക്കും സുഖപ്രദമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്നാം നിര സീറ്റുകള്‍ കുട്ടികള്‍ക്കാകും ഉത്തമം. ലെഗ് റൂം പരിമിതമായതു കൊണ്ട് മുതിര്‍ന്നവര്‍ക്ക് സുഖപ്രദമായി യാത്ര ചെയ്യാനാകില്ല. ആഡംബരവും ആധുനികതയും ഒത്തുചേര്‍ന്നതാണ് പുതിയ സ്‌കോര്‍പ്പിയോയുടെ ഉള്‍വശം.
സുരക്ഷ
സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന മഹീന്ദ്ര, സ്‌കോര്‍പ്പിയോയുടെ കാര്യത്തിലും പിന്നോട്ട് പോയില്ല. നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, ടയര്‍ പ്രെഷര്‍ മോണിറ്ററിങ്ങ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ ,ഡ്രൈവര്‍ ഡ്രൗസിനസ് അലാറം, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഇ ബി ഡിയോട് കൂടിയ എ ബി എസ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, പാര്‍ക്കിങ് ക്യാമറ, സെന്‍സര്‍ എന്നിവയൊക്കെ നല്‍കിക്കൊണ്ട് വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഡ്രൈവ്
പഴയ മോഡലിനെക്കാള്‍ നീളവും വീതിയും കൂടിയെങ്കിലും ഉയരം 120 മില്ലീമീറ്ററിലധികം കുറഞ്ഞ് 1870 മില്ലീമീറ്ററായി. ഈ ഉയരക്കുറവും, ഭാരം കുറച്ച വാട്‌സ് ലിങ്കേജ് സസ്‌പെന്‍ഷനും ബോഡീറോള്‍ (ഉലച്ചില്‍) കുറയ്ക്കുകയും യാത്രാസുഖം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മുന്‍പത്തെതിനെക്കാള്‍ 80 ശതമാനം ദൃഢമായതും ഭാരം കുറഞ്ഞതുമായ ഷാസിയാണ് സ്‌കോര്‍പ്പിയോ-എന്‍ ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഡ്രൈവിങ്ങില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും കൃത്യതയാര്‍ന്ന നിയന്ത്രണം നല്‍കുന്നതിനും ഈ ഷാസി വഹിക്കുന്ന പങ്ക് ചെറുതല്ല.
ഡീസല്‍ എന്‍ജിന് താഴ്ന്ന ആര്‍ പി എമ്മില്‍ ചെറിയ ടര്‍ബോ ലാഗ് അനുഭവപ്പെടുമെങ്കിലും 1500ആര്‍ പി എമ്മിന് ശേഷം കുതിച്ചു പായും സ്‌കോര്‍പ്പിയോ. 4വീല്‍ ഡ്രൈവ് സാങ്കേതികവിദ്യ ഏത് പ്രതലത്തിലൂടെയും അനായാസമായി കയറിയിറങ്ങാന്‍ സ്‌കോര്‍പ്പിയോയെ പ്രാമാക്കുന്നു.'4 എക്‌സ്പ്‌ളോര്‍' എന്നാണ് മഹീന്ദ്ര ഈ സാങ്കേതികവിദ്യയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് 4വീല്‍ ഡ്രൈവ് സാങ്കേതികവിദ്യ നല്‍കിയിട്ടില്ല. കൃത്യതയാര്‍ന്ന സ്റ്റീയറിങ് വീല്‍ വളവുകള്‍ വീശുമ്പോഴും ഉയര്‍ന്ന വേഗതയിലും ആത്മവിശ്വാസത്തോടെയുള്ള ഡ്രൈവിംഗ് സമ്മാനിക്കുന്നു.
പെട്രോള്‍,ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. താഴ്ന്ന വേരിയന്റുകളില്‍ 131ബി എച്ച് പി പവറും ,300എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.2ലിറ്റര്‍ എം ഹോക്ക് 4സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഉയര്‍ന്ന വേരിയന്റുകളില്‍ 172 ബി എച്ച് പി കരുത്തും 370 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 200 ബി എച്ച് പി പവറും 370 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2 ലിറ്റര്‍ എം സ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനും വാഹനത്തിലുണ്ട്. 6സ്പീഡ് മാന്വല്‍, 6സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിങ്ങനെ ഗിയര്‍ബോക്‌സുകളില്‍ വാഹനം ലഭ്യമാണ്.11.99ലക്ഷം മുതല്‍ 18.99ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
സ്‌കോര്‍പ്പിയോ-എന്‍ അവതരിപ്പിച്ചപ്പോള്‍ പഴയമോഡലിനെ സ്‌കോര്‍പ്പിയോ ക്‌ളാസിക് എന്ന് പേരുമാറ്റി വിപണിയില്‍ നിലനിര്‍ത്തിയിരിക്കുകയാണ് മഹീന്ദ്ര. മുന്‍കാല മോഡലിന്റെ വീര്യം ഒട്ടും ചോരാതെ മികച്ച ഡിസൈനും, കൂടുതല്‍ ഓഫ് റോഡ് കഴിവുകളും, ഉയര്‍ന്ന നിര്‍മാണ നിലവാരവുമായാണ് സ്‌കോര്‍പ്പിയോ-എന്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ എസ് യു വികളുടെ 'ബിഗ് ഡാഡി' വിപണി കീഴടക്കുമെന്നതില്‍ സംശയമില്ല.