സിഎൻജി മോഡൽ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? ഇതാ ചില അടിപൊളി മോഡലുകൾ
ലോകം മുഴുവൻ സി എൻ ജി ഇന്ധനത്തിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും മാറിയതോടെ പ്രധാന വാഹന നിർമാതാക്കളും അനുയോജ്യമായ മാറ്റങ്ങൾ വരുത്തുകയാണ്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹ്യൂണ്ടായ്, ടൊയോട്ട എന്നീ കമ്പനികളെല്ലാം മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവുമുള്ള സി എൻ ജി വാഹനങ്ങൾ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.
മാരുതി സെലേറിയോ സി എൻ ജി
മികച്ച മൈലേജ് ലഭിക്കുന്ന സി എൻ ജി മോഡലുകൾക്കിടയിലെ മുൻനിരക്കാരനാണ് മാരുതിയുടെ സെലേറിയോ. 998 സിസി എഞ്ചിനുള്ള മോഡലിന് 55 ബിഎച്ച്പി വരെയാണ് പവർ. ഒരു കിലോഗ്രാം സി എൻ ജിയിൽ 34 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.
കോംപാക്ട് ഹാച്ച്ബാക്ക് മോഡലിൽ പവർ സ്റ്റിയറിങ്, പവർ വിൻഡോകൾ, അലോയ് വീലുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിങ് വീൽ എന്നിങ്ങനെ നിരവധി ഫീച്ചറുകളുമുണ്ട്. എബിഎസ്, എയർബാഗുകൾ, ഫോഗ് ലൈറ്റുകൾ എന്നിവയിലൂടെ സുരക്ഷയ്ക്കും മുൻഗണന നൽകുന്നു.
വാഗൺ ആർ
സാധാരണ ഉപയോഗങ്ങൾക്ക് പേരുകേട്ട കോംപാക്ട് ഹാച്ച്ബാക്കാണ് മാരുതി വാഗൺ ആർ. വിശാലമായ ഇൻ്റീരിയറും മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന മോഡലിന് 56 bhp കരുത്തും 82 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 998 സിസി എഞ്ചിനാണുള്ളത്. R 34.1 km/kg മൈലേജാണ് ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾക്ക് പുറമെ വലിയ ക്യാബിനും വിശാലമായ ബൂട്ട് സ്പേസും ഒരു കുടുംബത്തിന് അനുയോജ്യമായ വാഹനമായി വാഗൺ ആറിനെ മാറ്റുന്നുണ്ട്. തിരക്കേറിയ നഗരങ്ങളിലെ ഡ്രൈവിങ്ങിന് അനുയോജ്യമായ തരത്തിലാണ് കാറിന്റെ ഡിസൈൻ. കുറഞ്ഞ മെയിന്റനൻസ് ചെലവും പുനർവില്പന മൂല്യവും വാഗൺ ആറിന് ഉണ്ടെന്നത് മോഡലിന്റെ ജനപ്രീതി വർധിപ്പിക്കുന്നു.
ആൾട്ടോ കെ 10
ഇന്ധനക്ഷമതയ്ക്കു പേരുകേട്ട മാരുതി സുസുക്കിയുടെ മറ്റൊരു ഹാച്ച്ബാക്ക് മോഡലാണ് ആൾട്ടോ കെ10. മൈലേജിനൊപ്പം താരതമ്യേന താങ്ങാവുന്ന വിലയുമാണ് ഈ മോഡലിന്. ശരാശരി 33.85 കി.മീ/കിലോ മൈലെജ് ലഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള വാഹനമാണിത്.
40.3 bhp കരുത്തും 60 Nm torque ഉം ഉത്പാദിപ്പിക്കുന്ന എൻജിനും 60 ലിറ്റർ ഉൾകൊള്ളാൻ കഴിയുന്ന ടാങ്കുമാണ് കാറിനുള്ളത്. സി എൻ ജി കിറ്റിന്റെ സുരക്ഷയ്ക്കായി ലീക് പ്രൂഫ് ഡിസൈനുമാണ് ഈ മോഡലിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.
ഡിസയർ സിഎൻജി
ഇന്ധനക്ഷമതയും സുഖസൗകര്യങ്ങളും ഒരുപോലെ വാഗ്ദാനം ചെയ്യുന്ന സെഡാൻ മോഡലാണ് മാരുതി സുസുക്കി ഡിസയർ സിഎൻജി. 1.2 ലിറ്റർ എൻജിനാണ് ഇതിനുള്ളത്. 31.12 കി.മീ/കിലോ വരെ ഇന്ധനക്ഷമതയുള്ള ഡിസയർ സബ്-കോംപാക്റ്റ് സെഡാൻ മികച്ചൊരു ഓപ്ഷനാണ്. ഡിസയറിൻ്റെ VXI, ZXI വേരിയൻ്റുകളും ലഭ്യമാണ്.
ഗ്രാൻഡ് ഐ10 നിയോസ് സിഎൻജി
സിഎൻജി മോഡിൽ ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച മാരുതി ഇതര കാറാണ് ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ്. ഗ്രാൻഡ് ഐ10 നിയോസ് സിഎൻജി ഡ്രൈവ് മോഡിൽ 28.5 km/kg വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.