വെല്ലുവിളി അതിജീവിച്ച് അദാനി ഗ്രൂപ്പ്; തുടർ ഓഹരി വില്‍പന വിജയകരമായി പൂർത്തിയാക്കി
ഹിന്‍ഡന്‍ബെര്‍ഗ് ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് അദാനി എന്റര്‍പ്രൈസസിന്റെ തുടർ ഓഹരി വില്‍പന (എഫ്പിഒ) വിജയകരമായി പൂര്‍ത്തിയായി. ആദ്യ ദിനങ്ങളില്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും മൂന്നാമത്തെ ദിവസമായ ഇന്ന് ഓഹരി സബ്‌സ്‌ക്രിപ്ഷനില്‍ അധിക വര്‍ധനവ് രേഖപ്പെടുത്തി. 20000 കോടി രൂപയാണ് തുടര്‍ ഓഹരി വില്‍പനയിലൂടെ അദാനി എന്റര്‍പ്രൈസസ് സമാഹരിച്ചത്. ഈ ഘട്ടത്തില്‍ എഫ്പിഒ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുന്നത് അദാനി ഗ്രൂപ്പിന് കീഴിലുള്ള മറ്റ് ഓഹരികള്‍ക്കും ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. നിലവില്‍ 1.91 ശതമാനം ഉയര്‍ന്ന് 2948 രൂപയാണ് അദാനി എന്റര്‍പ്രൈസസ് ഓഹരികളുടെ വില.
45.5 കോടി ഓഹരികളാണ് എഫ്പിഒയില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇന്ന് ഉച്ചയോടെ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കപ്പെട്ടു. എഫ്പിഒയ്ക്ക് കീഴില്‍ ഓഫര്‍ ചെയ്ത 4,55,06,791 പുതിയ ഓഹരികളില്‍ 5,01,12,652 ഓഹരികളും ലേലം ചെയ്തു പോയി. 110 ശതമാനം എഫ്പിഒ സബ്സ്‌ക്രൈബ് ചെയ്യപ്പട്ടു. എഫ് പി ഒയ്ക്ക് അനുവദിച്ച തീയതി നീട്ടണമെന്നും ഓഹരി വില കുറയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നെങ്കിലും അദാനി ഗ്രൂപ്പ് ഇതൊന്നും മാറ്റാന്‍ തയ്യാറായില്ല. ആ ആത്മവിശ്വാസം ശരി വയ്ക്കുന്നതാണ് അവസാന ദിനത്തിലെ കണക്കുകള്‍. ഓഹരി വില എഫ്പിഒ പ്രൈസ് ബാന്‍ഡിന് താഴെയെത്തിയതിനാല്‍ റീട്ടെയ്ല്‍ നിക്ഷേപകരുടെ വിഹിതം 11 ശതമാനവും ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകരുടേത് 97 ശതമാനവുമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകരുടെ വിഹിതം 1.26 മടങ്ങും സബ്സ്‌ക്രൈബ് ചെയ്തു.
യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി (ക്യുഐബി) നീക്കിവെച്ച 1.28 കോടി ഓഹരികള്‍ക്ക് മികച്ച പ്രതികരണമുണ്ടായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.61 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചിരുന്നു. അബുദാബിയിലെ ഐഎച്ച്സി 40 കോടി ഡോളറാണ് ഈ വിഭാഗത്തില്‍ നിക്ഷേപിച്ചത്. ജീവനക്കാര്‍ക്കായി നീക്കിവച്ച ഓഹരികളില്‍ 52 ശതമാനത്തിന് മാത്രമെ അപേക്ഷ ലഭിച്ചിട്ടുള്ളൂ. 3112-3276 രൂപയായിരുന്നു പ്രൈസ് ബ്രാന്‍ഡ്. സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിച്ചതോടെ അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടതിലും മുകളില്‍ നേട്ടം കൈവരിക്കാനായി. 20000 കോടി രൂപയാണ് എഫ്പിഒയിലൂടെ അദാനി ഗ്രൂപ് സമാഹരിക്കുന്നത്.
നിക്ഷേപകരെ ഓഹരിവില പെരുപ്പിച്ചുകാട്ടി വഞ്ചിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കൂപ്പുകുത്തിയിരുന്നു. നിക്ഷേപകര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞതോടെ ലോകത്തെ അതിസമ്പന്നരുടെ ഫോര്‍ബ്സ് പട്ടികയില്‍ ഗൗതം അദാനി എട്ടാം സ്ഥാനത്തേയ്ക്കും പിന്തള്ളപ്പെട്ടിരുന്നു. അതേസമയം അദാനി ഗ്രൂപ്പില്‍ നിക്ഷേപിച്ചതിലൂടെ സ്ഥാപനത്തിന് നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയും രംഗത്തു വന്നിരുന്നു.
2014ല്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം എല്‍ഐസി, എസ്ബിഐ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പണം വലിയതോതില്‍ അദാനി ഗ്രൂപ്പിലേക്ക് വഴിതിരിച്ചുവിട്ടു എന്ന ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. ഗൗതം അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികള്‍ക്കായി രാജ്യത്തെ ബാങ്കുകള്‍ വായ്പ നല്‍കിയിട്ടുള്ളത് 81,234.7 കോടി രൂപയാണെന്നായിരുന്നു പുറത്തു വരുന്ന കണക്കുകള്‍. ഇതില്‍ 60,000 കോടിയോളം രൂപ എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളുടെ വായ്പയാണ്. അദാനി ഗ്രൂപ്പിന് തകര്‍ച്ച സംഭവിച്ചാല്‍ രാജ്യത്തെ വമ്പന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍കൂടി അപകടത്തിലാകുന്ന സ്ഥിതിയുണ്ടെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ അതിനിടെയാണ് വിശദീകരണവുമായി എല്‍ഐസി രംഗത്തെത്തിയിരിക്കുന്നത്.