ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഓഹരികളില്‍ വൻ ഇടിവ്, ഗ്രൂപ്പ്- നിക്ഷേപകർക്ക് നഷ്ടം 53,000 കോടി

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഓഹരികളില്‍ വൻ ഇടിവ്, ഗ്രൂപ്പ്- നിക്ഷേപകർക്ക് നഷ്ടം 53,000 കോടി

നിക്ഷേപകർക്ക് ഏകദേശം 53000 കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിയിലെ ഇടിവ് ഉണ്ടാക്കിയിരിക്കുന്നത്
Updated on
1 min read

സെബി ചെയർപേഴ്സണിനെതിരായ ഹിൻഡബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തില്‍ ഇടിവ്‌.. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഏഴുശതമാനത്തിന്റെ ഇടിവാണ് അദാനി ഗ്രൂപ്പിന് സ്റ്റോക്ക് മാർക്കറ്റിലുണ്ടായത്. സെബി മേധാവി മാധബി ബുച്ചിനും ജീവിതപങ്കാളി ധാവൽ ബുച്ചിനും ബെർമുഡയിലും മൗറീഷ്യസിലുമുള്ള കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടന്നായിരുന്നു ആരോപണം. ഈ പണം ഉപയോഗിച്ചാണ് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, പലവിധ ക്രമക്കേടുകളും നടത്തുന്നതെന്നും അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അദാനിക്കെതിരെ നേരിട്ടുള്ള ആരോപണങ്ങൾ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഉന്നയിക്കുന്നില്ലെങ്കിലും ഓഹരി വിപണിയിലെ ഇടിവ്, നിക്ഷേപകർക്ക് ഏകദേശം 53000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദാനി ഗ്രീൻ എനർജിയാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ നഷ്ടം സഹിക്കേണ്ടി വന്നത്. ഓഹരിമൂല്യം 1656 രൂപ എന്ന നിലയിലേക്കാണ് താഴന്നത്. അദാനി ടോട്ടൽ ഗ്യാസ് 5%, അദാനി പവർ 4%, അദാനി വിൽമർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി എൻ്റർപ്രൈസസ് എന്നിവ ഏകദേശം 3% എന്നിങ്ങനെയാണ് ഇടിവുകൾ രേഖപ്പെടുത്തിയത്.

നിഫ്റ്റി സ്റ്റോക്കുകളിൽ അദാനി പോർട്ട്സിൻ്റെ ഓഹരികൾ ഏകദേശം രണ്ടുശതമാനവും ഇടിഞ്ഞു. നിക്ഷേപകർക്ക് വിശ്വസിക്കാനാകുന്ന ഇടനിലക്കാരനാണോ സെബി എന്ന ചോദ്യം ഉയർന്നതോടെ, ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. റിപ്പോർട്ടിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി അന്വേഷണം, സെബി മേധാവിയുടെ രാജിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഓഹരികളില്‍ വൻ ഇടിവ്, ഗ്രൂപ്പ്- നിക്ഷേപകർക്ക് നഷ്ടം 53,000 കോടി
'സെബിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു, മാധബി ബുച്ച് രാജി വയ്ക്കാത്തത് എന്തുകൊണ്ട്?' കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി

അതേസമയം, മാധബി ബുച്ചും സെബിയും ആരോപണങ്ങളെ എല്ലാം നിഷേധിച്ചിട്ടുണ്ട്. കൂടാതെ റിപ്പോർട്ടിന്റെ "സെൻസേഷണലിസം" എന്ന് വിശേഷിപ്പിക്കുകയും ഓഹരി വിപണിയിൽ വലിയ സ്വാധീനം ഉണ്ടാക്കാനാകില്ലെന്നുമാണ് ചില സ്റ്റോക്ക് നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. നേരത്തെ 2023 ജനുവരിയിൽ, അദാനി ഗ്രൂപ്പിനെതിരെ നിരവധി ആരോപണങ്ങളുമായി ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. പിന്നാലെ അദാനിയുടെ ഓഹരികൾ കൂപ്പുകുത്തുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.

അന്നത്തെ റിപ്പോർട്ടിന് മേൽ സെബി കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് ഓഗസ്റ്റ് പത്തിന് പുറത്തുവന്ന റിപ്പോർട്ടിൽ ഹിൻഡൻബർഗ് ആരോപിക്കുന്നത്. അതിനുപിന്നിൽ സെബി മേധാവിയുടെയും അദാനി ഗ്രൂപ്പിന്റെയും ചങ്ങാത്തമാണെന്നും അവർ പറയുന്നു.

logo
The Fourth
www.thefourthnews.in