അനുബന്ധ ഓഹരി വിൽപ്പനയുടെ കാലാവധി നീട്ടില്ല; വിലയും കുറയ്ക്കില്ല; വിശദീകരണവുമായി അദാനി ഗ്രൂപ്പ്
ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരില്‍ അനുബന്ധ ഓഹരി വിൽപ്പനയുടെ കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ്. 2.5 ബില്യൺ ഡോളറിന്റെ ഓഹരി വിൽപ്പന ഇഷ്യൂ വിലയിൽ തന്നെ തുടരുമെന്നാണ് വിശദീകരണം. ഓഹരിയുടെ വില കുറയ്ക്കില്ലെന്നും കമ്പനി വ്യക്തമാക്കി. ഈ മാസം 31 വരെയാണ് അദാനി ഗ്രൂപ്പിന്റെ ഫോളോ-ഓൺ പബ്ലിക് ഓഫറിന്റെ കാലാവധി. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഓഹരികൾ ഇടിഞ്ഞതിനാൽ ബാങ്കർമാർ ഇഷ്യു വിലയിൽ മാറ്റം വരുത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
യുഎസ് ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ് സംഭവിച്ചിരുന്നു. 46,000 കോടി രൂപയുടെ ഇടിവാണ് കമ്പനി നേരിട്ടത്. ഈ സാഹചര്യത്തിൽ, കമ്പനിയുടെ 2.5 ബില്യൺ ഡോളർ ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) ബാങ്കർമാർ കാലാവധി നീട്ടുകയോ ഓഹരിയുടെ വില കുറയ്ക്കുകയോ ചെയ്തേക്കുമെന്ന് ജനുവരി 28 ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് വിശദീകരണവുമായി രംഗത്ത് വന്നത്.
എഫ്പിഒ കാലാവധി നീട്ടുകയോ ഓഹരിയുടെ വില കുറയ്ക്കുകയോ ചെയ്തേക്കുമെന്നായിരുന്നു റിപ്പോർട്ടുകള്‍
ജനുവരി 24ന് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, ഗൗതം അദാനിയുടെ ഏഴ് ലിസ്റ്റഡ് കമ്പനികൾക്കും കൂടി നഷ്ടമായത് 48 ബില്യൺ ഡോളറാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓഹരികളുടെ വില കുറയ്ക്കാൻ കമ്പനി ആലോചിക്കുന്നതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. ജനുവരി 30ഓടെ തീരുമാനം പുറത്തുവരുമെന്നാണ് റിപ്പോർട്ട്. ഇത് പൂർണമായും തള്ളുന്നതാണ് ഗ്രൂപ്പിന്റെ പ്രതികരണം.
ജനുവരി 31ന് ശേഷവും എഫ്പിഒ (സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികൾ പൊതുജനങ്ങൾക്കായി ഓഹരികൾ ഇഷ്യു ചെയ്യുന്ന പ്രക്രിയ) യിൽ അദാനി ഗ്രൂപ്പിന്റെ 20,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കാനാണ് സാധ്യതയെന്ന് റോയിട്ടേഴ്‌സ് പറയുന്നു. അതേസമയം, നിലവിലെ തീരുമാനപ്രകാരം ആയിരിക്കും കാര്യങ്ങളെന്നും ഓഹരി വിലയുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും അദാനി എന്റർപ്രൈസസ് വക്താവ് പറഞ്ഞു. എഫ്പിഒ വിജയകരമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും നിക്ഷേപകരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ്പിഒ വിജയകരമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും നിക്ഷേപകരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദാനി ഗ്രൂപ്പ്
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്റ്റോക്ക് വ്യാപാരത്തിൽ, 3,112- 3,276 രൂപ വിലപരിധി നിശ്ചയിച്ചിരുന്ന ഓഹരികൾക്ക് 2,761.45 രൂപ മാത്രമാണ് ലഭിച്ചത്. കുറഞ്ഞ പരിധി നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ 11 ശതമാനം കുറവ് വിലയായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഓഹരികളുടെ ഒരു ശതമാനം മാത്രമാണ് വിറ്റഴിഞ്ഞത്. അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സൂക്ഷ്മപരിശോധന ആരംഭിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. റിപ്പോർട്ടിന് പിന്നാലെ ലോകത്തെ ശതകോടീശ്വരന്മാരുടെ ഫോബ്സ് പട്ടികയില്‍ മൂന്നാമനായിരുന്ന ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.