വൈദ്യുതി വില കുത്തനെ കൂട്ടി അദാനി പവർ; നിരക്കിൽ 102% വർധനയുണ്ടായെന്ന് ഗുജറാത്ത് സർക്കാർ

വൈദ്യുതി വില കുത്തനെ കൂട്ടി അദാനി പവർ; നിരക്കിൽ 102% വർധനയുണ്ടായെന്ന് ഗുജറാത്ത് സർക്കാർ

യൂണിറ്റിന് 3.58 രൂപയിൽ നിന്ന് 7.24 രൂപയായി ഉയര്‍ന്നു
Updated on
2 min read

ഗുജറാത്തിൽ വൈദ്യുതി വില കുത്തനെകൂട്ടി അദാനി പവർ. 2021-22 കാലയളവിൽ വൈദ്യുതി വാങ്ങിയ ചെലവിൽ 102 ശതമാനം വർധനയുണ്ടായതായി ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ആംആദ്മി പാർട്ടി എംഎൽഎ ഹേമന്ത് അഹിറിന്റെ ചോദ്യത്തിന് മറുപടിയായി സംസ്ഥാന ഊർജ മന്ത്രി കനു ദേശായിയാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. വൈദ്യുതിക്കായുള്ള ശരാശരി ചെലവ് 102 ശതമാനം വർധിക്കുകയും യൂണിറ്റിന് 3.58 രൂപയിൽ നിന്ന് 7.24 രൂപയായി ഉയരുകയും ചെയ്തെന്നാണ് ഊര്‍ജമന്ത്രി വ്യക്തമാക്കിയത്.

വിലയിൽ വർധനവ് ഉണ്ടായിട്ടും 2022 ൽ 7.5 ശതമാനം കൂടുതൽ വൈദ്യുതി അദാനി പവറിൽ നിന്ന് സംസ്ഥാന സർക്കാർ വാങ്ങിയിരുന്നു

2021 ജനുവരിയിൽ 2.83 രൂപയായിരുന്നു ഒരു യൂണിറ്റ് വൈദ്യുതിയുടെ നിരക്ക്. എന്നാൽ 2022 ഡിസംബർ ആയപ്പോൾ ഇത് 8.83 രൂപയായി ഉയർന്നു. വില കൂടിയെങ്കിലും 2022 ൽ 7.5 ശതമാനം കൂടുതൽ വൈദ്യുതി അദാനി പവറിൽ നിന്ന് സംസ്ഥാന സർക്കാർ വാങ്ങിയിരുന്നു. മുൻ വർഷം ഇത് 5,587 ദശലക്ഷം യൂണിറ്റ് ആയിരുന്നെങ്കിൽ 2022ൽ 6,007 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഗുജറാത്ത് സർക്കാർ വാങ്ങിയത്. വൈദ്യുതി ചെലവായി 8,160 കോടി രൂപയാണ് ഈ രണ്ടു വർഷങ്ങളിലും സർക്കാർ അദാനി പവറിന് നൽകിയത്.

വൈദ്യുതി വില കുത്തനെ കൂട്ടി അദാനി പവർ; നിരക്കിൽ 102% വർധനയുണ്ടായെന്ന് ഗുജറാത്ത് സർക്കാർ
ഹിൻഡൻബർഗ് റിപ്പോർട്ട്: വിദേശ ഇടപെടലിൽ അദാനി ഗ്രൂപ്പിന് സെബി ഇളവ് നൽകിയെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി

25 വർഷത്തേക്ക് വൈദ്യുതി വിൽക്കാൻ 2007ലാണ് അദാനി പവറിന് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നൽകിയത്. യൂണിറ്റിന് 2.89 രൂപ മുതൽ 2.35 രൂപ നിരക്കിൽ വരെ വിൽപ്പന നടത്താമെന്നായിരുന്നു ധാരണ. ലേലത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്നനിരക്കാണ് ഇപ്പോഴത്തേത് . ഇന്തോനേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത കൽക്കരിയെ ആശ്രയിച്ചാണ് അദാനി പവർ പ്രോജക്ട് പ്രവർത്തിക്കുന്നതെന്നും 2011ന് ശേഷം കൽക്കരി വിലയിലുണ്ടായ അപ്രതീക്ഷിത വര്‍ധനയാണ് നിരക്ക് വര്‍ധനയ്ക്ക് കാരണമെന്നും ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

2018 ഡിസംബർ ഒന്നിനാണ് ഗുജറാത്ത് സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കുന്നത്. കമ്മിറ്റി ശുപാർശകൾ പ്രകാരം വൈദ്യുതി നിരക്ക് വർധന അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ച് അദാനി പവറും സർക്കാരും തമ്മിൽ 2018 ഡിസംബർ അഞ്ചിന് ഉപകരാറിൽ ഒപ്പുവച്ചു. കരാർ പ്രകാരം യൂണിറ്റിന് 4.5 രൂപ നിരക്കിൽ അദാനി പവറിൽ നിന്ന് വൈദ്യുതി വാങ്ങാൻ സര്‍ക്കാര്‍ ധാരണയിലെത്തി.

മുൻ വർഷങ്ങളിൽ വൈദ്യുതി നിരക്ക് ഉയർത്തിയിട്ടില്ലെന്നാണ് ഗുജറാത്ത് സർക്കാരിന്റെ അവകാശവാദം. എന്നാൽ ഉപഭോക്താവിന്റെ വൈദ്യുതി ബില്ലിന്റെ ഭാഗമായ ഇന്ധനവും വൈദ്യുതിയും വാങ്ങുന്നതിനുള്ള വില ക്രമീകരണം (എഫ്പിപിപിഎ) ഉയര്‍ത്തുന്നുവെന്നതാണ് യാഥാര്‍ഥ്യം.

വൈദ്യുതി വില കുത്തനെ കൂട്ടി അദാനി പവർ; നിരക്കിൽ 102% വർധനയുണ്ടായെന്ന് ഗുജറാത്ത് സർക്കാർ
'നഷ്ടക്കച്ചവടം'; മ്യാൻമർ തുറമുഖം മൂന്ന് കോടി ഡോളറിന് വിറ്റഴിച്ച് അദാനി പോർട്‌സ്

2021നും 2022നുമിടയിൽ കുറഞ്ഞത് എട്ട് തവണ എഫ്പിപിപിഎ നിരക്ക് സംസ്ഥാന സർക്കാർ ഉയര്‍ത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 2023 ജനുവരിയിലാണ് ഏറ്റവും പുതിയ നിരക്ക് വർധനയുണ്ടായത്. നിലവിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 2.85 രൂപയാണ് എഫ്പിപിപിഎ ഈടാക്കുന്നത്.

ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾ വലിയ സമ്മർദത്തിലാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് വൈദ്യുതി നിരക്ക് വര്‍ധനയക്കെതിരെ പ്രതിപക്ഷമുൾപ്പെടെ രംഗത്തെത്തുന്നത്.

logo
The Fourth
www.thefourthnews.in