എയർ ഇന്ത്യ ഡിജിറ്റൽ സംവിധാനങ്ങൾ നവീകരിക്കുന്നു; 200 മില്യൺ ഡോളർ പ്രാരംഭ നിക്ഷേപം

എയർ ഇന്ത്യ ഡിജിറ്റൽ സംവിധാനങ്ങൾ നവീകരിക്കുന്നു; 200 മില്യൺ ഡോളർ പ്രാരംഭ നിക്ഷേപം

പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ, ഡിജിറ്റൽ എഞ്ചിനീയറിംഗ് സേവനങ്ങൾ,ഡിജിറ്റൽ വർക്ക്ഫോഴ്‌സ് എന്നിവയിൽ ഇതിനകം 200 മില്യൺ ഡോളറാണ് എയർ ഇന്ത്യ നിക്ഷേപിച്ചിരിക്കുന്നത്.
Updated on
1 min read

എയർലൈനിന്റെ ഡിജിറ്റൽ സംവിധാനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി 200 മില്യൺ യുഎസ് ഡോളറിന്റെ പ്രാരംഭ നിക്ഷേപം നടത്തി എയർ ഇന്ത്യ. ചാറ്റ് ജിപിടി പ്രവർത്തിപ്പിക്കുന്ന ചാറ്റ്ബോട്ട് അടക്കമുളള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

ഡിജിറ്റൽ സംവിധാനങ്ങൾക്കായി കമ്പനി ഒന്നിലധികം സംരംഭങ്ങൾ ഇതിനകം പൂർത്തീകരിച്ച് കഴിഞ്ഞു. ഡിജിറ്റൽ സംവിധാനങ്ങൾ, ഡിജിറ്റൽ എഞ്ചിനീയറിങ് സേവനങ്ങൾ, ഡിജിറ്റൽ വർക്ക്ഫോഴ്‌സ് എന്നിവയിൽ ഇതിനകം 200 മില്യൺ ഡോളറാണ് എയർ ഇന്ത്യ നിക്ഷേപിച്ചിരിക്കുന്നത്.

പരമ്പരാഗത ഡിജിറ്റൽ സാങ്കേതികവിദ്യകൾ മുതൽ ആധുനിക ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ വിന്യസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും സങ്കീർണമായ വെല്ലുവിളികൾ പരിഹരിക്കുന്നതിന് ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ സാധ്യതകളും എയർ ഇന്ത്യ കണ്ടെത്തും.

ഉപഭോക്താക്കൾക്കായി എയർലൈൻ പുതിയ സാങ്കേതിക സംവിധാനങ്ങൾ വിന്യസിപ്പിക്കുകയാണ്. വെബ്‌സൈറ്റും മൊബൈൽ ആപ്പും നവീകരിക്കുകയും ഉപഭോക്തൃ-സൗഹൃദ അറിയിപ്പ് സംവിധാനം, ചാറ്റ്‌ജിപിടി-ഡ്രൈവ് ചാറ്റ്‌ബോട്ട്, ഇൻ-ഫ്ലൈറ്റ്-എന്റർടൈൻമെന്റ് സിസ്റ്റം നവീകരണം, തത്സമയ ഉപഭോക്താക്കൾക്കൊപ്പം ഉപഭോക്തൃ സേവന പോർട്ടൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്, ഉപഭോക്തൃ ഫീഡ്ബാക്ക് എന്നിവയ്ക്കായി ഉപയോഗിക്കുന്ന പുതിയ സാങ്കേതിക സംവിധാനങ്ങളാണ് ഇതിലുള്ളത്.

കൊച്ചിയിലും ഗുരുഗ്രാമിലും യുഎസിലെ സിലിക്കൺ വാലിയിലും ഒരു അത്യാധുനിക ഡിജിറ്റൽ - ടെക്നോളജി ടീം കെട്ടിപ്പടുക്കാനാണ് നിക്ഷേപം നടത്തുന്നത്. എയർ ഇന്ത്യയിലെ സാങ്കേതിക പരിവർത്തനത്തിന്റെ വ്യാപ്തി വിപുലമാണെന്നും അതിനായി ഡിജിറ്റൽ സമീപനമാണ് സ്വീകരിക്കുന്നതെന്നും എയർ ഇന്ത്യയുടെ ചീഫ് ഡിജിറ്റൽ ആൻഡ് ടെക്നോളജി ഓഫീസർ സത്യ രാമസ്വാമി പറഞ്ഞു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്ട്, സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്ത സംരംഭമായ വിസ്താര അടക്കം നാല് എയർലൈനുകൾ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.

ജീവനക്കാർക്കായി ജോലിസ്ഥലം പൂർണമായും ഡിജിറ്റലാക്കുകയും സ്വയം സേവന പോർട്ടലുകൾ സൃഷ്ടിക്കുകയും പൈലറ്റുമാർക്ക് മൊബൈൽ സേവനങ്ങൾ ഉറപ്പുവരുത്തുകയും ക്യാബിൻ ക്രൂ, എയർപോർട്ട് ഓപ്പറേഷൻസ് ക്രൂ, ഓട്ടോമേറ്റഡ് ക്രൂ പെയറിംഗ് എന്നിവയ്ക്കായി പുതിയ സാങ്കേതിക സംവിധാനങ്ങൾ വിന്യസിക്കുമെന്ന് എയർലൈൻ അറിയിച്ചു. കൂടാതെ, പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എയർ ഇന്ത്യ പാസഞ്ചർ സർവീസ് സിസ്റ്റം, ഡിപ്പാർച്ചർ കൺട്രോൾ സിസ്റ്റം, സെയിൽസ് സിസ്റ്റം, എഞ്ചിനീയറിങ് മാനേജ്‌മെന്റ് സിസ്റ്റം, ഫ്യൂവൽ മാനേജ്‌മെന്റ്, സുസ്ഥിരത അടക്കമുളള സംവിധാനങ്ങൾ നവീകരിക്കും. കഴിഞ്ഞ വർഷം ജനുവരിയിലാണ് എയർ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.

logo
The Fourth
www.thefourthnews.in