പറന്നുയര്‍ന്ന് ആകാശ; ആദ്യ സര്‍വീസ് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക്
നീണ്ട കാത്തിരിപ്പിനൊടുവില്‍ 'ആകാശ എയറി'ന്റെ ആദ്യ വിമാനം പറന്നുയർന്നു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വ്യോമസേനാ മേധാവി ജനറല്‍ വിജയ് കുമാര്‍ സിങ്ങും ചേര്‍ന്ന് വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ യാത്ര.
ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈനായ ആകാശയുടെ ടിക്കറ്റ് ബുക്കിങ് ജൂലൈ 22ന് ആരംഭിച്ചിരുന്നു. അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. മുംബൈ മുതല്‍ അഹമ്മദാബാദ് വരെ പ്രതിവാരം 28 ഫ്‌ളൈറ്റുകളുണ്ടാവുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 13 മുതല്‍ ബംഗളൂരുവില്‍ നിന്നും കൊച്ചി വരെ 28 അധിക വിമാനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. എല്ലാ വിമാനങ്ങളുടെയും ബുക്കിങും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ എല്ലാ നഗരങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്തുക എന്നതാണ് ആകാശയുടെ ലക്ഷ്യമെന്ന് ആകാശ എയര്‍ലൈന്‍ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് ഓഹരി വിപണിയിലെ മുന്‍നിര നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയോടെ ആരംഭിച്ച ആകാശ എയര്‍ലൈനിന് ഏവിയേഷന്‍ റഗുലേറ്ററായ ഡി.ജി.സി.എയുടെ ലൈസന്‍സ് ലഭിച്ചത്. ഇന്ത്യയിലെ യാത്രാ നിരക്ക് കുറഞ്ഞ അഞ്ചാമത്തെ വിമാന സർവീസാണ് ആകാശ. ഫ്‌ളൈറ്റുകള്‍ക്കുള്ള ബുക്കിങ് മൊബൈല്‍ ആപ്പ് വഴിയും വെബ്സൈറ്റ് www.akasaair.com വഴിയും ലഭ്യമാണ്.