തൊഴിലാളികളെ വെട്ടിച്ചുരുക്കി ആലിബാബ; മൂന്ന് മാസത്തിനിടെ പിരിച്ചുവിട്ടത് പതിനായിരത്തോളം പേരെ
ചൈനീസ് മള്‍ട്ടിനാഷണല്‍ ഇ കൊമേഴ്‌സ് കമ്പനിയായ ആലിബാബ തൊഴിലാളികളെ വെട്ടിച്ചുരുക്കുന്നു. ചൈനീസ് വിപണിയില്‍ നേരിട്ട തിരിച്ചടിയും സാമ്പത്തിക മാന്ദ്യത്തിനും ഇടയില്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിയാണ് നടപടി. മൂന്ന് മാസത്തിനിടെ പതിനായിരത്തോളം ജീവനക്കാരെയാണ് ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ് പിരിച്ചുവിട്ടത്. ജൂണ്‍ മാസത്തെ അറ്റവരുമാനത്തില്‍ 50 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടത്.
മൊത്തം ജീവനക്കാരുടെ എണ്ണം 245,700 ആയി കുറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണ്‍ മാസത്തില്‍ മാത്രം 9,241 ജീവനക്കാരെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു. ഇതോടെ കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 245,700 ആയി കുറഞ്ഞു.
ഒരു വര്‍ഷത്തിനിടെ വന്‍ തിരിച്ചടിയാണ് ആലിബാബ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 45.14 ബില്യണ്‍ യുവാന്‍ ആയിരുന്ന അറ്റവരുമാനം ഈ വര്‍ഷം 50 ശതമാനം ഇടിഞ്ഞ് 22.74 ബില്യണ്‍ യുവാന്‍ (3.4 ബില്യണ്‍ യുഎസ് ഡോളര്‍) ആയി റിപ്പോര്‍ട്ട് ചെയ്തു. ഈ നഷ്ടവും ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിന് കാരണമായി.
1999ലാണ് ചൈനീസ് ഇ-കൊമേഴ്സ് ഗ്രൂപ്പായ ആലിബാബ സ്ഥാപിതമായത്.
1999ലാണ് ചൈനീസ് ഇ-കൊമേഴ്സ് ഗ്രൂപ്പായ ആലിബാബ സ്ഥാപിതമായത്. 2015-ല്‍ സ്ഥാപകനായ ജാക്ക് മാ സിഇഒ പദവി ഡാനിയല്‍ ഷാങ്ങിന് കൈമാറുകയും 2019-ല്‍ അദ്ദേഹത്തെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തതോടെ കമ്പനി വളര്‍ച്ചയിലേക്ക് കുതിച്ചുകയറുകയായിരുന്നു.
ന്യൂയോര്‍ക്കിലും ഹോങ്കോങ്ങിലും പ്രാഥമിക ലിസ്റ്റിംഗുള്ള ആദ്യ കമ്പനിയാണ് ആലിബാബ. ചൈനയിലെ നിക്ഷേപകരെ ആകര്‍ഷിക്കാനായി ജൂലൈയില്‍, ആലിബാബ ഹോങ്കോങ് സ്റ്റോക് എക്സ്ചേഞ്ചില്‍ പ്രാഥമിക ലിസ്റ്റിംഗ് പ്രഖ്യാപിച്ചിരുന്നു. 2014 സെപ്റ്റംബറില്‍ യുഎസിലെ ന്യൂയോര്‍ക്കില്‍ പബ്ലിക് ലിസ്റ്റിംഗ് ആയി മാറിയ ആലിബാബ, 2019 നവംബറില്‍ ഹോങ്കോങ്ങില്‍ ഡബിള്‍ ലിസ്റ്റിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
വിദേശ വിപണിയിലെ പ്രകടനം പക്ഷേ ആലിബാബ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ആന്റ് ഗ്രൂപ്പിന്റെ 37 ബില്യണ്‍ ഡോളറിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ആന്റ് ഗ്രൂപ്പിന്റെ കണ്‍ട്രോളര്‍ ജാക്ക് മായുടെ നിലപാടുകളും കമ്പനിക്ക് തിരിച്ചടിയായിരുന്നു. ഒക്ടോബറില്‍ ജാക് മാ നടത്തിയ ഒരു പ്രസംഗത്തില്‍ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സ്വകാര്യ വ്യവസായത്തിനെതിരെയുള്ള ചൈനയുടെ നടപടി തിരിച്ചടിയായി
ടെക്‌നോളജി സ്റ്റോക്ക് നിക്ഷേപകരുടെ പ്രിയപ്പെട്ട കമ്പനിയായിരുന്നു ഒരുകാലത്ത് ആലിബാബ. എന്നാല്‍ സ്വകാര്യ വ്യവസായത്തിനെതിരെയുള്ള ചൈനയുടെ നടപടികള്‍ ആലിബാബയുടെ അനുബന്ധ കമ്പനിയായ ആന്റിന്റെ സ്റ്റോക്ക് വില ഇടിയുകയായിരുന്നു.