അനില്‍ അംബാനിയുടെ  റിലയന്‍സ് ക്യാപിറ്റല്‍സ് വില്‍പനയ്ക്ക്; 9661 കോടി നല്‍കി വാങ്ങുന്നത് ഹിന്ദുജ ഗ്രൂപ്പ്‌
Picasa

അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍സ് വില്‍പനയ്ക്ക്; 9661 കോടി നല്‍കി വാങ്ങുന്നത് ഹിന്ദുജ ഗ്രൂപ്പ്‌

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലയന്‍സ് ക്യാപിറ്റലിന് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ മൂല്യമുണ്ടായിരുന്ന കാലത്ത് ഹിന്ദുജ ഗ്രൂപ്പിന്റെ മൊത്തം ആസ്തി 124250 കോടി മാത്രമായിരുന്നു.
Updated on
1 min read

ആഗോള സമ്പന്നരില്‍ പതിമൂന്നാമനും ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമനുമായ മുകേഷ് അംബാനിയുടെ ഇളയ സഹോദരന്‍ അനില്‍ അംബാനി കടക്കെണിയെത്തുടര്‍ന്ന് തന്റെ കമ്പനികള്‍ വില്‍ക്കാനൊരുങ്ങുന്നു. തന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ക്യാപിറ്റല്‍സ് ആണ് അനില്‍ അംബാനി വില്‍പനയ്ക്കു വച്ചത്. ഇന്ത്യയിലെ തന്നെ മറ്റൊരു ശതകോടീശ്വര ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പ് റിലയന്‍സ് ക്യാപിറ്റല്‍സിനെ വാങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

അഞ്ചു വര്‍ഷം മുമ്പ് 2018-ല്‍ 93,851 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന റിലയന്‍സ് ക്യാപിറ്റല്‍സ് പിന്നീട് തകര്‍ന്നടിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി വലിയ ഇടിവാണ് കമ്പനി നേരിട്ടതെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തത്. സാമ്പത്തിക ഇടപാടുകളില്‍ അനില്‍ അംബാനിക്കു വന്ന വീഴ്ച്ചകളും സാമ്പത്തിക പ്രതിസന്ധിയുമാണ് തകര്‍ച്ചയ്ക്കു കാരണമായത്. ഇതോടെയാണ് കമ്പനി വില്‍ക്കാന്‍ അനില്‍ അംബാനി തീരുമാനിച്ചത്.

അനില്‍ അംബാനിയുടെ റിലയന്‍സ് ഷെയറുകള്‍ വാങ്ങാന്‍ തയ്യാറാണെന്നറിയിച്ച് ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ IIHLആണ് റെസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിച്ചത്. റെക്കോഡ് ലേലത്തുകയായ 9661 കോടി രൂപയ്ക്കാണ് ഹിന്ദുജ ഗ്രൂപ്പ് റിലയന്‍സ് ക്യാപിറ്റല്‍ സ്വന്തമാക്കുന്നത്. കമ്പനി കൂപ്പു കുത്താന്‍ തുടങ്ങിയതോടെ ഓഹരി ഉടമകളും വില്‍പ്പനയെ പ്രോത്സാഹിപ്പിച്ചു. റിലയന്‍സ് ഓഹരി ഉടമകളിലെ 90 ശതമാനം ഓഹരി ഉടമകളും IIHL ഗ്രൂപ്പിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലയന്‍സ് ക്യാപിറ്റലിന് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ മൂല്യമുണ്ടായിരുന്ന കാലത്ത് ഹിന്ദുജ ഗ്രൂപ്പിന്റെ മൊത്തം ആസ്തി 124250 കോടി മാത്രമായിരുന്നു. റിലയന്‍സ് ഓഹരികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ നടപടി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കമ്പനി ഏറ്റെടുക്കുന്നതിനു പുറമേ കമ്പനിയുടെ 500 കോടി രൂപ ക്യാഷ്ബാലന്‍സും ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പാപ്പരത്തം പ്രഖ്യാപിച്ച അനില്‍ അംബാനിക്ക് ഈ തീരുമാനം ഗുണം ചെയ്യുമെന്നാണ് നിരീക്ഷണം.

കുറച്ച് ദുവസങ്ങള്‍ക്ക് മുന്‍പാണ് അനില്‍ അംബാനി എന്‍ഫോഴ്‌സ് ഡയറക്ടേഴ്‌സിനു മുന്നില്‍ ഹാജരായത്. ഫെമ കേസുമായി ബന്ധപ്പെട്ടായിരുന്നു അനില്‍ അംബാനിയുടെ മൊഴി രേഖപ്പെടുത്താന്‍ ഇഡി വിളിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഭാര്യ ടീന അംബാനിയും കേസുമായി ബന്ധപ്പെട്ട് ഇഡി ഓഫീസില്‍ ഹാജരായിരുന്നു.

logo
The Fourth
www.thefourthnews.in