ആന്റ് ഗ്രൂപ്പ് വിട്ട് ജാക്ക് മാ; നിയന്ത്രണ അവകാശങ്ങൾ ഒഴിഞ്ഞു
ചൈനീസ് ഫിൻടെക് കമ്പനിയായ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഒഴിഞ്ഞ് സ്ഥാപകൻ ജാക്ക് മാ. കമ്പനിയുടെ ഓഹരിയുടമകള്‍ ആവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കിയ ശേഷം മാ വോട്ടിങ് അവകാശങ്ങളും ഉപേക്ഷിക്കുമെന്ന് ഗ്രൂപ്പ് അറിയിച്ചു. ഇനി വോട്ടിങ് നടത്തുമ്പോൾ മായും മറ്റ് ഒൻപത് പ്രധാന ഓഹരി ഉടമകളും സ്വതന്ത്രമായിട്ടായിരിക്കും വോട്ട് ചെയ്യുക എന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മാ ഒഴിഞ്ഞതോടെ, എട്ട് ബോർഡ് ഡയറക്ടർമാരാണ് ഇനിയുള്ളത്.
കമ്പനിയുടെ 50 ശതമാനം വോട്ടിങ് അവകാശമാണ് മായ്ക്ക് ഉണ്ടായിരുന്നത്. മാറ്റങ്ങൾക്ക് ശേഷം, വിഹിതം 6.2 ശതമാനമായി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥാപകൻ, മാനേജ്‌മെന്റ്, ജീവനക്കാർ എന്നിങ്ങനെ 10 വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടവകാശം ലഭിക്കുന്നതാണ് ഈ മാറ്റം.
2020 അവസാനത്തോടെ ആൻറ് ഗ്രൂപ്പിന്റെ 37 ബില്യൺ ഡോളറിന്റെ ഐപിഒ താൽക്കാലികമായി നിർത്തിവച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഷാങ്ഹായ്, ഹോങ്കോംഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ഇരട്ട ലിസ്റ്റിംഗിനായി ആൻറ് ഗ്രൂപ്പ് തയ്യാറെടുക്കുകയും അതിന്റെ പ്രീ-ഐപിഒ ധനസമാഹരണത്തിൽ 34.5 ബില്യൺ ഡോളർ സമാഹരിക്കുകയും ചെയ്തിരുന്നു.
ഇത് ഐപിഒ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമാഹരണമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ 2022 നവംബർ 3-ന് ''സാമ്പത്തിക സാങ്കേതിക നിയന്ത്രണത്തിൽ വന്ന മാറ്റങ്ങൾ" കാരണം ആന്റ് ഗ്രൂപ്പിന്റെ ലിസ്റ്റിംഗ് താൽക്കാലികമായി നിർത്തിവച്ചതായി ഷാങ്ഹായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഹോങ്കോങ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നും സമാനമായ അറിയിപ്പ് വന്നു.
സാമ്പത്തിക വ്യവസ്ഥയുടെ അഭാവത്തിൽ ചൈനയെ വിമർശിച്ച മാ ചൈനീസ് ബാങ്കുകൾ 'പണയ കടകൾ' ആണെന്ന് പറഞ്ഞിരുന്നു. ചൈനീസ് അധികാരികൾക്കെതിരായ വിമർശനം അദ്ദേഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. വിമർശിച്ചതിനെത്തുടർന്ന് ആന്റ് ഗ്രൂപ്പിന്റെ ഐപിഒ ചൈനീസ് സർക്കാർ നിർത്തിവച്ചിരുന്നു.
അതേസമയം, കമ്പനിയുടെ നിയന്ത്രണം മാ വിട്ടുകൊടുക്കുന്നത് ഐപിഒ പുനരുജ്ജീവിപ്പിക്കാനുള്ള വഴിയൊരുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഗ്രൂപ്പ് പ്രഖ്യാപിച്ച മാറ്റങ്ങൾ കാരണം ലിസ്റ്റിംഗിലെ നിയന്ത്രണങ്ങൾക്ക് കാലതാമസം ഉണ്ടാകാനാണ് സാധ്യത.