ആപ്പിൾ എയർപോഡുകൾ നിർമിക്കാൻ ഫോക്‌സ്‌കോൺ; തെലങ്കാനയിൽ 200 മില്യൺ ഡോളറിന്റെ ഫാക്ടറി
ആപ്പിളിനായി എയർപോഡുകൾ നിർമിക്കാനുള്ള കരാർ തായ്‌വാൻ കമ്പനിയായ ഫോക്സ്കോണിന്. തെലങ്കാനയിൽ പുതുതായി തുടങ്ങുന്ന പ്ലാന്റിലായിരിക്കും വയർലെസ് ഇയർഫോണുകൾ നിർമിക്കുന്നത്. ഫാക്ടറിക്കായി 200 മില്യൺ ഡോളറാണ് കമ്പനി ചെലവഴിക്കുക. എന്നാൽ എത്ര രൂപയ്ക്കാണ് എയർപോഡ് നിർമാണത്തിനായുള്ള കരാർ ലഭിച്ചതെന്ന് വ്യക്തമല്ല. നിലവിൽ ചൈനീസ് കമ്പനികളാണ് ആപ്പിളിന് വേണ്ടി എയർപോഡുകൾ നിർമിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്‌സ് നിർമാതാവും എല്ലാ ഐഫോണുകളുടെ 70ശതമാനം അസംബ്ലറുമാണ് ഫോക്‌സ്‌കോൺ. ലാഭം കുറവാണ് എന്നതിനാൽ എയർപോഡുകളുടെ ഉത്പാദനം ഇതുവരെയും ഏറ്റെടുത്തിരുന്നില്ല. എന്നാൽ ആപ്പിളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് കരാറുമായി മുന്നോട്ട് പോകാൻ ഫോക്സ്കോൺ തീരുമാനിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. നിർമാണം ഇന്ത്യയിലാക്കണമെന്ന് ആപ്പിളാണ് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫോക്സ്കോണിന്റെ അനുബന്ധ സ്ഥാപനമായ ഫോക്സ്കോൺ ടെക്നോളജി ലിമിറ്റഡ് ഈ വർഷം രണ്ടാം പകുതിയോടെ ഇന്ത്യയിൽ ഫാക്ടറിയുടെ നിർമാണം ആരംഭിക്കാനും 2024 അവസാനത്തോടെ ഉത്പാദനം തുടങ്ങാനുമാണ് പദ്ധതി. ചൈനയിലെ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ കാരണം ആപ്പിളിനും ഫോക്സ്കോണിലും വലിയ രീതിയിലുള്ള നഷ്ടം ബിസിനസിൽ ഉണ്ടായിട്ടുണ്ട്. ഇതുകാരണം ചൈനയിൽ നിന്ന് വിതരണം മാറ്റാനുള്ള ആലോചനയിലായിരുന്നു ഇരു കമ്പനികളും. സ്വന്തം രാജ്യക്കാരായ വിസ്ട്രോൺ കോർപ്, പെഗാട്രോൺ കോർപ് എന്നിവയുമായാണ് ആപ്പിളിൽ നിന്നും കരാറുകൾ നേടുന്നതിൽ ഫോക്‌സ്‌കോൺ മത്സരിക്കുന്നത്.
അദാനി എന്റർപ്രൈസസുമായി ചേർന്ന് ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്, 700 മില്യൺ ഡോളറിന്റെ നിക്ഷേപത്തിന് പദ്ധതിയിടുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും ഫോക്സ്കോൺ അത് നിഷേധിച്ചിരുന്നു. ഇത് കൂടാതെ ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള 300 ഏക്കർ സ്ഥലത്ത് ഫോക്സ്കോണ്‍, ആപ്പിൾ ഐ ഫോൺ നിർമാണ യൂണിറ്റ് ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അറിയിച്ചിരുന്നു. എന്നാൽ ചർച്ചകളും ആഭ്യന്തര അവലോകനവും തുടരുകയാണെന്നും മാധ്യമങ്ങളിൽ വരുന്ന സാമ്പത്തിക നിക്ഷേപ തുക ഫോക്സ്കോൺ പുറത്തുവിടുന്ന വിവരങ്ങളല്ലെന്നുമായിരുന്നു കമ്പനി പ്രസ്താവനയിൽ പറഞ്ഞത്.