അവധിക്കൊപ്പം പണിമുടക്കും; ബാങ്കിങ് സേവനങ്ങള്‍ നാല് ദിവസം മുടങ്ങുമെന്ന് എസ്ബിഐ

അവധിക്കൊപ്പം പണിമുടക്കും; ബാങ്കിങ് സേവനങ്ങള്‍ നാല് ദിവസം മുടങ്ങുമെന്ന് എസ്ബിഐ

അത്യാവശ്യ ഇടപാടുകള്‍ ജനുവരി 27ന് തന്നെ പൂര്‍ത്തിയാക്കണമെന്നും എസ്ബിഐ
Updated on
1 min read

അവധിക്കൊപ്പം ബാങ്കിങ് മേഖലയിലെ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ബാങ്കിങ് സേവനങ്ങള്‍ നാല് ദിവസം മുടങ്ങും. മാസത്തിന്റെ അവസാന നാളുകളിലെ രണ്ട് ദിവസത്തെ പണിമുടക്കാണ് ബാങ്കിങ് സേവനങ്ങള്‍ തുടര്‍ച്ചയായി മുടങ്ങാന്‍ കാരണം. അത്യാവശ്യ ഇടപാടുകള്‍ ജനുവരി 27ന് തന്നെ പൂര്‍ത്തിയാക്കണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് അറിയിച്ചിട്ടുണ്ട്. അതേസമയം, മറ്റ് ബാങ്കുകള്‍ പ്രത്യേകിച്ച് അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

മാസത്തിലെ അവസാന ശനിയാഴ്ചയായതിനാല്‍ ജനുവരി 28ന് ബാങ്ക് പ്രവര്‍ത്തിക്കില്ല. 29 ഞായറാഴ്ചയാണ്. 30, 31 ദിവസങ്ങളിലാണ് യുഎഫ്ബിയു ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക്. ഇതോടെ, തുടര്‍ച്ചയായ നാല് ദിവസം ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടും. പ്രവര്‍ത്തിദിനം അഞ്ചായി കുറയ്ക്കുക, ദേശീയ പെന്‍ഷന്‍ സമ്പ്രദായം നിര്‍ത്തലാക്കി പഴയ സമ്പ്രദായം പുനസ്ഥാപിക്കുക, ശമ്പളം വര്‍ധിപ്പിക്കുക, എല്ലാ വിഭാഗങ്ങളിലേക്കും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക എന്നിങ്ങനെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഎഫ്ബിയു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പണിമുടക്ക് ബാങ്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും വിവിധ ശാഖകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിച്ചേക്കാമെന്നാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. ഫെബ്രുവരി ഒന്നുമുതല്‍ ബാങ്കിങ് സേവനങ്ങള്‍ വീണ്ടും പൂര്‍ണതോതില്‍ ലഭ്യമാകും. അതിനാല്‍ അടിയന്തര ഇടപാടുകള്‍ പൂര്‍ത്തിയാക്കാനുള്ള ഉപഭോക്താക്കള്‍ ജനുവരി 27ന് തന്നെ അത് നടത്തണമെന്നും എസ്ബിഐ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in