ഓഹരി വിപണിയിലും 'കിങ് മേക്കറായി' ചന്ദ്രബാബു നായിഡു; കുടുംബസ്വത്തില്‍ 858 കോടി രൂപയുടെ വർധന
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിങ് മേക്കറായി മാറിയതിന് പിന്നാലെ, തെലുങ്കു ദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ ഓഹരിയില്‍ വന്‍ കുതിച്ചുചാട്ടം. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരി വെള്ളിയാഴ്ച ഒരു ഷെയറിന് 403 രൂപയില്‍ നിന്ന് 662 രൂപയിലെത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ അഞ്ച് ട്രേഡിങ് സെഷനുകളില്‍ നിന്നായി 64 ശതമാനം നേട്ടമാണ് ഗ്രൂപ്പ് നേടിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ചുദിവസം കൊണ്ട് അദ്ദേഹത്തിന്റെ കുടുംബ സ്വത്തില്‍ 858 കോടി രൂപ വര്‍ധിച്ചു.
ആന്ധ്രാപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് നടന്ന മെയ് 13-ന് ഗ്രൂപ്പിന്റെ ഓഹരി ക്ലോസിങ് വില 363 ആയിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആസ്ഥിയില്‍ ഏകദേശം 989 കോടി രൂപ വര്‍ധിച്ചിട്ടുണ്ട്. മെയ് 12 മുതല്‍ ഏഴാം തീയതിവരെയുള്ള കണക്ക് പ്രകാരം കമ്പനി 82 ശതമാനം നേട്ടമുണ്ടാക്കി. പാല്‍ ഉത്പാദന കമ്പനിയായ ഹെറിറ്റേജ് ഫുഡ്‌സില്‍ നായിഡുവിന്റെ കുടുംബത്തിന് 35.7 ശതമാനം ഷെയറാണുള്ളത്.
കമ്പനിയുടെ മാനേജിങ് ഡയറക്ടറായ നാരാ ഭുവനേശ്വരിക്കാണ് കൂടുതല്‍ ഓഹരിയുള്ളത്. 24.4 ശതമാനം ഓഹരിയാണ് ഭുവനേശ്വരിക്കുള്ളത്. നായിഡുവിന്റെ മകന്‍ നാരാ ലോകേഷിന് 10.8 ശതമാനം ഓഹരിയുണ്ട്. നായിഡുവിന്റെ മരുമകള്‍ നാരാ ബ്രഹ്‌മണിക്ക് 0.5 ശതമാനം, ചെറുമകന്‍ ദേവാന്‍ഷ് നാരായ്ക്ക് 0.1 ശതമാനം ഓഹരിയുമുണ്ട്. മെയ് 13-ന് കമ്പനിയുടെ വിപണി മൂലധനം 3,371 കോടിയായിരുന്നു. മെയ് 31-ന് ഇത് 3,738 കോടിയായി. വെള്ളിയാഴ്ച വിപണി മൂല്യം 6,141 ആയി വര്‍ധിച്ചു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകളും നിയമസഭ തിരഞ്ഞെടുപ്പില്‍ 135 സീറ്റുമാണ് ടിഡിപി നേടിയത്. ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, എന്‍ഡിഎ സഖ്യകക്ഷിയായ ടിഡിപിയുടെ നിലപാടുകള്‍ നരേന്ദ്ര മോദിക്ക് നിര്‍ണായകമാണ്. ലോക്‌സഭ സ്പീക്കര്‍, ക്യാബിനറ്റ് മന്ത്രി സ്ഥാനം, ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് തുടങ്ങി നിരവധി നിബന്ധനകളാണ് ടിഡിപി ബിജെപിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.