ബൈജൂസ് സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു; പ്രവർത്തന ചുമതലകള്‍ ഏറ്റെടുത്ത് ബൈജു രവീന്ദ്രന്‍

ബൈജൂസ് സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു; പ്രവർത്തന ചുമതലകള്‍ ഏറ്റെടുത്ത് ബൈജു രവീന്ദ്രന്‍

നാല് വർഷങ്ങള്‍ക്ക് ശേഷമാണ് ബൈജു കമ്പനിയുടെ പ്രവർത്തനങ്ങളുടെ മേല്‍നോട്ടത്തിലേക്ക് എത്തുന്നത്
Updated on
2 min read

എഡ്-ടെക് സ്ഥാപനം ബൈജൂസിന്റെ സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു. സിഇഒ ചുമതല ഏറ്റെടുത്ത് കേവലം ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് രാജി. സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ബൈജൂസിന്റെ പ്രവർത്തന ചുമതലകള്‍ ഏറ്റെടുത്തതോടെയാണ് നടപടിയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാല് വർഷങ്ങള്‍ക്ക് ശേഷമാണ് ബൈജു കമ്പനിയുടെ പ്രവർത്തനങ്ങളുടെ മേല്‍നോട്ടത്തിലേക്ക് എത്തുന്നത്. കമ്പനിയുടെ ഉപദേശകന്റെ ചുമതലയായിരിക്കും ഇനി അർജുന്‍ വഹിക്കുകയെന്നും മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്തു.

"ബൈജൂസിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തില്‍ അർജുന്‍ മികച്ച പ്രവർത്തനമാണ് നല്‍കിയത്. അദ്ദേഹത്തിന്റെ നേതൃത്വ മികവിനെ അഭിനന്ദിക്കുന്നു. തന്ത്രപ്രധാനമായ ഉപദേശകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം പ്രതീക്ഷിക്കുന്നു," ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.

ലേണിങ് ആപ്പ്, ഓണ്‍ലൈന്‍ ക്ലാസ് ആന്‍ഡ് ട്യൂഷന്‍ സെന്റേഴ്‌സ്, ടെസ്റ്റ് പ്രെപ് എന്നിങ്ങനെ മൂന്ന് ഡിവിഷനുകളില്‍ കേന്ദ്രീകരിച്ച് കമ്പനിയുടെ പ്രവർത്തനങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെയും കൂടിയാണ് അർജുന്റെ രാജി.

"ബൈജൂസ് 3.0യുടെ തുടക്കമാണിത്. വിപണിയുടെ ചലനത്തിനൊത്ത് വേഗത്തില്‍ തയ്യാറായി കൂടുതല്‍ ചടുലതയോടെ സ്ഥാപനം മുന്നോട്ട് പോകും," ബൈജു കൂട്ടിച്ചേർത്തു.

ബൈജൂസ് സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു; പ്രവർത്തന ചുമതലകള്‍ ഏറ്റെടുത്ത് ബൈജു രവീന്ദ്രന്‍
ഒരു വർഷം മുന്‍പ് ബൈജു രവീന്ദ്രന്റെ ആസ്തി 17,545 കോടി രൂപ, ഇന്ന് പൂജ്യം; പട്ടിക പുറത്തുവിട്ട് ഫോർ‌ബ്‌സ്

2011ല്‍ സ്ഥാപിതമായ ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ട്അപ്പുകളില്‍ ഒന്നായിരുന്നു. 2022ല്‍ കമ്പനിയുടെ മൂല്യം 22 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു. നൂതനമായ ലേണിങ് ആപ്ലിക്കേഷനിലൂടെ വിദ്യാഭ്യാസ മേഖലയില്‍ ചുരുങ്ങിയ കാലംകൊണ്ട് വിപ്ലവം സൃഷ്ടിക്കാന്‍ ബൈജൂസിന് സാധിച്ചിരുന്നു. പ്രൈമറി സ്കൂള്‍ വിദ്യാർഥികള്‍ മുതല്‍ എംബിഎ വിദ്യാർഥികള്‍ക്ക് വരെ സേവനം ലഭ്യമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും അതിനോടൊപ്പം കമ്പനിയുമായി ബന്ധപ്പെട്ട് പലവിവാദങ്ങളും ഉടലെടുത്തതോടെയാണ് തകർച്ചയിലേക്ക് നീങ്ങിയത്.

തകർച്ചയുടെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ പൂട്ടാനുള്ള നിർദേശം കമ്പനി അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരുവിലെ നോളജ് പാര്‍ക്കിലുള്ള പ്രധാന ഓഫീസ് ഒഴികെ, ബാക്കിയുള്ള ഓഫീസുകള്‍ പൂട്ടാനാണ് നിര്‍ദേശം. ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി. നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബൈജൂസ്, കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 75 ശതമാനം ജീവനക്കാര്‍ക്കും ഫെബ്രുവരി മാസത്തെ ശമ്പള വിഹിതം തടഞ്ഞുവെച്ചിരുന്നു.

ബൈജൂസ് സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു; പ്രവർത്തന ചുമതലകള്‍ ഏറ്റെടുത്ത് ബൈജു രവീന്ദ്രന്‍
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി; ഇറാനുമായി ചർച്ച നടത്തി കേന്ദ്രം

അതേസമയം, ബൈജുവിനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കാന്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് ശ്രമവും നടന്നിരുന്നു. ഇതിനുപിന്നാലെ സിഇഒ ആയി തുടരുമെന്ന പ്രഖ്യാപനവുമായി ബൈജു രവീന്ദ്രൻ തന്നെ രംഗത്തെത്തുകയും ചെയ്തു. ബൈജുവിനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ സ്ഥാപനത്തിന്റെ ഓഹരി ഉടമകൾ വോട്ടെടുപ്പിലൂടെ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ബൈജുവിന്റെ വിശദീകരണം. ബൈജൂസിലെ ജീവനക്കാർക്കയച്ച കുറിപ്പിലായിരുന്നു ബൈജു രവീന്ദ്രന്റെ വാദം.

ഇതിനിടെ ബൈജൂസിന്റെ വിദേശ നിക്ഷേപം എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നിരീക്ഷണത്തിലും എത്തിയിരുന്നു. ഫെമ നിയമം ലംഘിച്ച് വിദേശത്ത് നിന്ന് 28,000 കോടിയുടെ നിക്ഷേപം സ്വീകരിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ 9,000 കോടി രൂപ പിഴയടയ്ക്കണം എന്നാവശ്യപ്പെട്ട് ബൈജൂസ് ലേണിങ് ആപ്പിന് ഇ ഡി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബൈജു രവീന്ദ്രനെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് ഇ ഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

logo
The Fourth
www.thefourthnews.in