120 കോടി ഡോളർ കടം; നിയമ വിരുദ്ധമായി തിരിച്ചടവ് കാലാവധി വെട്ടിക്കുറച്ചു, വായ്പ ദാതാവിന് എതിരെ പരാതി നൽകി ബൈജൂസ്

120 കോടി ഡോളർ കടം; നിയമ വിരുദ്ധമായി തിരിച്ചടവ് കാലാവധി വെട്ടിക്കുറച്ചു, വായ്പ ദാതാവിന് എതിരെ പരാതി നൽകി ബൈജൂസ്

ന്യൂയോർക്ക് കോടതിയിലാണ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ റെഡ്വുഡിനെതിരെ പരാതി നൽകിയിരിക്കുന്നത്
Updated on
1 min read

120 കോടി ഡോളറിന്റെ വായ്പാ തര്‍ക്കത്തില്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ റെഡ്വുഡിനെതിരെ ന്യൂയോര്‍ക്ക് കോടതിയില്‍ പരാതി നല്‍കി ബൈജൂസ്. 120 കോടി ഡോളര്‍ വായ്പയില്‍ 4 കോടി ഡോളര്‍ ഗഡു തിങ്കളാഴ്ച അടയ്ക്കാന്‍ വിസമ്മതിക്കുകയും വായ്പാദാതാക്കളുമായുള്ള തര്‍ക്കം കോടതി തീര്‍പ്പാക്കുന്നതുവരെ ഇനി പലിശ ഉള്‍പ്പെടെ ഗഡുക്കളൊന്നും അടയ്‌ക്കേണ്ടതില്ലെന്നും ബൈജൂസ് തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതിയില്‍ പരാതി നല്‍കിയത്.

മാര്‍ച്ചില്‍ വായ്പദാതാക്കള്‍ നിയവിരുദ്ധമായി വായ്പ തിരിച്ചടവ് തിരിച്ചടവ് കാലാവധി വെട്ടിക്കുറക്കുകയായിരുന്നു. കൂടാത കമ്പനിയുടെ യുഎസ് യൂണിറ്റായ ബൈജൂസ് ആല്‍ഫയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും പുതിയ മാനേജ്മെന്റിനെ സ്ഥാപിക്കുകയും ചെയ്തു. ഇതാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയത്.

ടേം ലോണ്‍ ബിയില്‍ ലഭിച്ച വായ്പയുടെ ഒരു പ്രധാന പങ്ക് റെഡ്വുഡ് വാങ്ങിയത് കടത്തില്‍ വ്യാപാരം നടത്തുന്നതിനിടയിലാണെന്നും ഇത് ടേം ലോണ്‍ വ്യവസ്ഥകള്‍ക്ക് എതിരാണെന്നും ബൈജൂസിന്റെ പരാതിയില്‍ പറയുന്നു. റെഡ്വുഡിന്റെ നേതൃത്വത്തിലുള്ള വായ്പാദാതാക്കളുടെ വേട്ടയാടല്‍ തന്ത്രങ്ങളെ തുടര്‍ന്നാണ് നടപടികള്‍ സ്വീകരിക്കേണ്ടി വന്നതെന്ന് ബൈജൂസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് ലോക്ഡൗൺ കാലത്ത് രാജ്യത്തെ മറ്റേത് സ്റ്റാര്‍ട്ടപ്പുകളേക്കാള്‍ വേഗത്തില്‍ എഡ്യൂ ടെക് കമ്പനിയായ ബൈജൂസ് വളരുകയായിരുന്നു. കമ്പനിയ്ക്ക് നിരവധി വിദേശ നിക്ഷേപങ്ങളും ലഭിക്കുകയുണ്ടായി. എന്നാല്‍ കോവിഡിന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകളുടെ കുതിച്ച് ചാട്ടത്തില്‍ ഇടിവ് സംഭവിക്കുകയും അത് സ്റ്റാര്‍ട്ടപ്പിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് കടമെടുത്ത വായ്പ പുനഃസംഘടിപ്പിക്കാന്‍ വായ്പാ ദാതാക്കളുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ബൈജൂസ് ശ്രമിച്ചിരുന്നു. എന്നാല്‍ തിരിച്ചടവ് ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കടക്കാര്‍ ദീര്‍ഘകാല ചര്‍ച്ചകള്‍ റദ്ദാക്കുകയായിരുന്നു. ഇത് കമ്പനിയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

മുന്‍ അധ്യാപകനായിരുന്ന ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംരംഭം സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ലംഘിച്ചിരുന്നു. തുടര്‍ന്ന് ഇഡി ബൈജൂസിന്റെ ഓഫീസുകളില്‍ പരിശോധന നടത്തുകയും 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ബൈജൂസിന് 2800 കോടി രൂപയോളം വിദേശ നിക്ഷേപം ലഭിച്ചെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in