ഇഡി അന്വേഷണം ധന സമാഹരണ പദ്ധതികള്‍ക്ക് തിരിച്ചടി; ബൈജൂസിന് വലിയ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍

ഇഡി അന്വേഷണം ധന സമാഹരണ പദ്ധതികള്‍ക്ക് തിരിച്ചടി; ബൈജൂസിന് വലിയ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍

ഇഡി വെളിപ്പെടുത്തല്‍ വെന്‍ച്വർ ക്യാപിറ്റലിസ്റ്റുകളെ നിരുത്സാഹപ്പെടുത്തുമെന്ന് വിദഗ്ധർ
Updated on
1 min read

ബൈജൂസിനെതിരായ ഇ ഡി അന്വേഷണം കമ്പനിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കുമെന്ന് വിദഗ്‌ധർ. ബെംഗളൂരു ആസ്ഥാനമായുള്ള എഡ്യൂ-ടെക് കമ്പനിയായ ബൈജൂസിന്റെ ഓഫീസുകളിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധന കമ്പനിയുടെ ധന സമാഹരണത്തെ ബാധിക്കുമെന്നാണ്‌ നിഗമനം. വിദേശനാണ്യ വിനിമയ നിയമപ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ സ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും എതിരായ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ബൈജൂസിന്റെ ബെംഗളൂരുവിലെ മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരവധി രേഖകളും വിവരങ്ങളും പിടിച്ചെടുത്തതായി ഇ ഡി അറിയിച്ചു. ഇത് വെന്‍ച്വർ ക്യാപിറ്റലിസ്റ്റുകളെ നിരുത്സാഹപ്പെടുത്തുമെന്നും കമ്പനിക്ക് വലിയ തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തലെന്ന് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ ഫെമ നിയമങ്ങളും പാലിച്ചുകൊണ്ടാണ് നിക്ഷേപങ്ങൾ നടത്തുന്നതെന്നും അന്വേഷണം ശരിയായി മുൻപോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈജു രാമചന്ദ്രന്‍ ജീവനക്കാർക്ക് ഇ-മെയില്‍ സന്ദേശമയച്ചു

ഇക്വിറ്റി ഇടപാടുകളിലൂടെ ബൈജൂസ് 22 ബില്യൺ ഡോളർ സമാഹരിച്ചതായി ഈ മാസം ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പശ്ചിമേഷ്യ ആസ്ഥാനമായുള്ള രണ്ട് വൻകിട സ്വകാര്യ സ്ഥാപനങ്ങളാണ് ഇതിനു നേതൃത്വം നൽകിയതെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. എന്നാൽ, ധനസമാഹരണം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം 950 മില്യൺ ഡോളറിന്റെ ക്യാഷ് ആൻഡ് സ്റ്റോക്ക് ഡീലിലൂടെ ബൈജൂസ്‌ സ്വന്തമാക്കിയ ട്യൂട്ടോറിയൽ ശൃംഖലയായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ കീഴിൽ 950 ദശലക്ഷം ഡോളർ സമാഹരിക്കാനും കമ്പനി ശ്രമിച്ചിരുന്നു. ധനസമാഹരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രീ-ഐപിഒ റൗണ്ടാണ് ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം, ഇഡി പരിശോധനയിൽ വിവിധ രേഖകളും വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനവും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, വിശദീകരണവുമായി ബൈജൂസ്‌ സിഇഒ ബൈജു രവീന്ദ്രൻ രംഗത്തെത്തി. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന് (ഫെമ) കീഴിലുള്ള പതിവ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നതെന്നാണ് ബൈജൂസ്‌ അറിയിച്ചത്. എല്ലാ ഫെമ നിയമങ്ങളും പാലിച്ചുകൊണ്ടാണ് നിക്ഷേപങ്ങൾ നടത്തുന്നതെന്നും അന്വേഷണം ശരിയായി മുൻപോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനിയിലെ ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലും ബൈജു ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥരുമായി കമ്പനി പൂർണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

ഇഡി അന്വേഷണം ധന സമാഹരണ പദ്ധതികള്‍ക്ക് തിരിച്ചടി; ബൈജൂസിന് വലിയ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍
ബൈജൂസിനെതിരെ ഇ ഡി അന്വേഷണം; ബെംഗളൂരുവിലെ സ്ഥാപനങ്ങളില്‍ റെയ്ഡ്

2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായി റെയ്ഡിൽ കണ്ടെത്തിയതാാണ് അന്വേഷണ ഏജൻസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്. ഇതേ കാലയളവിൽ വിദേശ നിക്ഷേപത്തിന്റെ പേരിൽ കമ്പനി വിവിധ വിദേശ സ്ഥാപനങ്ങൾക്ക് 9,754 കോടി രൂപ കൈമാറിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ പരാതിയിന്മേലാണ് അന്വേഷണം.

logo
The Fourth
www.thefourthnews.in