5ജി സ്‌പെക്ട്രം; സേവനം ആരംഭിക്കാൻ തയ്യാറെടുക്കണമന്ന് കമ്പനികളോട് കേന്ദ്രം
രാജ്യത്തെ എക്കാലത്തെയും വലിയ എയര്‍ വേവ് ലേലം പൂര്‍ത്തിയായി. 5G സ്‌പെക്ട്രം അസൈന്‍മെന്റ് കത്ത് നല്‍കിയിട്ടുണ്ടെന്നും സേവനമാരംഭിക്കാൻ തയ്യാറെടുക്കാനും കമ്പനികളോട് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സ്പെക്ട്രം അലോട്ട്മെന്റോടെ അതിവേഗ 5G ടെലികോം സേവനങ്ങള്‍ പുറത്തിറക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യ. ടെലികോം വകുപ്പിന് പണമടച്ച് മണിക്കൂറുകള്‍ക്കകം തന്നെ സ്‌പെക്ട്രം വിഹിതം അനുവദിച്ച കത്ത് ലഭിച്ചതായി ഭാരതി എയർട്ടെൽ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ആദ്യമായാണ് ടെലികോം വകുപ്പിന് (DoT) മുന്‍കൂര്‍ പണമടയ്ക്കുന്ന ദിവസം തന്നെ കമ്പനികൾക്ക് സ്പെക്ട്രം അലോക്കേഷന്‍ കത്ത് ലഭിക്കുന്നത്.
എയര്‍ടെല്‍ സ്പെക്ട്രം കുടിശ്ശികയായി 8,312.4 കോടി രൂപ അടച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിയുക്ത ഫ്രീക്വന്‍സി ബാന്‍ഡുകള്‍ക്കുള്ള അലോക്കേഷന്‍ ലെറ്റര്‍ നല്‍കി. വാഗ്ദാനം ചെയ്തതുപോലെ സ്‌പെക്ട്രത്തിനൊപ്പം ഇ ബാന്‍ഡ് അലോക്കേഷനും നല്‍കി. ടെലിക്കോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡാറ്റാ നെറ്റ്വർക്ക്, വോഡഫോണ്‍ ഐഡിയ എന്നിവര്‍ ലേലത്തില്‍ വാങ്ങിയ സ്പെക്ട്രത്തിന്റെ ആദ്യ ഗഡുവായി ഏകദേശം 17,876 കോടി രൂപ ടെലികോം വകുപ്പിന് ലഭിച്ചിട്ടുണ്ട്. എല്ലാ ടെലികോം കമ്പനികളും 20 വാര്‍ഷിക ഗഡുക്കളായി പണം അടയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭാരതി എയര്‍ടെല്‍ ആദ്യ 4 വാർഷിക തവണകൾക്കുള്ള 8,312.4 കോടി രൂപാ ഒറ്റ തവണയായി അടച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ 7,864.78 കോടി രൂപയും അദാനി ഡാറ്റ നെറ്റ്വര്‍ക്കുകള്‍ 18.94 കോടി രൂപയും വോഡഫോണ്‍ ഐഡിയ 1,679.98 കോടി രൂപയും ആദ്യ ഗഡുവായി നല്‍കിയിട്ടുണ്ട്.
ടെലികോം വകുപ്പുമായുള്ള തന്റെ 30 വര്‍ഷത്തെ അനുഭവത്തില്‍, ഇത് ആദ്യമായാണ് ഇത്ര ആയാസരഹിതമായി നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇത് രാജ്യത്തെ വിപ്ലം സൃഷ്ടിക്കാൻ കഴിയുന്ന മാറ്റമാമാണെന്നും, ഒരു വികസിത രാഷ്ട്രമാകാനുള്ള സ്വപ്നങ്ങളെ ശക്തിപ്പെടുത്തുമെന്നും ഭാരതി എയർട്ടെൽ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. 3.5 GHz, 26 GHz ബാന്‍ഡുകളുടെ പാന്‍-ഇന്ത്യന്‍ ഫുട്പ്രിന്റ് നേടുകയും താഴ്ന്ന, മിഡ്-ബാന്‍ഡ് സ്‌പെക്ട്രത്തില്‍ റേഡിയോ തരംഗങ്ങള്‍ തിരഞ്ഞെടുത്ത് വാങ്ങുകയും വഴി, എയര്‍ടെല്ലിന് 19,867.8 MHz സ്‌പെക്ട്രം സ്വന്തമാക്കാന്‍ കഴിഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെലികോം സ്‌പെക്ട്രം ലേലത്തിലുടെ 1.5 ലക്ഷം കോടി രൂപയാണ് ടെലിക്കോം വകുപ്പിന് ലഭിച്ചത്. മുകേഷ് അംബാനിയുടെ ജിയോ 87,946.93 കോടി രൂപയ്ക്ക് ആകെ എയര്‍വേവിന്റെ പകുതിയോളം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തെത്തിയ എയർട്ടെൽ 43,084 കോടി രൂപയും വോഡഫോണ്‍ ഐഡിയ 18,799 കോടി രൂപയും ലേലത്തിൽ മുടക്കിയിട്ടുണ്ട്. 211.86 കോടി രൂപയ്ക്ക് 400 മെഗാഹെർട്ട്സിന്റെ ഒരു ബൻഡ് അദാനി ഡേറ്റാ ന്റ്റ്വർക്കും സ്വന്തമാക്കിയിരുന്നു. എന്നാൽ ഇത് പൊതു ആവശ്യത്തിനുള്ളതല്ല എന്നാണ് കമ്പനിയുടെ വിശദീകരണം.
ഈ സാങ്കേതികവിദ്യകള്‍ താഴെത്തട്ടില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞിരുന്നു. 'ഇത് ഇന്ത്യയുടെ സാങ്കേതിക വികസനത്തിന്റെ പതിറ്റാണ്ടാണ് ഗ്രാമങ്ങളില്‍ 5ജി, അര്‍ദ്ധചാലക നിര്‍മ്മാണം, ഓപ്പ്റ്റിക്കൽ ഫൈബർ എന്നിവ ഉപയോഗിച്ച് ഡിജിറ്റല്‍ ഇന്ത്യയിലൂടെ ഒരു വിപ്ലവം താഴെത്തട്ടില്‍ എത്തിക്കുകയാണെന്ന് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്താണ് 5G ? 3G, 4G സേവനങ്ങളില്‍ നിന്നുള്ള വത്യാസമെന്ത്?
അഞ്ചാം തലമുറ (5G) മൊബൈല്‍ നെറ്റ്വര്‍ക്കിന് സഹായത്തോടെ വളരെ വേഗത്തിലുള്ള ഡേറ്റാ കൈമാറ്റം സാധ്യമാകും. 3G, 4G എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5G-ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഡാറ്റാ വിശകലനം ചെയ്യാൻ കഴിയും. ഇത് വിവിധ മേഖലകളിൽ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താൻ സഹായിക്കും. ഘനനം, ഉത്പാദനം, ടെലിമെഡിസിന്‍, സ്റ്റോറേജ് തുടങ്ങിയ വ്യവസായങ്ങളില്‍ റിമോട്ട് ഡാറ്റ മോണിറ്ററിംഗ് മുന്നോട്ട് കൊണ്ടുപോകുന്നതിനും 5G അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. 4 ജിയേക്കാള്‍ 10 മടങ്ങ് വേഗത്തിലായിരിക്കും 5ജി സേവനങ്ങള്‍.