ക്ലോണിങ്ങിലൂടെ ഉത്പാദനക്ഷമത കൂടിയ 'സൂപ്പര്‍ പശുക്കള്‍'; പരീക്ഷണം വിജയിപ്പിച്ച് ചൈന

ക്ലോണിങ്ങിലൂടെ ഉത്പാദനക്ഷമത കൂടിയ 'സൂപ്പര്‍ പശുക്കള്‍'; പരീക്ഷണം വിജയിപ്പിച്ച് ചൈന

പുതിയ പരീക്ഷണം ഇറക്കുമതി ചെയ്ത ഇനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ
Updated on
1 min read

അത്യുത്പാദന ശേഷിയുള്ള മൂന്ന് 'സൂപ്പര്‍ പശുക്കളെ' വിജയകരമായി ക്ലോണ്‍ ചെയ്ത് ചൈനീസ് ശാസ്ത്രജ്ഞര്‍. ഇറക്കുമതി ചെയ്ത ഇനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ വേണ്ടിയാണ് ചൈനയുടെ പുതിയ പരീക്ഷണം. ഉയര്‍ന്ന അളവില്‍ പാല്‍ ഉല്പാദിപ്പിക്കാന്‍ കഴിയുന്ന പുതിയ ഇനം പശുക്കളെ ക്ലോണ്‍ ചെയ്യാന്‍ സാധിച്ചത് ചൈനയുടെ ക്ഷീര വ്യവസായത്തിന്റെ മുന്നേറ്റമായാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 23ന് നിംഗ്‌സിയ മേഖലയില്‍ പുതിയ ഇനം പശുക്കളെ വിജയകരമായി ക്ലോണ്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫോറസ്ട്രി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് പുതിയ പരീക്ഷണത്തിന് പിന്നില്‍. നെതര്‍ലാന്‍ഡില്‍ നിന്ന് ഉത്ഭവിച്ച 'ഹോള്‍സ്റ്റീന്‍ ഫ്രീസിയന്‍' ഇനത്തില്‍ നിന്നുള്ള അത്യുല്‍പാദന ശേഷിയുള്ള പശുക്കളില്‍ നിന്നാണ് ക്ലോണിങ് പൂർത്തിയാക്കിയത്. ഇവയ്ക്ക് പ്രതിവര്‍ഷം 18 ടണും ഒരു ആയുസ്സില്‍ 100 ടണ്‍ പാലും ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ ഒരു പശുവില്‍ നിന്ന് 2021ല്‍ ഉല്‍പാദിപ്പിച്ച പാലിന്റെ ഏകദേശം 1.7 മടങ്ങ് കൂടുതല്‍ പാല്‍ ഇത്തരം പശുക്കള്‍ നല്‍കാന്‍ കഴിയുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

പുതിയ ഇനം പശുക്കളെ ക്ലോണ്‍ ചെയ്യാന്‍ സാധിച്ചത് വലിയൊരു വഴിത്തിരിവാണെന്ന് ശാസ്ത്രജ്ഞർ

അത്യുല്‍പാദന ശേഷിയുള്ള പശുക്കളുടെ ചെവിയുടെ കോശങ്ങളില്‍ നിന്ന്, ക്ലോണ്‍ ചെയ്ത 120 ഭ്രൂണങ്ങള്‍ പശുക്കളില്‍ നിക്ഷേപിച്ചെന്നാണ് റിപ്പോർട്ട്. പുതിയ ഇനം പശുക്കളെ ക്ലോണ്‍ ചെയ്യാന്‍ സാധിച്ചത് വലിയൊരു വഴിത്തിരിവാണെന്ന് ശാസ്ത്രജ്ഞന്‍ ജിന്‍ യാപിംഗ് വ്യക്തമാക്കി.

ചൈനയിലെ കറവപ്പശുക്കളുടെ 70 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നവയാണെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ ഇറക്കുമതി ചെയ്ത പശുക്കളെ ആശ്രയിക്കുന്നതും വിതരണ ശൃംഖലയിലെ പ്രശ്ങ്ങള്‍ നേരിടുന്നതിനും പുത്തന്‍ നേട്ടം സഹായിക്കുമെന്നാണ് ശസ്ത്രജ്ഞര്‍ കരുതുന്നത്. ഇത്തരത്തില്‍ ആയിരത്തിലധികം സൂപ്പര്‍ പശുക്കളുടെ ഒരു കൂട്ടത്തെ നിര്‍മിക്കാന്‍ രണ്ടോ മൂന്നോ വര്‍ഷമെടുക്കുമെന്നും ജിന്‍ യാപിംഗ് കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in