പ്രകൃതിവാതക വില കുത്തനെ ഉയര്‍ത്തി കേന്ദ്രം; സിഎന്‍ജി നിരക്ക് ഉയരും

പ്രകൃതിവാതക വില കുത്തനെ ഉയര്‍ത്തി കേന്ദ്രം; സിഎന്‍ജി നിരക്ക് ഉയരും

ഒറ്റയടിക്ക് 40 ശതമാനം വര്‍ധനയാണ് പെട്രോളിയം മന്ത്രാലയം നിശ്ചയിച്ചത്
Updated on
1 min read

രാജ്യത്ത് പ്രകൃതിവാതകത്തിന്റെ വിലയില്‍ എക്കാലത്തെയും വലിയ വര്‍ധന. ആഗോളതലത്തിലെ വിലക്കയറ്റത്തിന് ആനുപാതികമായി പ്രകൃതിവാതക വിലയില്‍ ഒറ്റയടിക്ക് 40 ശതമാനം വര്‍ധനയാണ് പെട്രോളിയം മന്ത്രാലയം നിശ്ചയിച്ചത്. ഇതോടെ സിഎന്‍ജി, പൈപ്പ് വഴിയുള്ള ഗ്യാസ് എന്നിവയുടെ നിരക്ക് ഉയരും. 2019ന് ശേഷം ഇത് മൂന്നാം തവണയാണ് രാജ്യത്ത് പ്രകൃതിവാതക വില ഉയര്‍ത്തുന്നത്.

ഇതോടെ ഡല്‍ഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ സിഎന്‍ജി, പൈപ്പ്ലൈന്‍ ഗ്യാസ് എന്നിവയുടെ നിരക്ക് വര്‍ധന അനിവാര്യമായി. വൈദ്യുതി, വളം ഉല്‍പ്പാദന ചെലവും വര്‍ധിക്കും. സബ്സിഡി ലഭ്യമാകുന്നതിനാല്‍ വളം ഉത്പാദന ചെലവിലെ വര്‍ധന സാധാരണക്കാരെ നേരിട്ട് ബാധിക്കില്ല.

ഒഎന്‍ജിസിയുടേയും ഓയില്‍ ഇന്ത്യയുടേയും ഫീല്‍ഡുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഗ്യാസിന് ശനിയാഴ്ച മുതല്‍ 6.1 ഡോളറില്‍ നിന്ന് 8.57 ഡോളറായും, റിലയന്‍സ്-ബിപിആന്ധ്രയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്യാസിന്റെ വില യൂണിറ്റിന് 9.92 ഡോളറില്‍ നിന്ന് 12.46 ഡോളറായും ഉയര്‍ത്തി.

റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ അനിശ്ചിതത്വമാണ് ആഗോളതലത്തില്‍ നിരക്ക് ഉയരാനുണ്ടായ പ്രധാന കാരണം. ഗ്യാസ് ട്രാന്‍സ്പോട്ടറുകളുടെ ക്ഷാമത്തെ തുടര്‍ന്ന് വിതരണത്തിലുണ്ടായ ക്ഷാമവും തിരിച്ചടിയാണ്. പ്രകൃതി വാതക വില നിശ്ചയിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കിരിത് എസ് പരീഖ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടും വൈകുകയാണ്.

logo
The Fourth
www.thefourthnews.in