വെബ്3
വെബ്3

2023ല്‍ തരംഗമാകാന്‍ പോകുന്ന ക്രിപ്‌റ്റോ കറന്‍സികള്‍

ഉപഭോക്താക്കള്‍ക്ക് അവരുടെ ഡാറ്റയുടെമേല്‍ നിയന്ത്രണം നല്‍കാനും ഇടനിലക്കാരെ ഉപയോഗിക്കാതെ ഇടപാടുകള്‍ പ്രാപ്തമാക്കാനും ഈ സാങ്കേതിക വിദ്യക്ക് സാധിക്കും
Updated on
2 min read

വെബ്3 ക്രിപ്‌റ്റോകറന്‍സികളുടെ പുതിയ തരംഗമായിരിക്കും 2023ല്‍ ക്രിപ്‌റ്റോ ലോകം കാണുക. വികേന്ദ്രീകൃതമായ വെബ്3 എന്ന ആശയമാണ് ഈ ക്രിപ്‌റ്റോകറന്‍സികള്‍ മുന്നോട്ട് വെക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ഡാറ്റയുടെമേല്‍ നിയന്ത്രണം നല്‍കാനും ഇടനിലക്കാരെ ഉപയോഗിക്കാതെ ഇടപാടുകള്‍ പ്രാപ്തമാക്കാനും ഈ സാങ്കേതിക വിദ്യക്ക് സാധിക്കും. ഇതിനായി ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി സ്മാര്‍ട്ട് കരാറുകളുമായി സംയോജിപ്പിച്ചാണ് ഉപയോഗിക്കുന്നത്. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയില്‍ ഉള്‍പ്പെടുത്തുന്ന പ്രോഗ്രാമുകളാണ് സ്മാര്‍ട്ട് കരാറുകള്‍. ഇത് ഇടനിലക്കാരുടെ സഹായമില്ലാതെ ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കും.

ഇന്റര്‍നെറ്റിന്റെ മൂന്നാം തലമുറയെ പൊതുവായി വെബ്3 എന്ന് പറയാം. വികേന്ദ്രീകൃതമായ രീതി ഉപയോഗിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണമായ അധികാരവും നിയന്ത്രണവും ഉണ്ടായിരിക്കും. നിലവില്‍ ക്രിപ്‌റ്റോമേഖലയിലെ ശക്തമായ ബിസിനസ്സുകളെ ഇത് സാരമായി ബാധിച്ചേക്കും.

ക്രിപ്‌റ്റോകറന്‍സികളുടെ നിലവിലെ ചാഞ്ചാട്ടം വിപണിയില്‍ എപ്പോള്‍ കാര്യമായ ഇടിവ് ഉണ്ടാക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത നിലയാണ്.

2023ല്‍ പരസ്പരം ഏറ്റുമുട്ടാന്‍ പോകുന്ന വമ്പന്മാര്‍

1) ടെതര്‍ ( USDT)

ഹോങ്കോങ് ആസ്ഥാനമായുള്ള ക്രിപ്‌റ്റോ കമ്പനിയാണ് ടെതര്‍ സൃഷ്ടിച്ചത്. യുഎസ് ഡോളറിന്റെ മൂല്യം ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന സ്‌റ്റേബിള്‍ കോയിനാണ് യുഎസ്ഡിടി അഥവാ ടെതര്‍. 2014ല്‍ അവതരിപ്പിച്ച റിയല്‍ കോയിന്‍ പിന്നീട് യുഎസ്ടി ഇതര്‍ ആയും പിന്നീട് യുഎസ്ഡിടി ആയും മാറ്റുകയായിരുന്നു.

2) ഫയല്‍ കോയിന്‍ (FIL)

വെബ്3യ്ക്ക് ഫയലിംഗ് ചെയ്യാനുള്ള ഒരു ഇടമായാണ് ഫയല്‍ കോയിന്‍ പ്രവര്‍ത്തിക്കുന്നത്. ഇതൊരു വികേന്ദ്രീകൃത സ്റ്റോറേജ് നെറ്റ്‌വര്‍ക്കാണ്. എഴുത്ത്, ശബ്ദം,ചിത്രങ്ങള്‍, സിനിമ തുടങ്ങി എല്ലാതരം വിവരങ്ങളും ഫയല്‍ കോയിനില്‍ സ്‌റ്റോര്‍ ചെയ്യാന്‍ സാധിക്കും. ഒരു വരുമാന മാര്‍ഗമായും കേന്ദ്രീകൃത ക്ലൗഡ് സ്‌റ്റോറേജിന് ഒരു പകരക്കാരനായും ഫയല്‍ കോയിന്‍ ഉപയോഗിക്കാം.

3) ലൈവ്പീര്‍ (LPT)

എതേറിയം ബ്ലോക്ക്‌ചെയിന്‍ ഉപയോഗിച്ച് നിര്‍മിച്ച വീഡിയോ സ്ട്രീമിങ് നെറ്റ്‌വര്‍ക്കാണ് ലൈവ്പീര്‍. വെബ്3യിലൂടെ കുറഞ്ഞനിരക്കില്‍ നേരിട്ടുള്ള ബ്രോഡ്കാസ്റ്റിങ് - സ്ട്രീമിങ് സര്‍വീസുകള്‍ ലൈവ്പീര്‍ പ്രോട്ടോകോളിന് നല്‍കാന്‍ സാധിക്കും. തത്സമയ വീഡിയോ വിതരണം, ഉപയോക്താക്കളെ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലൈവ്പീര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യങ്ങള്‍.

4) സൊലാന (SOL)

ഏറ്റവും വേഗത്തില്‍ ഇടപാടുകള്‍ സാധ്യമാക്കുക എന്നതാണ് സൊലാന പ്രധാനമായും ലക്ഷ്യംവെക്കുന്നത്. വികേന്ദ്രീകൃത ആപ്ലിക്കേഷനുകള്‍ ഏറ്റവും എളുപ്പമാക്കുകയാണ് സൊലാന പ്രോട്ടോക്കോള്‍ ചെയ്യുന്നത്. ചെറുകിട ട്രേഡേഴ്‌സ് ആണ് സൊലാനയില്‍ കൂടുതലായി ആകൃഷ്ടരാവുന്നത്.

5) ഓഷിയന്‍ പ്രോട്ടോക്കോള്‍ (OCEAN)

ഒരു വെബ്3 ടോക്കണില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സാധ്യതയാണ് ഓഷിയന്‍ പ്രോട്ടോക്കോള്‍. വെബ്3 ആപ്പുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന നിരവധി ടൂളുകള്‍ ഈ പ്രോട്ടോക്കോളില്‍ ലഭ്യമാണ്.

6) സെഡ് കാഷ് (Zcash -ZEC)

സ്വകാര്യതയുള്ള ആദ്യകാല ക്രിപ്‌റ്റോകറന്‍സികളില്‍ ഒന്നാണ് സെഡ് കാഷ്. സ്വകാര്യത സൂക്ഷിക്കുന്നുണ്ടെന്നുള്ളതാണ് ബിറ്റ്‌കോയിനില്‍ നിന്നും ഇതിനുള്ള വ്യത്യാസം.

7) കഡേന (KDA)

ബ്രയിഡഡ് ചെയിന്‍ ഉപയോഗിച്ചുള്ള ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയാണ് കഡേനയില്‍ ഉപയോഗിക്കുന്നത്. ഒരു സെക്കന്‍ഡില്‍ 4.8 ലക്ഷം ഇടപാടുകള്‍ സാധ്യമാണെന്നതാണ് പ്രത്യകത. ബിറ്റ്‌കോയിനില്‍ ഇല്ലാത്ത സ്മാര്‍ട്ട് കരാറുകള്‍ കഡേനയില്‍ ഉപയോഗിക്കുന്നുണ്ട്.

8) ബിറ്റ്‌ടൊറന്റ് (BTT)

ലോകത്തിലെ ആദ്യത്തെ ടൊറന്റ് ട്രാക്കറും ഏറ്റവും ഫലപ്രദമായ പിയര്‍-ടു-പിയര്‍ നെറ്റ്‌വര്‍ക്കുമാണ് ബിറ്റ്‌ടൊറന്റ്. വലിയ ഫയലുകള്‍ ചെറിയ ഭാഗങ്ങളായി വിഭജിച്ച് ഇന്റര്‍നെറ്റിലൂടെ അയക്കാന്‍ ടൊറന്റ് പ്രോട്ടോക്കോളില്‍ സാധിക്കും. സ്വീകര്‍ത്താവിന്റ കമ്പ്യൂട്ടറില്‍ അവ സംയോജിക്കുന്നു.

9) ഫ്‌ളക്‌സ് (FLUX)

ഫ്‌ളക്‌സിന്റെ സഹായത്തോടെ വികേന്ദ്രീകൃത പ്രോജക്ടുകളും വെബ്3 ആപ്പുകളും നിര്‍മിക്കാനും അവയെ വ്യത്യസ്ത നെറ്റുവര്‍ക്കുകളിലേക്ക് വിന്യസിക്കാനും സാധിക്കും.

10) പോള്‍ക്കഡോട്ട് (DOT)

പോള്‍ക്കഡോട്ട് നെറ്റ്‌വര്‍ക്കിനെ ഈതറുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കും വേഗതയുമുണ്ട്. അതിനാല്‍ പോള്‍ക്കഡോട്ട് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു. വിപണിയില്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പോള്‍ക്കഡോട്ടിനെ മാര്‍ക്കറ്റ് ലീഡറായി കണക്കാക്കാം.

logo
The Fourth
www.thefourthnews.in