ബാങ്ക് ജീവനക്കാരുടെ ക്ഷേമബത്ത 15.97% വര്‍ധിപ്പിച്ചു; നവംബര്‍ മുതല്‍ 17% ശമ്പള വര്‍ധന

ബാങ്ക് ജീവനക്കാരുടെ ക്ഷേമബത്ത 15.97% വര്‍ധിപ്പിച്ചു; നവംബര്‍ മുതല്‍ 17% ശമ്പള വര്‍ധന

മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ ക്ഷേമബത്തയിലാണ് വര്‍ധന പ്രഖ്യാപിച്ചത്‌
Updated on
1 min read

ബാങ്ക് ജീവനക്കാരുടെ ക്ഷേമബത്തയ്ക്ക് വര്‍ധന. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ 15. 97 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ''മാര്‍ച്ച് എട്ടിന് ചേര്‍ന്ന 12ാമത് ഉഭയകക്ഷി ചര്‍ച്ചകളിലെ തീരുമാനപ്രകാരം ബാങ്ക്‌ തൊഴിലാളികളുടെയും ഓഫീസ് ജീവനക്കാരുടെയും മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ ക്ഷേമബത്ത നിരക്ക് ശമ്പളത്തിന്റെ 15.97 ശതമാനമായിരിക്കും,'' ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഇതിനു പുറമേ ഈ വര്‍ഷം ബാങ്ക് ജീവനക്കാരുടെ വാര്‍ഷിക ശമ്പളത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു. നവംബര്‍ മുതലായിരിക്കും ഇതു പ്രാബല്യത്തില്‍ വരിക. നേരത്തെ ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് തമ്മില്‍ നടന്ന ചര്‍ച്ചയില്‍ വാര്‍ഷിക ശമ്പളത്തില്‍ 17 ശതമാനം വര്‍ധനയ്ക്ക് തീരുമാനമായിരുന്നു.

രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ഇതിനായി 8,284 കോടി രൂപ മാറ്റുവയ്ക്കാനും തീരുമാനിച്ചിരുന്നു. എട്ടു ലക്ഷത്തിനുമേല്‍ ബാങ്ക് ജീവനക്കാര്‍ക്കാണ് ഈ വര്‍ധനയുടെ പ്രയോജനം ലഭിക്കുക. അതേസമയം ബാങ്ക് ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യമായ പ്രതിവാര അഞ്ച് പ്രവൃത്തി ദിനം എന്ന ആവശ്യത്തില്‍ ഇത്തവണയും അന്തിമ തീരുമാനമായിട്ടില്ല.

എന്നാല്‍ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ഈ ആവശ്യം അംഗീകരിക്കുമ്പോള്‍ ബാങ്കിന്റെ പ്രവൃത്തി സമയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ആലോചിച്ചു വരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മറ്റു സര്‍ക്കാര്‍ അവധികള്‍ക്കു പുറമേ ശനി-ഞായര്‍ ദിനങ്ങള്‍ എല്ലാം അവധിയായി പ്രഖ്യാപിക്കുമ്പോള്‍ മറ്റു ദിവസങ്ങളിലെ ബാങ്കിന്റെ പ്രവൃത്തി സമയത്തിലും അതനുസരിച്ചുള്ള മാറ്റം വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വരുന്ന മുറയ്ക്ക് തീരുമാനമുണ്ടാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in