എതിരാളികള്‍ മിത്രങ്ങളായി; ഇനി ക്രിക്കറ്റ് സംപ്രേഷണ അവകാശത്തില്‍ ഒരേയൊരു രാജാവ്, ഡിസ്നി റിലയന്‍സിന് കൈ കൊടുക്കുമ്പോള്‍
ആന്റിന ചലിപ്പിച്ച് സിഗ്നല്‍ കൃത്യമാക്കി ടെലിവിഷനില്‍ ആസ്വദിച്ചിരുന്ന ക്രിക്കറ്റിപ്പോള്‍ അഞ്ചിഞ്ചുള്ള മൊബൈല്‍ സ്ക്രീനിലേക്ക് ചുരുങ്ങിയിരിക്കുന്നു. ലൈവ് സ്ട്രീമിങ്ങിന്റെ സാധ്യതകള്‍ തെളിഞ്ഞ നാള്‍ മുതല്‍ നടക്കുന്ന ഒരു യുദ്ധമുണ്ട്, വാള്‍ട്ട് ഡിസ്‌നിയുടെ സ്റ്റാര്‍ ഇന്ത്യയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിയാ കോം 18-ഉം തമ്മില്‍. സ്റ്റാർ ഇന്ത്യയുടെ കീഴിലുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും, റിലയന്‍സിന്റെ ജിയോ സിനിമയുമാണ് സ്ട്രീമിങ് അവകാശത്തിനായി പോരടിച്ചിരുന്നത്. ദീർഘകാലം ക്രിക്കറ്റിന്റെ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യയുടെ കൈവശമായിരുന്നെങ്കില്‍ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അത് വിയാ കോം 18ന്റെ ആധിപത്യത്തിന് കീഴിലാണ്.
എന്നാല്‍ സ്റ്റാര്‍ ഇന്ത്യയുമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൈകോർക്കുന്നതിലൂടെ വീണ്ടും ക്രിക്കറ്റ് മേഖലയിലേക്കുള്ള കടന്നുവരവ് സാധ്യമാക്കുകയാണ് വാള്‍ട്ട് ഡിസ്‌നി. പുതിയ സംരംഭം ആരംഭിക്കാന്‍ 70,352 കോടി രൂപയുടെ കരാറിലാണ് ഇരുകമ്പനികളും ഒപ്പുവെച്ചിരിക്കുന്നത്. 11,500 കോടി രൂപയാണ് റിലയന്‍സ് പുതിയ സംരംഭത്തില്‍ നിക്ഷേപിക്കുന്നത്. പുതിയ സംരംഭത്തില്‍ റിലയന്‍സിന് 16.34 ശതമാനം ഓഹരിയുണ്ടാകും. 46.32 ശതമാനമാണ് വാള്‍ട്ട് ഡിസ്‌നിയുടെ നിക്ഷേപം. ഇതോടെ മേഖലയിലെ മത്സരം അവസാനിക്കുക മാത്രമല്ല പൂർണമായും പുതിയ സംരംഭത്തിന്റെ അധീനതയിലേക്ക് സംപ്രേഷണം ചുരുങ്ങും.
ആ പോര് തുടങ്ങിയത് ഇങ്ങനെ
2019ല്‍ ഡിസ്നി ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ സംപ്രേഷണ-ലൈവ് സ്ട്രീമിങ് അവകാശം പൂർണമായും സ്വന്തമാക്കിയിരുന്നു. ഹോട്ട്സ്റ്റാറിലൂടെയും സ്റ്റാർ ടിവി ചാനലുകളിലൂടെയുമായിരുന്നു അന്ന് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ഐപിഎല്‍ ആസ്വദിച്ചത്. പക്ഷേ, 2020ല്‍ ഹോട്ട്സ്റ്റാറിലെ സ്ട്രീമിങ് പെയ്‌ഡ് സർവീസാക്കി മാറ്റി. പണം കൊടുത്താല്‍ മാത്രമെ ഐപിഎല്‍ കാണാനാകു എന്ന സ്ഥിതിയായി.
പക്ഷേ, 2022ല്‍ 2.6 ബില്യണ്‍ യുഎസ് ഡോളറിന് ഐപിഎല്ലിന്റെ സ്ട്രീമിങ് അവകാശം റിലയന്‍സ് സ്വന്തമാക്കി. ജിയോ സിനിമയിലൂടെ സൗജന്യമായി സ്ട്രീമിങ്ങും നടത്തി. ഇതോടെ ഡിസ്നിയുടെ പ്ലാറ്റ്ഫോമിലെ ഉപയോക്താക്കള്‍ ജിയോ സിനിമയിലേക്ക് ചുവടുമാറ്റുകയും ചെയ്തു. 46 ലക്ഷം ഉപയോക്താക്കളെയാണ് റിലയന്‍സിന്റെ ഒരു നീക്കത്തില്‍ ഡിസ്നിക്ക് കഴിഞ്ഞ വർഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ മാത്രം നഷ്ടമായത്.
കളം തിരിച്ചുപിടിക്കാന്‍ ഡിസ്നി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൈകോർക്കുന്നതിലൂടെ നഷ്ടമായ ഉപയോക്താക്കളെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഡിസ്നി. 2022ല്‍ സ്ട്രീമിങ് അവകാശം നഷ്ടമായതുമുതല്‍ തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമങ്ങളായിരുന്നു ഡിസ്നി നടത്തിയതെന്ന് മേഖലയിലെ തേർഡ് ബ്രിഡ്ജിലെ സീനിയർ അനലിസ്റ്റായ ജാമി ലുംലി സിഎന്‍ബിസിയോട് പ്രതികരിക്കവെ പറഞ്ഞു. പുതിയ നീക്കത്തിലൂടെ മേഖലയിലെ മത്സര സമ്മർദം കുറയ്ക്കാനും ഉള്ളടക്കത്തിന്റെയും ചെലവിന്റെയും കാര്യത്തില്‍ ഭാരം പങ്കിടാനും ഡിസ്നിക്ക് കഴിയുമെന്നും ജാമി പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്മാറുന്നതിന് പകരം കൂടുതല്‍ സാധ്യതകള്‍ തേടുന്നതും കൂടിയാണ് പുതിയ നീക്കം.
2024 അവസാനത്തോടെ സ്ട്രീമിങ്ങില്‍ ഡിസ്നി ലാഭത്തിലേക്ക് വരുമെന്ന് പ്രവചനം നടത്തിയിരുന്നു ആല്‍ബിയോണ്‍ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറായ ജേസണ്‍ വെയർ. ഡിസ്നിയുടെ കണക്കുകൂട്ടലുകള്‍ കൃത്യമായാണ് മുന്നോട്ട് പോകുന്നതെന്നും സാമ്പത്തിക വർഷത്തിന്റെ മൂന്നാം ക്വാർട്ടറില്‍ തന്നെ അവർ ലാഭം കൈവരിക്കാനുള്ള സാധ്യതയുണ്ടെന്നും ജേസണ്‍ പറയുന്നു. ഇന്ത്യയില്‍ സബ്സ്ക്രൈബർമാരെ നഷ്ടമായതോടെ 5.5 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ചെലവ് ചുരുക്കലാണ് കമ്പനി നടത്തിയത്. ഇതിനുപുറമെ ആഗോള തലത്തില്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.