ഭക്ഷ്യോത്പന്ന സബ്‌സിഡിയില്‍ ഇന്ത്യക്കെതിരെ അമേരിക്ക
ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭക്ഷ്യോത്പാദന രംഗത്ത് ഇന്ത്യക്കെതിരെ അമേരിക്കൻ നീക്കം. നിയമം പാലിക്കാതെ ഇന്ത്യ കര്‍ഷകര്‍ക്ക് ഉയര്‍ന്ന മിനിമം താങ്ങുവിലയും സബ്‌സിഡിയും നല്‍കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. ഈ മേഖലയില്‍ ലാഭം പ്രതീക്ഷിക്കുന്ന അമേരിക്കന്‍ അഗ്രി ബിസിനസ് കമ്പനികളാണ് ഇന്ത്യക്കെതിരായ നീക്കത്തിന് പിന്നില്‍. അമേരിക്കന്‍ കോണ്‍ഗ്രസിലെ ഏതാനും അംഗങ്ങള്‍ ചേര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇക്കാര്യങ്ങൾ വ്യക്തമാക്കി കത്തയച്ചു. നിയമം പാലിക്കാത്തതിൽ ഇന്ത്യയില്‍ നിന്ന് മറുപടി തേടേണ്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. യുഎസ് അഗ്രി ബിസിനസ് വക്താക്കളായ കോണ്‍ഗ്രസ് അംഗങ്ങളാണ് ഇന്ത്യക്കെതിരായ ക്യാംപയിനിംഗിന് പിന്നില്‍.
എന്താണ് ഇന്ത്യക്കെതിരായ ആരോപണം?
അരി, ഗോതമ്പ് ഉത്പാദകര്‍ക്ക് ഇന്ത്യ നല്‍കുന്ന സബ്‌സിഡി ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ആരോപണം. എഗ്രിമെന്റ് ഓണ്‍ അഗ്രികള്‍ച്ചര്‍ (AoA) പ്രകാരം ഏതൊരു കൃഷിക്കും അതിന്റെ ഉത്പാദനമൂല്യത്തിന്റെ 10 ശതമാനത്തിലധികം സബ്‌സിഡി അനുവദനീയമല്ല. ഉത്പാദനമൂല്യത്തിന്റെ പകുതിയിലേറെ സബ്‌സിഡി അരിക്കും ഗോതമ്പിനും ഇന്ത്യ വര്‍ഷങ്ങളായി നല്‍കുന്നുവെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയുടെ നടപടി ആഗോളതലത്തില്‍ അരിയുടേയും ഗോതമ്പിന്റേയും വിലയിടിവിലേക്ക് പോലും കാര്യങ്ങളെത്തിച്ചെന്നും പരാതി ഉന്നയിക്കുന്നവര്‍ വിശദീകരിക്കുന്നു. ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ ലംഘിച്ചതിനും ന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ക്ക് തുരങ്കം വച്ചതിനും ഇന്ത്യക്കെതിരെ നിയമടനടപടി വേണമെന്നാണ് കത്തയച്ച കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം.
ഇതാദ്യമായല്ല ഇന്ത്യയുടെ കാര്‍ഷിക സബ്‌സിഡിയും താങ്ങുവിലയും ആഗോളതലത്തില്‍ പരിശോധനയ്ക്ക് വിധേയമാകുന്നത്. 2018ല്‍ ഇന്ത്യ അരിക്കും ഗോതമ്പിനും പരുത്തിക്കും നല്‍കുന്ന മിനിമം താങ്ങുവിലയുടെ നിയമസാധുത അമേരിക്ക ചോദ്യം ചെയ്തിരുന്നു. ഇതേ വിഷയം ചൂണ്ടിക്കാട്ടി ആസ്‌ട്രേലിയയും അന്ന് ഇന്ത്യക്കെതിരെ രംഗത്ത് വന്നു.
ലോകവ്യാപാര സംഘടന സബ്‌സിഡി കണക്കാക്കുന്നത് എങ്ങനെ?
ലോകവ്യാപാര സംഘടന കാര്‍ഷിക കരാര്‍ പ്രകാരം മിനിമം താങ്ങുവില അടിസ്ഥാനമാക്കിയാണ് സബ്‌സിഡി കണക്കാക്കുന്നത്. ഒരു വര്‍ഷത്തില്‍ പ്രഖ്യാപിക്കുന്ന മിനിമം താങ്ങുവിലയും 1986-88 മുതല്‍ നിലവിലുള്ള ശരാശരി അന്താരാഷ്ട്ര വിലയുമായി താരതമ്യം ചെയ്താണ് സബ്‌സിഡി കണക്കാക്കുന്നത് . 1986-88ലെ ശരാശരി അന്താരാഷ്ട്ര വിലയെ മത്സരാധിഷ്ഠിത വിപണിയില്‍ നിഷ്പക്ഷവും സുസ്ഥിരവുമായ വിലയായാണ് ലോകവ്യാപാര സംഘടന പരിഗണിക്കുന്നത്. ഇത്തരത്തില്‍ ഉത്പാദനമൂല്യത്തിന്റെ 10 ശതമാനത്തിന് മുകളില്‍ വരുന്ന ഏതൊരു സബ്‌സിഡിയും ലോകവ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണ്.
2010-11 മുതല്‍ 2013-14 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ താങ്ങുവില അനുവദനീയമായ ഉത്പാദനമൂല്യത്തിന്റെ 10 ശതമാനം എന്ന പരിധി പിന്നിട്ട് 70 ശതമാനം വരെ എത്തിയെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ഗോതമ്പിന്റേത് 60 ശതമാനത്തിന് മുകളിലായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യ ലോകവ്യാപാര സംഘടനയെ അറിയിച്ചതു പ്രകാരം ഇക്കാലയളവില്‍ അരിക്കും ഗോതമ്പിനും നല്‍കിയ സബ്‌സിഡി 10 ശതമാനം എന്ന പരിധി കടന്നിട്ടില്ല. അരിയുടെ താങ്ങുവില 7 ശതമാനവും ഗോതമ്പിന്റേത് നെഗറ്റീവിലും ആയിരുന്നെന്ന് ഇന്ത്യ കണക്കുകള്‍ നല്‍കി.
എന്താണ് യഥാര്‍ഥ സാഹചര്യം?
ഇന്ത്യക്കെതിരായ കണക്കുകളും ഇന്ത്യ സമര്‍പ്പിച്ച കണക്കുകളും തമ്മിലുള്ള വൈരുദ്ധ്യം രണ്ട് കറന്‍സികളില്‍ മൂല്യം കണക്കാക്കിയതാണെന്ന് ഈരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സബ്‌സിഡി ഡോളറിലാണ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സബ്‌സിഡി കണക്കുകള്‍ ഇന്ത്യ രൂപയില്‍ തന്നെ അവതരിപ്പിക്കണമെന്നാണ് യുഎസ് നിലപാട്. താങ്ങുവില കണക്കുകളും സബ്‌സിഡിയും റിപ്പോര്‍ട്ട് ചെയ്യേണ്ടത് അംഗങ്ങളുടെ അംഗീകൃത കറന്‍സിയിലാകണമെന്ന് ലോകവ്യാപാര സംഘടന നിഷ്‌കര്‍ച്ചിട്ടില്ല എന്നിരിക്കെയാണ് യുഎസ് നിലപാടെന്നതാണ് ശ്രദ്ധേയം.
ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ലോകവ്യാപാര സംഘടനയുടെ സബ്‌സിഡി നിര്‍ണയരീതികള്‍ പലപ്പോഴും അനുകൂലമാകാറില്ല
പോരായ്മകള്‍ എവിടെയൊക്കെ?
ലോകവ്യാപാര സംഘടനയുടെ താങ്ങുവില നിര്‍ണയരീതികള്‍ കാലാനുസൃതമായി മാറ്റാത്തതാണ് പ്രധാന പോരായ്മയായി കാര്‍ഷിക- സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 1980കളില്‍ അന്താരാഷ്ട്ര വിപണിയില്‍ മിക്ക ഉത്പന്നങ്ങളുടേയും കയറ്റുമതി ആധിപത്യം യുഎസിനും യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്കുമായിരുന്നു. മത്സരാധിഷ്ഠിതമല്ലാതെ ഏകാധിപത്യമായ വിപണി വാഴ്ചയായിരുന്നു അത്. അമേരിക്കയായാലും യൂറോപ്യന്‍ രാജ്യങ്ങളായാലും കാര്‍ഷിക സബ്‌സിഡികളിലൂടെ ആഗോളവിപണിയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി. എന്നാല്‍ ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ലോകവ്യാപാര സംഘടനയുടെ സബ്‌സിഡി നിര്‍ണയരീതികള്‍ പലപ്പോഴും അനുകൂലമാകാറില്ല. വികസ്വര രാജ്യങ്ങളിലെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിതിന് പ്രധാന കാരണം.
1994-ല്‍ ലോകവ്യാപാര സംഘടന അംഗങ്ങളുടെ മന്ത്രിതല സമ്മേളനത്തില്‍ ഭാവിയില്‍ കാര്‍ഷിക കരാര്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഇന്ത്യന്‍ പ്രതിനിധിയായിരുന്ന പ്രണബ് മുഖര്‍ജി വാദിച്ചിരുന്നു. വികസ്വര രാജ്യങ്ങളുടെ വികസന പദ്ധതികളേയും സാമൂഹ്യ ലക്ഷ്യങ്ങളേയും ബാധിക്കാത്ത വിധമാകണം ഇതെന്നും പ്രണബ് മുഖര്‍ജി നിര്‍ദേശിച്ചു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന നയമാകും ഇന്ത്യ പിന്തുടരുകയെന്നും അദ്ദേഹം അന്ന് നിലപാടെടുത്തു.
അമേരിക്ക നിര്‍ദേശിക്കുന്ന പ്രകാരം, സബ്‌സിഡി രൂപയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍, 10% പരിധി ലംഘിച്ചതിന്റെ പേരില്‍ മിനിമം താങ്ങുവില വര്‍ധിപ്പിക്കല്‍ ഇന്ത്യക്ക് ഒരിക്കലും സാധ്യമാകില്ലായിരുന്നു. അമേരിക്കന്‍ ആരോപണങ്ങളിന്മേല്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍, രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തി ലോകവ്യാപാര സംഘടനയ്ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.