അംബാനി കല്യാണത്തിലെ കോടികളുടെ സമ്മാനങ്ങൾ; പക്ഷെ നികുതി അടയ്‌ക്കേണ്ട, കാരണം അറിയാമോ ?
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും - രാധിക മർച്ചന്റിന്റെയും വിവാഹമാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. 5000 കോടി രൂപയോളമാണ് കല്യാണത്തിനായി ചിലവാക്കുന്നത്.
വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ പലരും കോടികളുടെ സമ്മാനങ്ങളാണ് അംബാനി കുടുംബത്തിലെ നവദമ്പതികൾക്ക് നൽകുന്നത്. ഇന്ത്യയിലെ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് ലഭിക്കുന്ന 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ഏതൊരു സമ്മാനത്തിനും 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന പേരിൽ നികുതി ചുമത്തപ്പെടും.
അപ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്. അംബാനി കുടുംബത്തിലെ ഈ കല്യാണത്തിലെ ഈ സമ്മാനങ്ങൾക്ക് നികുതി അടക്കേണ്ടി വരില്ലെയെന്ന ചോദ്യം. പക്ഷെ അതിൽ ഒരു ട്വിസ്റ്റുണ്ട്. അംബാനി കുടുംബത്തിലെ കല്യാണത്തിന് കോടികളുടെ സമ്മാനങ്ങൾ വധു വരൻമാർക്ക് ലഭിച്ചാലും നികുതി അടക്കേണ്ടതില്ല എന്നതാണ് സത്യം. സമ്മാനം കൊടുക്കുന്നത് അംബാനി കുടുംബം ആയത് കൊണ്ടൊന്നുമല്ല അത്. ഇന്ത്യയിലെ നികുതി നിയമം അങ്ങനെയാണ്.
1961-ലെ ആദായ നികുതി നിയമമാണ് ഇന്ത്യയിയെ നികുതികൾ നിശ്ചയിക്കുന്നത്. എന്നാൽ 1958 ലെ ഗിഫ്റ്റ് ടാക്‌സ് ആക്ട് വഴി സമ്മാനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിരുന്നു. ഇത് പ്രകാരം സമ്മാനങ്ങൾ നൽകുന്ന വ്യക്തി സർക്കാരിലേക്ക് നികുതി നൽകേണ്ടിയിരുന്നു. എന്നാൽ 1998 ലെ ധനകാര്യ നിയമത്തിലൂടെ സമ്മാന നികുതി പിൻവലിച്ചു.
പിന്നീട് 2004 ഏപ്രിലിൽ വന്ന ഫിനാൻസ് ആക്ടിലൂടെ ആദായനികുതി നിയമത്തിൽ സമ്മാനങ്ങൾക്കുള്ള നികുതി ഒരു പുതിയ രൂപത്തിൽ പുനരാരംഭിച്ചു. ഇതിലൂടെ സമ്മാനങ്ങൾ ലഭിക്കുന്ന വ്യക്തി സർക്കാരിലേക്ക് നികുതി അടക്കണം.
എന്നാൽ വിവാഹ സമയത്ത് ഒരു വ്യക്തിക്ക് ലഭിക്കുന്ന സമ്മാനങ്ങൾക്ക് ഇന്ത്യയിൽ നികുതി അടക്കേണ്ടതില്ല. സ്വത്ത്, വീട്, കാർ, പണം, ആഭരണങ്ങൾ എന്നിങ്ങനെ ഏതെങ്കിലും രൂപത്തിൽ വിവാഹ അവസരത്തിൽ ലഭിക്കുന്ന ഏതൊരു സമ്മാനവും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നികുതി ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുന്ന വിവാഹ സമ്മാനങ്ങളുടെ തുകയ്ക്ക് പരിധിയില്ല.
അതേസമയം വിവാഹ സമ്മാനങ്ങളുടെ വെളിപ്പെടുത്തൽ ഷെഡ്യൂൾ എക്സെംപ്റ്റ് ഇൻകം പ്രകാരം ഐടിആറിൽ ഫയൽ ചെയ്യണം. അതേസമയം ഒരു വ്യക്തിയിൽ നിന്ന് രണ്ട് ലക്ഷം രൂപയിൽ കൂടുതൽ തുക വിവാഹസമ്മാനമായി വാങ്ങിയാൽ 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്ടി പ്രകാരം കേസ് എടുക്കാൻ സാധിക്കും. ഇതിൽ പ്രകാരം അധികമായി ലഭിക്കുന്ന തുകയുടെ 100 ശതമാനം വരെ പിഴ തുകയായി അടയ്‌ക്കേണ്ടി വരും.
എന്നാൽ വിവാഹ സമയത്ത് വധു വരൻമാർക്ക് ലഭിക്കുന്ന സമ്മാനങ്ങൾക്ക് മാത്രമാണ് ഈ ഇളവുകൾ നിയമപ്രകാരം ലഭിക്കുക. ഇതിന് പുറമെ ബന്ധുക്കളല്ലാത്തവർ അമിതമായി സമ്മാനം നൽകുന്നത് ആദായ നികുതി വകുപ്പിന് വേണമെങ്കിൽ പരിശോധിക്കാവുന്നതുമാണ്. ഇതുകൂടാതെ വിവാഹത്തിന് വന്നവർക്ക് വധു വരൻമാർ സമ്മാനമായി അമ്പതിനായിരം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സമ്മാനങ്ങൾ നൽകുകയാണെങ്കിൽ അതും നികുതി പരിധിയിൽ വരും.
അംബാനി കുടുംബത്തിൽ കല്ല്യാണത്തിന് വന്ന തന്റെ സുഹൃത്തുക്കൾക്ക് അനന്ത് അംബാനി 2 കോടി രൂപ മൂല്യമുള്ള വാച്ച് സമ്മാനമായി നൽകിയിരുന്നു. നിയമ പ്രകാരം ഈ സമ്മാനങ്ങൾക്ക് സുഹൃത്തുക്കൾ നികുതി അടക്കേണ്ടതുണ്ട്.